ഗുണ്ടൽപ്പേട്ട:കേരളത്തിലേക്ക് പൂക്കളുമായി വണ്ടികൾ വന്നില്ലെങ്കിലും ഗുണ്ടൽപ്പേട്ടയിപ്പോഴും പൂത്തുലഞ്ഞുതന്നെ നിൽക്കുകയാണ്. മലയാളികൾ മനസ്സിൽ ഓണം നിറയ്ക്കുന്നതിന് മുമ്പേ ഓണത്തിനായി ഒരുങ്ങുന്ന മറുനാടൻ മണ്ണാണിത്.

ഓണപ്പൂക്കളും പച്ചക്കറികളുമായി ഇവിടത്തെ ഓണം സമൃദ്ധമാക്കാൻ മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് തുടങ്ങും. എത്രയോ കാലങ്ങളായി കന്നട അതിർത്തിഗ്രാമങ്ങൾ വയനാടിന്റെ മനം നിറയെ മുടങ്ങാതെ ഓണം എത്തിക്കുന്നുണ്ട്. ഇത്തവണയാണ് അതിനൊരു മുടക്കം വന്നത്. മറുനാടൻ പൂക്കൾ വേണ്ടെന്ന നിർദേശം വന്നതോടെ ഇങ്ങോട്ടേക്കുള്ള വരവ് കുറഞ്ഞു. പെയിന്റ്‌ നിർമാണമേഖലയും മൈസൂരുവിലും മറ്റുമുള്ള ആഘോഷങ്ങളും ചടങ്ങുകളുമാണ് പൂവിന്റെ മറ്റു വിപണികൾ.

ചുട്ടുപൊള്ളുന്ന മണ്ണിൽ മഴ തുടങ്ങുമ്പോൾ കർഷകരുടെ ഗ്രാമങ്ങളിൽ പച്ചക്കറിമുതൽ ഓണപ്പൂക്കൾവരെ കൃഷിതുടങ്ങും . നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും ഇവർ വേറിട്ട നിറം പുതപ്പിക്കും. നൂറേക്കർ സ്ഥലമുള്ള ജന്മിയും കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന സ്ഥലം. മാറ്റിയിടാൻ ഷർട്ടുപോലുമില്ല. ചെറിയ സങ്കേതത്തിൽ തലമുട്ടുന്ന ഗുഡികളിൽ സ്വപ്നങ്ങളില്ലാതെ കാലത്തെ തോൽപ്പിക്കുന്നവർ - ഇതാണ് ഗുണ്ടൽപ്പേട്ട. ഇവിടെയാണ് വടക്കൻ കേരളത്തിന്റെ ഓണം ഒരുങ്ങിയിരുന്നത്.

പൂക്കളത്തിന്റെ നിറം

മലബാറിലേക്ക് വേണ്ട പച്ചക്കറികളും പൂക്കളുമെല്ലാം എത്തിക്കാൻ ഒരു കാലത്ത് ഗുണ്ടൽപ്പേട്ട മതിയായിരുന്നു. കാലങ്ങളായി ഈ ശീലങ്ങൾക്ക് മാറ്റമില്ലാത്തതിനാലാകാം വിപണിയിൽ ഇവയ്ക്കൊന്നും ക്ഷാമമുണ്ടായില്ല. അതുവരെയും നാട്ടുവഴികളിലെ കാട്ടുപൂക്കൾ മാത്രം നിറഞ്ഞ ഈ നാടിന്റെ പൂക്കളത്തിലേക്ക് ആദ്യമായി ചെണ്ടുമല്ലികയുടെ നിറം ചാർത്തിയതും ഇവർ തന്നെയാകാം. ഒരുവിള കൃഷി കഴിഞ്ഞാൽ മറ്റൊരു കൃഷിക്ക് ഒരു ഇടവേള. ഇക്കാലത്താണ് പച്ചക്കറിക്കൃഷി. ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോഴേക്കും മലയാളികളായ കച്ചവടക്കാരാണ് ഓടിയെത്തുക. മിതമായലാഭം മാത്രം ലക്ഷ്യമാക്കി ഗ്രാമീണർ മലയാളികളായ കച്ചവടക്കാരെ ഓണമെത്തുന്നതിന് മുമ്പേ കാത്തിരിക്കും. ഓണമെത്തിയാൽ കച്ചവടക്കാർ വ്യാപകമായി വന്നെത്തും.

ചെണ്ടുമല്ലിയുടെ വഴികൾ

ചെമ്പട്ടണിഞ്ഞു നിൽക്കുന്ന ഗുണ്ടൽപ്പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങൾ... മാനത്തേക്ക് മുഖം നോക്കി സൂര്യകാന്തിപ്പൂക്കളും ഇടകലരുന്നതോടെ ഓണക്കാല സഞ്ചാരികളുടെ താഴ്‌വരയായി ഈ മനോഹര കന്നഡ ഗ്രാമം മാറും. വേനലിൽ ചുട്ടുപൊള്ളുന്ന കൃഷിയിടമാകെ മഴയുടെ കുളിരിൽ പൂപ്പാടമായി മാറുമ്പോൾ ഗ്രാമവാസികൾ ഒന്നടങ്കം ആവേശത്തിലായിരിക്കും. ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കൾ കയറ്റി അയക്കുന്നതിലൂടെ നല്ലൊരു വരുമാനമാണ് കർഷകർ എല്ലാവർഷവും പ്രതീക്ഷിക്കുന്നത്. സാധാരണ പെയിന്റ് ഫാക്ടറിയിലേക്ക് ലോഡുകണക്കിന് പൂക്കളാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്.

ബാവലിപ്പുഴയുടെയും കബനിയുടെയും അക്കരെ മച്ചൂരിനും മലയാളത്തിന്റെ ഓണം പ്രതീക്ഷകളുടേതാണ്. നെല്ലും മുത്താറിയും റാഗിയുമെല്ലാം വിളയുന്ന കൃഷിയിടത്തിൽനിന്ന് വിളവെടുത്തവയെല്ലാം അതിർത്തി കടന്ന് ഇവരെത്തിക്കും. ഓണക്കാലത്ത് പാതയോരങ്ങളിൽ ഇവയെല്ലാം നിരത്തിവെച്ച് വിലപേശലുകളില്ലാതെ കച്ചവടം ചെയ്യുന്ന ഗ്രാമീണരും മാനന്തവാടി - മൈസൂരു റോഡരികിലെ കാഴ്ചയാണ്.

Content Highlights: gundlupet flower season Onam 2020