ഷ്ടപ്പെട്ട ബാല്യങ്ങളെല്ലാം തിരിച്ചുപിടിക്കുന്നത് ഇപ്പോഴാണ്. ആഘോഷങ്ങളുടെ മാറ്റുകൂടിയത് കമ്മ്യൂണിറ്റിക്കൊപ്പം വന്നതിനുശേഷമാണ്. മക്കൾക്കൊപ്പം അവരുടെ അമ്മയായി പൂർണ സംതൃപ്തയായാണ് ഇന്നു ജീവിക്കുന്നത്- പറയുന്നത് പ്രശസ്ത സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ ആണ്. കുട്ടിക്കാലത്തെ ഓണം ഓർമകളെക്കുറിച്ചും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ കരുതലും ചേർത്തുനിർത്തലുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് രഞ്ജു.

കുട്ടിക്കാലത്തെ ഓണം ഇങ്ങനെയൊക്കെ...

കുട്ടിക്കാലത്തെ ഓണം ഓർമകളാണ് മനസ്സിൽ എപ്പോഴുമുള്ളത്. അടുത്ത വീടുകളിലും ബന്ധുവീടുകളിലുമൊക്കെയായി ഓടി നടക്കുന്ന സ്വഭാവമായിരുന്നു എനിക്ക്. ഉച്ചയ്ക്ക് ഊൺ കഴിക്കാൻ വീട്ടിലുണ്ടാവില്ല. ഒരു വീട്ടിൽ നിന്ന് തോരൻ, അടുത്ത വീട്ടിൽ നിന്ന് പപ്പടം, മറ്റൊരു വീട്ടിൽ നിന്ന് പായസം അങ്ങനെയൊക്കെയാണ് ഓണസദ്യ. പിന്നെ ഊഞ്ഞാൽ ഓർമ. രണ്ടു മരങ്ങളിൽ വടം കെട്ടി ആ വടത്തിനു നടുവിലായി അരിയിടിക്കുന്ന ഉലക്ക കെട്ടി അതിലിരുന്നാണ് ആടുക. കല്ലുകളി,  കണ്ണുകെട്ടിക്കളി തുടങ്ങി പെൺകുട്ടികൾ മാത്രമുള്ള കളികളിലായിരിക്കും ഞാൻ പങ്കെടുക്കുക. ആൺകുട്ടികളുടെ കൂടെ പന്തുകളിക്കാനോ ഉറികളിക്കാനോ പോയിട്ടുള്ള ഓർമയൊന്നുമില്ല. പതിനഞ്ചാം വയസ്സുമുതൽ ജോലിക്ക് പോവാനും ‌ പ്രാരാബ്ധങ്ങളൊക്കെ ആവുകയും ചെയ്തതോടെ ഓണത്തിന്റെ നിറം മങ്ങിത്തുടങ്ങി. പിന്നെയങ്ങോട്ട്  മറ്റുള്ളവർ ആഘോഷിക്കട്ടെ എന്ന ചിന്തയായിരുന്നു.

ആഘോഷങ്ങളെ തിരിച്ചുപിടിക്കുകയാണ്...

ഈ അടുത്ത കാലത്താണ് ഓണമുൾപ്പെടെയുള്ള ആഘോഷങ്ങളെ തിരിച്ചുപിടിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് എന്റെ പിറന്നാൾ പോലും ആഘോഷിച്ച ഓർമയില്ല. കമ്മ്യൂണിറ്റിക്ക് ഇടയിലേക്ക് വന്നതിനുശേഷം കുട്ടികളെല്ലാം ചേർ‍ന്ന് സർപ്രൈസായി വന്ന് കേക്ക് മുറിക്കലും സമ്മാനം തരലുമൊക്കെയുണ്ട്.  ഓണവും അതുപോലെ തന്നെ, അവർ വന്ന് വച്ചുവിളമ്പി ഇലയിട്ട് എല്ലാവരും ചേർന്ന് ആഘോഷിക്കും. കമ്മ്യൂണിറ്റിയിലുള്ള പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോഴാണ് എല്ലാം മറന്ന് ആഘോഷങ്ങൾ ആസ്വദിക്കാൻ തുടങ്ങിയത് എന്ന്. കരുതലുകളും സ്നേഹവും കിട്ടേണ്ട സമയത്ത് ആരുമില്ലായിരുന്നു. ആ സാഹചര്യത്തിലാണ് വീടും നാടുമൊക്കെ വിട്ട് പോകാൻ പലരും തീരുമാനിക്കുന്നത്. സമാനസാഹചര്യങ്ങളാണ് എല്ലാവർക്കും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹമാണ്. 

എന്നിലെ അമ്മ സംതൃപ്തയാണ്...

