പള്ളിക്കൽ: ഓണപ്പൂക്കളമൊരുക്കാൻ ഇക്കുറിയും ഇത്തീരുമ്മ റുഖിയയുണ്ട്. സ്വന്തംവീട്ടിൽ പൂക്കളമൊരുക്കാത്തതിനാൽ അയൽവീടുകളിൽ പൂക്കളം തീർത്താണ് പുത്തൂർ പള്ളിക്കലിൽ കുറുങ്ങോട്ടുപറമ്പിൽ ഇത്തീരുമ്മ റുഖിയ മലയാളികളുടെ ദേശീയോത്സവം ആഘോഷിക്കുന്നത്. കാൽനൂറ്റാണ്ടായി ഇത്തീരുമ്മയുടെ പതിവാണിത്. വ്യാഴാഴ്ച അവർ അയൽവാസി ബാബുരാജന്റെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കി. അയൽവീട്ടിലെ കുട്ടി റഷാഫാത്തിമയും കൂടെ കൂടി. രണ്ടുവർഷം മുമ്പ് ഓണക്കാലത്ത് കോഴിശ്ശേരിമാട് നടന്ന പൂക്കള മത്സരത്തിൽ റുഖിയ തയ്യാറാക്കിയ പൂക്കളത്തിനായിരുന്നു ഒന്നാംസമ്മാനം.

24-ാം വയസ്സിൽ വിവാഹം കഴിയുന്നതുവരെ പെരിന്തൽമണ്ണയിലെ വീട്ടിലായിരുന്നു താമസം. അക്കാലത്തുതന്നെ അടുത്ത വീടുകളിലൊക്കെ പൂക്കളം തീർത്തുകൊടുക്കുന്നത് പതിവാക്കിയിരുന്നു.

വിവിധ ജാതിമതസ്ഥരുടെ കൂട്ടായ്മകണ്ട് വളർന്നതാണ് വിശാലമായ കാഴ്ചപ്പാടോടെ ജീവിക്കാൻ പ്രേരണയായത്. പുത്തൂർ പള്ളിക്കലിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നശേഷം വാടകവീട്ടിലായിരുന്നു 22 വർഷവും താമസം. രണ്ടുവർഷം മുമ്പാണ്‌ സ്വന്തം വീടുവെച്ചത്.

അത്തംമുതൽ തിരുവോണംവരെയുള്ള ഓണനാളുകളിൽ മുഴുവനും പതിവുതെറ്റാതെ പൂക്കളമിടും. അടുത്തവർഷത്തെ ഓണക്കാലത്ത് പൂക്കൾ വളർത്തിയെടുക്കണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. നാലുസെന്റ് സ്ഥലത്ത് പൂച്ചട്ടികളിൽ ചെടികൾ പലതും നട്ടുപിടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.

ഭർത്താവ് അബ്ദുള്ള പവർടില്ലർ ഓപ്പറേറ്ററായി ജോലിചെയ്യുന്നു. മകനും മകളുമുണ്ട്.

Content Highlights: itheerumma rukhiya onam pookkalam onam 2020