ലയാളികൾക്ക് എന്നും അടുത്ത വീട്ടിലെ പയ്യനാണ് ജി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ​ഗോവിന്ദ് പത്മസൂര്യ. ജി.പിയിലെ പി എന്ന അക്ഷരം പോസിറ്റീവിറ്റി എന്നാണ് അർഥമാക്കുന്നതെന്ന് തോന്നും അവതാരകനായും നടനായും പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയ താരത്തോട് സംസാരിക്കുമ്പോൾ.

കെടുതികൾ നിറഞ്ഞ കൊറോണക്കാലത്തെ ഓണത്തെക്കുറിച്ച് പറയുമ്പോഴും ജിപിക്ക് പങ്കുവയ്ക്കാനുള്ളത് ഇതേ പോസിറ്റീവിറ്റിയാണ്. ​ഗൃഹാതുരത നിറഞ്ഞ ഓണം ഓർമകളെക്കുറിച്ചും, കരുതലുകൾക്കിടെയിലും മാറ്റു കുറയാതെ ഉയർത്തിപ്പിടിക്കേണ്ട ഓണം എന്ന ആവേശത്തെക്കുറിച്ച് പ്രിയ താരം മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.

ആവേശം നിറഞ്ഞ, പാരമ്പര്യ തനിമയുള്ള കുട്ടിക്കാല ഓണം

കുഞ്ഞുനാളിലെ എന്റെ ഓണം ഓർമകളിൽ നിറയെ അമ്മയുടെ തറവാടാണ്. അമ്മയ്ക്ക് കുറേ സഹോദരങ്ങളുണ്ട്. ഓണത്തിന് എല്ലാവരും ഒത്തുകൂടും. ഓണം അതിന്റേതായ പാരമ്പര്യത്തോട് കൂടി കൊണ്ടാടിയ സമയങ്ങളാണത്. തൃക്കാക്കരപ്പനെ ഒക്കെ വച്ച്, ചാണകം മെഴുകിയ തറയിൽ ഓരോ നാളിനുമനുസരിച്ചുള്ള കളമൊരുക്കി, ആഘോഷിച്ച അവസരം. അന്നൊക്കെ രാവിലെ എഴുന്നേറ്റ് പൂ പറിക്കാൻ പോവാനും കളമൊരുക്കാനുമൊക്കെ വല്ലാത്ത ഒരാവേശമായിരുന്നു.

ഇപ്പോൾ പലരും പല സ്ഥലങ്ങളിലാണ് . ഒത്തുകൂടലുകൾ കുറവാണ്. അവനവന്റെ വീടുകളിൽ ഓണമാഘോഷിക്കലായി. വലുതാവും തോറും ഈ പൂ പറിക്കാനും കളമൊരുക്കാനുമുള്ള ആവേശവും കുറഞ്ഞു. അത് അമ്മയുടെ മാത്രം ഉത്തരവാദിത്തമായി മാറി. പക്ഷേ ഓണത്തിന്റെ ഒരു സ്പിരിറ്റിന് ഇന്നും കുറവൊന്നും വന്നിട്ടില്ലാട്ടോ. എങ്കിലും കുഞ്ഞുനാളിലെ ഓണമായിരുന്നു എല്ലാ കീഴ്വഴക്കങ്ങളോടും കൂടി ആഘോഷിച്ച ഓണം.

മലയാളികൾ v/s കന്നഡി​ഗർ, വീറും വാശിയും നിറഞ്ഞ കോളേജോണം

കോളേജിലെ ഓണാഘോഷം സത്യം പറഞ്ഞാൽ കുഞ്ഞുനാളിലെ ആ ഓണക്കാലത്തിലെ ആവേശങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്കായിരുന്നു. സെയ്ന്റ് അലോഷ്യസ് കോളേജ് മം​ഗലാപുരത്താണ് ഞാൻ പഠിച്ചത്. അവിടെ ഓണാഘോഷം എന്നത് ഞങ്ങൾ മലയാളികളുടെ ഒരു അഭിമാനപ്രശ്നം കൂടിയായിരുന്നു. എന്ത് ആഘോഷമായാലും മലയാളികൾ v/s കന്നഡി​ഗർ എന്ന ഒരു സം​ഗതി ഉണ്ടായിരുന്നു. അതായിരുന്നു നമ്മുടെ രാഷ്ട്രീയം. അതുകൊണ്ട് തന്നെ ഓണം ​ഗംഭീരമാക്കുക എന്നത് അഭിമാനത്തിന്റെ കൂടി ഭാ​ഗമായിരുന്നു. രാവിലെ നാല് മണിക്കൊക്കെ എഴുന്നേറ്റ് കോളേജിലെത്തി പരിപാടികളുടെ അവസാനവട്ട മിനുക്ക് പണികൾ നടത്താനും പൂക്കളെത്തിക്കാനും ഒക്കെ വല്ലാത്ത ആവേശമായിരുന്നു. കോളേജ് മാനേജ്മെന്റുമായി അടിയുണ്ടാക്കിയാണ് പരിപാടികൾ നടത്തുന്നത് തന്നെ. വീറും വാശിയും നിറഞ്ഞ ഓണമായിരുന്നു അത്. കേരളത്തിന് പുറത്തുള്ള ഓണത്തിന് ആവേശം അൽപം കൂടുതലാണെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ​ഗൃഹാതുരത എന്നൊരു സം​ഗതി ഉണ്ടല്ലോ അതിൽ.

