''ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ വളരെ മനോഹരമായ ഓർമകളാണ് ഓണം എനിക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഇത്തവണ ഓണം അങ്ങനെയല്ല''- പറഞ്ഞു തുടങ്ങുകയാണ് മലയാളികളുടെ പ്രിയനടൻ ജയസൂര്യ. കോവിഡ് പ്രതിസന്ധിയും മഴക്കെടുതിൽ സമ്മാനിച്ച ദുരിതത്തിലൂടെ മലയാളികൾ കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ഓണത്തിന്റെ നിറവും പകിട്ടും നഷ്ടമായി പോയെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും ചെറിയ സന്തോഷങ്ങളും ആഘോഷങ്ങളും മനുഷ്യർക്ക് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള പ്രത്യാശ നൽകുമെന്ന കാഴ്ച്ചപ്പാടും അദ്ദേഹം പങ്കുവയ്ക്കുന്നു.  ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷയോടെ ഓണക്കാലത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് നടൻ....

ഓണത്തിന്റെ ആ ഒരു മനോഹരമായ ഫീൽ ഇല്ലേ, അതിന്റെ നിറം മങ്ങിയിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു.  2018 ലെ പ്രളയം മുതൽ  ഇപ്പോഴിതാ കൊറോണ വരെ നമ്മൾ മലയാളികൾ വലിയ പരീക്ഷണങ്ങളെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഓണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ ഓണവിപണി ഉണരും. പുറത്തിറങ്ങിയാൽ കച്ചവടക്കാരുടെ തിരക്കും ആളുകളുടെ ഒരുക്കങ്ങളും അങ്ങനെ ഒരു വലിയ ബഹളമായിരിക്കും. അപ്പോൾ തന്നെ നമ്മുടെ മനസ്സിൽ സ്വാഭാവികമായും ഓണാഘോഷങ്ങൾ തുടങ്ങും. ഇന്ന് ആ സുഖമെല്ലാം ഒന്നിന് പിറകെ ഒന്നായി സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കവർന്നെടുത്തു. വാർത്താ മാധ്യമങ്ങളിലെല്ലാം മനസ്സിനെ അസ്വസ്ഥമാക്കുന്ന വാർത്തകളാണ് തേടിയെത്തുന്നത്.  ഇതെല്ലാം ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ എന്റെ മനസ്സിനെയും വല്ലാതെ വിഷമിപ്പിച്ചു. എല്ലായ്പ്പോഴും സന്തോഷകരമായ നിമിഷങ്ങൾ നമുക്ക് സ്വയം സൃഷ്ടിക്കാൻ സാധിക്കില്ല. മറ്റുള്ളവരിൽ നിന്നാണ് പലപ്പോഴും അത് നമ്മളിലേക്ക് പ്രസരിക്കുന്നത്. എന്നിരുന്നാലും പ്രശ്നങ്ങൾ ഒരുപാടുണ്ടെങ്കിലും ചെറിയ സന്തോഷങ്ങളുമാണല്ലോ മനുഷ്യന് ജീവിക്കാനുള്ള ഊർജ്ജം നൽകുന്നത്. അതുകൊണ്ടു തന്നെ ഈ ഓണം എല്ലാവർക്കും നല്ല പ്രതീക്ഷകൾ സമ്മാനിക്കട്ടെ....

ഓണക്കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ

ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ വളരെ മനോഹരമായ ഓർമകളാണ് ഓണം എനിക്ക് സമ്മാനിച്ചിട്ടുള്ളത്. ഞാനൊരു തൃപ്പൂണിത്തുറക്കാരനാണല്ലോ.. അത്തച്ചമയവും അവിടുത്തെ ഓണാഘോഷവുമെല്ലാം ബാല്യകാലം മുതൽ എന്റെ ആവേശമായിരുന്നു. പിന്നീട് മിമിക്രിയിലും സിനിമയിലുമെല്ലാം എത്തിയശേഷവും അതിനൊരു മാറ്റവുമുണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടിക്കാലത്ത് നമ്മൾ ഓണക്കാലത്ത് അനുഭവിക്കുന്ന ഒരു ഫീലുണ്ട്. പൂക്കളമിടാനും പുതിയ ഉടുപ്പിനും വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ട്. അതെല്ലാം ഇന്ന് നഷ്ടപ്പെട്ടു. ഓണത്തിന് ഒരു മാറ്റവുമില്ല, അത് അതുപോലെ തന്നെയുണ്ട്... എന്നാൽ നമ്മൾ ഒരുപാട് മാറി. ആ മാറ്റത്തിനൊപ്പം സഞ്ചരിച്ചേ മതിയാകൂ.. എന്നിരുന്നാലും ഗ്രാമപ്രദേശങ്ങളിലെ ഓണഘോഷത്തിന്റെ തനിമ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. വർഷങ്ങളായി ഞാൻ  ടൗണിലാണ് ജീവിക്കുന്നത്. അങ്ങനെയൊരു ചുറ്റുപാടിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നോക്കുമ്പോൾ അവർ കുറച്ച് കൂടി നന്നായി ഓണം ആസ്വദിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.

