പാലക്കാട്: “ഈ ഓണം പുതിയൊരു മേഖല തുറന്നുതന്നു. രചനയുടെയും സംഗീതസംവിധാനത്തിന്റെയും. മിക്കപേർക്കും ഓണം അമ്മയുടെ സ്നേഹവും രുചിയുമാണ്. ആദ്യമായി ഒരു പാട്ടിന് വരിയെഴുതാനും ഈണമിടാനും അവസരമുണ്ടായപ്പോൾ അത് എല്ലാ അമ്മമാർക്കുമുള്ള സ്നേഹാഞ്ജലിയായി. ഓണക്കാലത്തൊക്കെ ചാനലുകളിൽ ധാരാളം പാടിയിട്ടുണ്ട്. സ്വന്തം സംഗീതസംവിധാനത്തിലുള്ള പാട്ട് ആദ്യമായിട്ടാണ്”.

മലയാളസിനിമയിലെ ഗായകരുടെ കൂട്ടായ്മയായ ‘സമ’ത്തിന്റെ (സിങ്ങേഴ്സ് അസോസിയേഷൻ മലയാളം മൂവീസ്) ഓണപ്പരിപാടിയുടെ ഭാഗമായാണ് പിന്നണിഗായികയായ മഞ്ജുമേനോൻ സംഗീതസംവിധാനം നിർവഹിച്ചത്. മധുവന്തിരാഗം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ‘എന്റെ ഓർമയിൽ പൂവിടുന്നോണം, ബാല്യസ്മൃതികൾ തൻ പൊൻപൂക്കൾ കൊണ്ടു ഞാൻ’ എന്ന ഗാനം ഫേസ്ബുക്കിൽ ‘സമം’ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അനുമോദനങ്ങളുമായി പ്രശസ്ത ഗായകരായ കെ.എസ്. ചിത്രയും ലതികയും ജെൻസിയും കല്ലറ ഗോപനും ചിറ്റൂർ കോളേജിൽ സീനിയറായിരുന്ന ഗായകനും നടനുമായ കൃഷ്ണചന്ദ്രനുമൊക്കെ വിളിച്ചപ്പോൾ മഞ്ജുവിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

ഒമ്പതുവർഷമായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംഗീതവിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയാണ് മഞ്ജു. ഒപ്പം പി.എച്ച്ഡി.ക്കും തയ്യാറെടുക്കുന്നു. ചിറ്റൂർ ഗവ. കോളേജിലാണ് സംഗീതത്തിൽ ബിരുദവും ഉപരിപഠനവും നടത്തിയത്. പതിനേഴാം വയസ്സിൽ പിന്നണിഗായികയായി. തുടക്കം ഗാനഗന്ധർവനോടൊപ്പം.

യേശുദാസിന്റെ കൂടെ ‘സോപാനം’ എന്ന സിനിമയ്ക്കുവേണ്ടി താരനൂപുരം ചാർത്തി എന്ന യുഗ്മഗാനം പാടിയതോടെ മഞ്ജു ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ‘ദേശാടന’ത്തിൽ കളിവീടുറങ്ങിയല്ലോ, നാവാമുകുന്ദഹരേ എന്നീ ഗാനങ്ങളും ‘ആറാം തമ്പുരാനി’ൽ സന്തതം സുമശരൻ എന്നീ ഗാനങ്ങളും മഞ്ജുവിന്റെ സ്വരത്തിൽ മലയാളികൾ കേട്ടു. അസുരവംശം, കിസാൻ, കൊട്ടേഷൻ തുടങ്ങിയ സിനിമകളിലും പാടി. നിരവധി കാസറ്റുകളിലും ആൽബങ്ങളിലും മഞ്ജു പാടി. ഭർത്താവ് പുതുപ്പരിയാരം അല്ലത്ത് മുരളീധരനും മകൾ ഭദ്രയും ഗായകരാണ്.

ഇപ്പോൾ കുടുംബമൊത്ത് എറണാകുളത്താണ് താമസം. “സംഗീതസംവിധാനം വിജയമായതോടെ ആ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം.

ഭർത്താവുമൊത്ത് യു ട്യൂബിൽ മ്യൂസിക് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്” -മഞ്ജു പറഞ്ഞു.

ഒരുപാടിഷ്ടപ്പെട്ടു- കെ.എസ്. ചിത്ര

മഞ്‍ജുവിന്റെ ഓണപ്പാട്ട് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. ​ഗായിക എന്ന രീതിയിൽ കഴിവു തെളിയിച്ച മഞ്ജുവിന് സം​ഗീത സംവിധായിക, ​ഗാനരചയിതാവ് എന്നീ നിലകളിലും നല്ലഭാവി കാണുന്നു

ഏറ്റവും മികച്ച പാട്ട്-കൃഷ്ണചന്ദ്രൻ

സമത്തിന്റെ പരിപാടിയിൽ ഏറ്റവും മികച്ച പാട്ടുകളിലൊന്ന് മഞ്ജുവിന്റേതാണ്. സം​ഗീതത്തിന്റെ പുതിയ മേഖലകളിലേക്കുള്ള കാൽവെപ്പ് ഉചിതമായി. വളരെ നല്ല തുടക്കം.

Content Highlights: manju menon onam song for samam onam celebration Onam 2020