ന്നൊക്കെയായിരുന്നു ഓണം....നല്ലോണംകൂടിയ ഓണം; എല്ലാ തലമുറയിലും പെട്ടവർ തങ്ങളുടെ ബാല്യത്തിലെ ഓർമ പങ്കുവെയ്ക്കുന്നത് ഇങ്ങനെയായിരിക്കും. ഓർക്കുക, ഇപ്പോഴത്തെ തലമുറ നാളെ ഒരു നാളിൽ ഇന്നത്തെ ഓണത്തെക്കുറിച്ചും പറയുന്നത് അതേ വാക്കുകൾ തന്നെയാവും.ഓരോരുത്തരുടെ മനസ്സിൽ പൊലിമ അവരുടെ ബാല്യത്തിലെ ഓണത്തിന് തന്നെയാവും. കൂടിച്ചേരലും കളികളും നിറഞ്ഞ ഓണക്കാലമാകും മുൻതലമുറയ്ക്ക് ഓർമിക്കാനുണ്ടാവുക. അത്തരം ചില ഓണക്കാഴ്ചകളിലേക്ക്....

ശൗര്യംവിടാതെ ഓണത്തല്ല്

ശാരീരികശേഷിയുള്ള ആണുങ്ങളുടെ വിനോദമായിരുന്നു ഓണത്തല്ല്. പൊതുഇടത്തിൽ കാഴ്ചക്കാർക്കു മുൻപിൽ രണ്ടുപേർ തമ്മിൽ തല്ലുകൂടും. തല്ലിന് ചിട്ടവട്ടങ്ങളുണ്ടായിരുന്നു. തലയിലോ മുഖത്തോ അടിക്കരുത്. കൈ നിവർത്തിയുള്ള തല്ല് മർമസ്ഥാനങ്ങൾ ഒഴിവാക്കിയുള്ളതായിരുന്നു.

എന്തേ, തുമ്പീ തുള്ളാത്തൂ....

പൂവ് പോരാഞ്ഞോ, പൂക്കുല പോരാഞ്ഞോ, എന്തേ തുമ്പീ തുള്ളാത്തൂ....ഈ പാട്ട് എല്ലാവരുടെയും ചുണ്ടിലുണ്ടാവും. ഓണക്കാലത്ത് പെൺകുട്ടികളുടെ വിനോദമായിരുന്ന തുമ്പിതുള്ളൽ എന്ന കളിയിലെ പാട്ടുകളിലൊന്നാണിത്. വൃത്തത്തിന് നടുവിൽ പൂക്കുലപിടിച്ച് തുള്ളുന്ന പെൺകുട്ടിയെ തൊട്ടുകൊണ്ട് പാട്ടുപാടി ചുറ്റിനും മറ്റുള്ളവർ ചുവടുവെയ്ക്കും.

സാറ്റുകളി

കുട്ടികളുടെ ഇഷ്ടവിനോദമായിരുന്ന സാറ്റുകളി. ഒളിച്ചുകളി, പാത്തുകളി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

സാറ്റുകളിയിൽ ആദ്യം കണ്ടുപിടിക്കപ്പെട്ടയാൾ എണ്ണണം.

ഗോലികളി

വട്ടുകളിയിൽ(ഗോലികളി) തോറ്റതിന്റെ വേദന മറക്കാത്തവർ എല്ലാ നാട്ടിലുമുണ്ട്. പരാജിതരുടെ മുഷ്ടി ലക്ഷ്യമാക്കി വിജയി വട്ട് തെറ്റിക്കും.

 

കൈകൊട്ടിക്കളി

തിരുവാതിരകളിയുടെ മറ്റൊരു രൂപമായ കൈകൊട്ടിക്കളിയും ഓണത്തിന് ചില ഗ്രാമങ്ങളിൽ സ്ത്രീകളുടെ വിനോദമായിരുന്നു.

ശണ്ഠയേറ്

ക്രിക്കറ്റിന്റെയും അതിനോട് സാമ്യമുള്ള കുട്ടിയും കോലും കളിയോടും സാമ്യമുള്ള ശണ്ഠയേറ് ആൺകുട്ടികളുടെ ഓണവിനോദമായിരുന്നു. രണ്ടുസംഘമായി തിരിഞ്ഞുള്ള ഈ കളിക്ക് ചില നാടുകളിൽ കല്ലടുക്കിക്കളി, ഏറുപന്തുകളി എന്നിങ്ങനെ പേരുകളുണ്ട്.

ഉയരേ ഊഞ്ഞാൽ

മൈതാനത്തോ പറമ്പിലോ ഏറ്റവും ഉയരമുള്ള മരത്തിലെ ഏറ്റവും മുകളിലെ കൊമ്പിൽ ഊഞ്ഞാൽ കെട്ടുന്നതായിരുന്നു ചെറുപ്പക്കാരുടെ ഹരം.

വേലൻപാട്ടും നോക്കുപാവ വിദ്യയും

ചില പ്രദേശങ്ങളിൽ വീടുകൾ തോറും ഓണദിനങ്ങളിൽ അവതരിപ്പിച്ചിരുന്ന കലകളായിരുന്നു വേലൻപാട്ടും നോക്കുപാവ വിദ്യയും.

അക്കുകളി

പൊട്ടിയ കോപ്പയുടെ കഷണം ഉപയോഗിച്ചുള്ള അക്കുകളിയിൽ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തിരുന്നു. മുറ്റത്ത് ആറ് സമചതുരമുൾക്കൊള്ളുന്ന കളം വരച്ച് അക്ക് അതിലേക്ക് എറിഞ്ഞിടും. ആ കളത്തിലേക്ക് ഒറ്റക്കാലിൽ ചാടിയെത്തി കാൽകൊണ്ട് അക്ക് കാൽവിരലുകളിൽ കോർത്തുപിടിച്ച് കളങ്ങളിലൂടെ ഒരുവട്ടം പൂർത്തിയാക്കും.

Content highlights :know some traditional plays related to onam festival