ആനക്കര: “എത്രപേരാ പൂക്കൊട്ട തിരക്കി വന്നിരുന്നത്...”-പഴയ ഓണക്കാലത്തെ ആവേശത്തിൽ തൊട്ട് കൃഷ്ണൻ പറഞ്ഞുതുടങ്ങി. ഓണമെത്തും മുമ്പേ ആളുകളെത്തും പൂക്കൊട്ടകളും തേടി. അന്ന് നല്ലോണമുണ്ണാൻ പൂക്കൊട്ട വിറ്റുകിട്ടണ പണം ധാരാളം. പണമല്ലെങ്കിൽ അരിയോ നെല്ലോ ഒക്കെയാണ് പ്രതിഫലം. ഉണക്കിയെടുത്ത കൈതോല, കരിമ്പന ഓല, മുള, തെങ്ങോല എന്നിവ ചീന്തിയെടുത്താണ് മിഴിവുള്ള പൂക്കൊട്ടകളുണ്ടാക്കുക. ചിങ്ങവെയിലൊന്ന്‌ നന്നായി തട്ടിയാൽ രണ്ടുദിവസം മതി ഓല ഉണക്കിയെടുക്കാൻ.

മഴയാണങ്കിൽ ഒരാഴ്ചയോളം വരും ഓല ഉണങ്ങാൻ. ഉണങ്ങിയ ഓലകൊണ്ട് കുട്ടയുടെ ആകൃതിയിൽ മെടെഞ്ഞടുക്കും. അരമണിക്കൂർകൊണ്ട് പൂക്കൊട്ട തയ്യാറാകും. പിന്നെ, അതെല്ലാം അടുക്കളയുടെ മൂലയിൽ അടുപ്പിനരികിൽ പുകകൊള്ളിക്കും. രണ്ടുദിവസം പുകകൊണ്ടാൽ പൂക്കൊട്ട ഡബിൾ സ്ട്രോങ്ങായി. പൂവട്ടി, പൂക്കൂട എന്നൊക്കെയും വിളിപ്പേരുണ്ട് പൂക്കൊട്ടകൾക്ക്.

കാലമങ്ങനെ കഴിഞ്ഞതോടെ പൂക്കൊട്ടകൾക്ക് ആവശ്യക്കാരില്ലാതെയായി. ഓണപ്പുലരികളെ പൂപ്പാട്ടുപാടിയുണർത്താൻ കുട്ടികൾ എത്താതായി. റോഡരികിൽനിന്ന് തമിഴത്തിപ്പൂക്കളെ കവറിൽ വാങ്ങി കൊണ്ടുപോകാൻ എല്ലാവരും ശീലിച്ചു. എങ്കിലും ചിലരൊക്കെ തേടിവരും. അവരെ കൃഷിത്തിരക്കുകൾക്കിടയിലും വെറുംകൈയുമായി മടക്കിയയയ്ക്കാറില്ല. പൂക്കൊട്ടയുണ്ടാക്കിക്കൊടുക്കാൻ ഇന്നും കൃഷ്ണേട്ടന് ഇഷ്ടമാണ്. അതിന് പണമെത്രയെന്ന് പറയാറില്ല. സൗജന്യമായി കൊടുക്കുന്നതാണ്.

പക്ഷേ, ഇത്തവണ കോവിഡായതുകൊണ്ട് സംഘംചേർന്ന് പൂക്കൾ പൊട്ടിക്കാനൊന്നും കുട്ടികളെ വീട്ടുകാർ വിടുന്നില്ല. പൂക്കൊട്ടയ്ക്കും ആവശ്യക്കാരില്ല. എങ്കിലും ഈ പൊന്നോണനാളിൽ പൂക്കൊട്ടയ്ക്കായി തന്നെ തേടിവരുന്നവർക്ക് സമ്മാനിക്കാൻ മുളച്ചീന്തിൽ പൂക്കൊട്ട ഒരുക്കിയിട്ടുണ്ട് കൃഷ്ണേട്ടൻ. പൂക്കൊട്ടയ്‌ക്കൊപ്പം തൊപ്പിക്കുട, പായ, വാരിക്കൊട്ട, പനമ്പ്, ചേറ്റുകൊട്ട എന്നിവയും നിർമിക്കാറുണ്ട്‌. ആനക്കര മുണ്ട്രക്കോട്ടെ നെൽക്കർഷകൻ കൂടിയാണ് കൃഷ്ണേട്ടൻ.

Content Highlights: krishnan making flower basket for onam