ഇപ്പോൾ എല്ലാ വർഷവും തിരുവോണ ദിവസം അമ്മയുടെ അടുത്തേക്ക് പോയി ഓണം ആഘോഷിച്ച് പിറ്റേ ദിവസം കൊച്ചിയിൽ വന്ന് എന്റെ മക്കൾക്കൊപ്പം ഓണം ആഘോഷിക്കും. എന്റെയുള്ളിലെ അമ്മയെ ആസ്വദിക്കുന്ന കാലമാണിത്. എന്നെ കേൾക്കാനും എന്റെ കൂടെ നിൽക്കാനുമുള്ള മക്കൾ കൂടെയുണ്ട് ഇന്ന്. എന്നിലെ അമ്മ സംതൃപ്തയാണ്. 

കൂട്ടത്തിലുള്ളവർ പട്ടിണി കിടക്കരുത്...

കമ്മ്യൂണിറ്റിയിലെ കുട്ടികളിൽ പലരും തൊഴിലെടുത്തു ജീവിക്കാൻ കഴിയാതിരുന്ന ഓണക്കാലമാണിത്. ഞാൻ എന്നെക്കുറിച്ചു മാത്രമല്ല ചുറ്റുമുള്ളവരെക്കുറിച്ചും ചിന്തിക്കുന്നയാളാണ്. ഓണത്തിന് കിറ്റ് കൊടുക്കാനുള്ള സംവിധാനം ഏർപ്പാടാക്കിയിരുന്നു, ഇക്കാര്യം ആദ്യം നടൻ അനൂപ് മേനോനോട് ആണ് സംസാരിക്കുന്നത്. അനൂപേട്ടനാണ് ആദ്യമായി സഹായിച്ചത്. പിന്നാലെ ആശാ ശരത് തുടങ്ങിയവരൊക്കെ സഹായിച്ചു. അങ്ങനെ അറുപതോളം ഓണക്കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. നമ്മൾ കഴിക്കുമ്പോൾ നമ്മുടെ കൂട്ടത്തിലുള്ളവർ പട്ടിണി കിടക്കാൻ പാടില്ലല്ലോ. അവർക്കും സന്തോഷത്തോടെ സദ്യ കഴിക്കാനുള്ളതെല്ലാം കിറ്റിൽ ഒരുക്കിയിട്ടുണ്ട്. 

ഇതാണെന്റെ ഓണസന്ദേശം...

എല്ലാവരും അവനവന്റെ വ്യക്തിത്വത്തിൽ സംതൃപ്തരാണ് എന്ന് ആദ്യം ഉൾക്കൊള്ളുക. വീട്ടുകാർ പറയുന്ന ജെൻഡറായിരിക്കും അതുവരെ അറിയുന്നത്. പക്ഷേ വളർന്നുവരുമ്പോൾ നമ്മുടെയുള്ളിൽ മറ്റൊരു ജെൻഡറാണെന്ന് തിരിച്ചറിയുമ്പോൾ അതിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുക. അതല്ലെങ്കിൽ മാനസികമായി ഏറെ തകർക്കപ്പെടും. മാതാപിതാക്കളും കൂടെനിൽക്കാൻ‍ ശ്രമിക്കണം. ഞാൻ പ്രസവിച്ച കുഞ്ഞ് അതിന്റെ ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് ഓരോ അമ്മമാരും ചിന്തിക്കണം. ആരൊക്കെ അം​ഗീകരിച്ചില്ലെങ്കിലും എന്റെ കുഞ്ഞിന്റെ വൈവിധ്യത്തെ ഞാൻ ഉൾക്കൊള്ളുന്നു, അതൊരിക്കലും കൈവിടില്ല എന്നു പറയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം മറ്റൊന്നിനും നൽകാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ ഒരു ട്രാൻസ്ജെൻഡേഴ്സിനും തെരുവിൽ അലയേണ്ടി വരില്ല. അഭിമാനത്തോടെ ഞാൻ ട്രാൻസ്ജെൻഡറാണെന്ന് പറയാൻ കഴിയണം. ഈ ഭൂമിയിൽ മറ്റേത് ജീവികളെപ്പോലെയും ജീവിക്കാൻ നമുക്കും അവകാശമുണ്ട്. 

ഉടൻ വിവാഹമില്ല

വിവാഹ സ്വപ്നം കാണാത്ത പ്രണയിക്കാത്ത ഒരു പെൺകുട്ടിയും ഉണ്ടാവില്ല. ഞാനും വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. അതാദ്യം പൂർത്തിയാകണം. അടുത്തിടെ എന്റെ പൂജാ ചടങ്ങിലെ ചിത്രങ്ങൾ കണ്ടിട്ട് ആരോ അമ്മയോടു പറഞ്ഞു എന്റെ വിവാഹം ഏതോ പ്രശസ്ത നടനുമായി കഴിഞ്ഞു എന്നൊക്കെ. അത്തരത്തിലുള്ള ധാരാളം പ്രചരണങ്ങൾ കേട്ടിട്ടുണ്ട്.  തൽക്കാലം ഉടൻ വിവാഹമില്ല. 

Content Highlights: makeup artist renju renjimar about onam memories wedding and community