തിരുവോണവും പിറന്നാളും ഒന്നിച്ചെത്തുമ്പോൾ

കോവിഡ് പ്രതിസന്ധിയും പ്രശ്നങ്ങളും മാസമായി പിന്തുരുന്നതിനാൽ ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്നിരുന്നാലും എന്നെ സംബന്ധിച്ച് കുടുംബത്തോടൊപ്പം സന്തോഷമായി ചെലവഴിക്കുന്ന ഒരു ദിനമാണത് ഓണം. ഈ ഓണത്തിന് എന്റെ പിറന്നാൾ കൂടിയാണ്. ജീവിതത്തിൽ ആദ്യമായാണ് എന്റെ പിറന്നാളും തിരുവോണവും ഒരുമിച്ച് വരുന്നത്. എല്ലാവരും ഒരുമിച്ച് ഒത്തുകൂടും ഭക്ഷണമുണ്ടാക്കും കഴിക്കും ഒരുപാട് വിശേഷങ്ങൾ പങ്കുവയ്ക്കും. അതിന്റെയൊരു സന്തോഷമുണ്ട്. 

അസമത്വത്തിന്റെ ലോകത്ത്  മനുഷ്യർ സമന്മാരായപ്പോൾ....

ഒന്നു ആലോചിച്ചു നോക്കൂ, നമ്മുടെ ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത വെെറസ് വിതച്ച വിപത്ത് മാസങ്ങളായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ജാതി-മത-ലിംഗ-വർ​ഗ-വർണഭേതമില്ലാതെ എല്ലാതരം മനുഷ്യരെയും കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നു. അസമത്വത്തിന്റെ ഈ ലോകത്ത് കോവിഡിന് മുന്നിൽ എല്ലാവരും സമന്മാരായി. 10 രൂപ മുതൽ കോടികൾ വരെ മുടക്കി കച്ചവടം ചെയ്യുന്നവർ  ആനുപാതികമായി നഷ്ടം അനുഭവിക്കുന്നു. നമ്മൾ‍ എല്ലാവരും ഇത്രയും കാലം നമ്മുടേതായ ജോലികളുടെ തിരക്കിലായിരുന്നു. കോവിഡും ലോക്ക് ഡൗണും വന്നതിന് ശേഷമാണ് നാം ഇതുവരെ ചെയ്തിരുന്ന ജോലിയുടെ തിരക്ക് എന്തായിരുന്നുവെന്ന് മനസ്സിലാക്കുന്നത്. 

കോവിഡ് കാലം ആത്മസാക്ഷാത്‌കാരത്തിനുള്ള സമയമാണെന്നൊക്കെ പറയുന്നവരുണ്ട്. ജയസൂര്യ എന്ന നടനും അതു പറയാൻ സാധിക്കും. കാരണം അത്യാവശ്യം ചുറ്റുപാടുള്ള എന്റെ കാര്യങ്ങൾ ഈ കോവിഡ് കാലത്ത് വലിയ കുഴപ്പങ്ങളില്ലാതെ നടന്നുപോകുന്നുണ്ട്. പക്ഷേ സാമ്പത്തികമായി താഴെ നിൽക്കുന്ന ദിവസക്കൂലിയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവനോട് സെൽഫ് റിയലെെസേഷനെക്കുറിച്ച് സംസാരിക്കുന്നത് ക്രൂരതയല്ലേ? അവർക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നുവെങ്കിൽ അത് ചെയ്യേണ്ട സമയമാണിത്. അതിനേക്കാൾ വലിയ ഫിലോസഫിയൊന്നും എനിക്ക് പറയാനറിയില്ല. എന്നിരുന്നാലും ദുരന്തങ്ങൾ നമ്മളെ വലിയൊരു പാഠം പഠിപ്പിക്കുന്നുണ്ട്. ജാതിയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വഴക്കടിച്ചിരുന്ന നമ്മൾ പ്രളയത്തിൽ ഒന്നായി. പിന്നീട് പ്രളയം വിട്ടൊഴിഞ്ഞപ്പോൾ നമ്മൾ പരസ്പരം വീണ്ടും വഴക്കടിച്ചു. ഇപ്പോഴിതാ കോവിഡും. ഞാൻ നേരത്തേ പറഞ്ഞത് പോലെ ജാതി-മത-ലിംഗ-വർ​ഗ-വർണഭേതമില്ലാത്ത എല്ലാവരെയും ബാധിച്ച ഈ വിപത്ത് മനുഷ്യരെ വീണ്ടും സമന്മാരാക്കി. നമ്മൾ എല്ലാവരും ഇന്ന് സ്വാതന്ത്ര്യത്തിനായി മോഹിക്കുന്നു. മുഖത്തെ മാസ്ക് അഴിച്ചു കളയാൻ, പരസ്പരം നോക്കി ചിരിക്കാൻ, ഇഷ്ടമുള്ളവരെ സ്നേഹത്തോടെ മനസ്സുനിറയെ കെട്ടിപ്പിടിക്കാൻ, നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാൻ, ഒന്നിച്ചു കൂടാൻ.. അങ്ങനെ.. മനോഹരമായ ആ കാലം തിരികെ വരാനുള്ള നമ്മുടെ കാത്തിരിപ്പ് ഒരുപോലെയാണ്.... ആ സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമേ ആഘോഷങ്ങൾക്ക് പൂർണതയുണ്ടാകൂ....

Content Highlights: Jayasurya actor interview, Onam 2020, Covid pandemic, Cinema life journey