കായ ഉപ്പേരിയും ശർക്കര വരട്ടിയും ഇമേജ് രക്ഷിച്ച സെറ്റിലെ ഓണം

റിയാലിറ്റി ഷോയുടെ അവതാരകനായി ഇരിക്കുന്ന സമയത്ത് സെറ്റിൽ ആഘോഷിച്ച ഓണം മറക്കാനാവില്ല. വടംവലി മത്സരം, ഉറിയടി മത്സരം ഒക്കെയായി രാവിലെ മുതൽ വൈകുന്നേരം വരെ മുഴുവൻ ക്രൂ അം​ഗങ്ങളും പങ്കെടുത്ത ഓണാഘോഷം തന്നെയായിരുന്നു. ടെലിവിഷൻ പരിപാടികളുടെയും മറ്റും ഭാ​ഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടെങ്കിലും തിരുവോണത്തിന് വീട്ടിലെത്താൻ ഞാൻ കഴിവതും ശ്രമിക്കാറുണ്ട്. അല്ലു അർജുൻ നായകനായെത്തിയ അല വൈകുണ്ഠപുരമുലോ എന്ന സിനിമയുടെ ചിത്രീകരണം ഒരു ഓണസമയത്തായിരുന്നു. നാട്ടിൽ നിന്ന് നമ്മുടെ കായുപ്പേരിയും ശർക്കര ഉപ്പേരിയുമൊക്കെയായാണ് ഞാൻ ചെന്നത്. ഓരോ ദിവസവും സെറ്റിൽ പുതിയ ഐറ്റം കൊണ്ട് വന്ന് ഞെട്ടിക്കുന്നവരാണവർ. എനിക്ക് പിടിച്ച് നിൽക്കാനുള്ള ഒരവസരമായിരുന്നു ഓണം. കായുപ്പേരിയൊക്കെ അവർക്ക് വലിയ ഇഷ്ടമാണ്. ഓണത്തിന് മുമ്പും ശേഷവും ഷൂട്ട് ഉണ്ടായിരുന്നു എങ്കിലും തിരുവോണത്തിന് വീട്ടിലെത്താനുള്ള അവസരം ഉണ്ടായിരുന്നു.

ആഘോഷത്തിന്റെ ആവേശം ഉയർത്തിപ്പിടിക്കേണ്ട, കൊറോണക്കാല ഓണം

ഇത്തവണത്തേത് കരുതലോണം ആണ്. എങ്കിലും ഓണത്തിന്റെ ആവേശം ഉയർത്തിപ്പിടിക്കേണ്ട സമയമാണിതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം,സന്തോഷവും, പോസിറ്റീവിറ്റിയും, ആഘോഷവും മുമ്പത്തേക്കാളേറെ ജനങ്ങളിലേക്ക് എത്തിക്കേണ്ട സമയമാണിത്. വിഷു ആണെങ്കിലും പെരുന്നാൾ ആണെങ്കിലും എനിക്ക് തോന്നിയ കാര്യം അതായിരുന്നു. നമ്മൾ ജാ​ഗ്രത പുലർത്തണം, കൂട്ടം കൂടുന്നത് ഒഴിവാക്കണം എന്നൊക്കെയുണ്ടെങ്കിലും ഓണത്തിന്റെ ആവേശം വിട്ടുകളയരുത് എന്നാണ് എനിക്ക് പറയാനുളളത്. ജാതിമതഭേദമന്യേ കേരളീയർ ആഘോഷമാക്കുന്ന ഉത്സവമാണിത്. മലയാളികൾ എന്ന സ്പിരിറ്റ് കൂടി ഇതിലുണ്ട്, ഐക്യത്തിന്റെ വലിയ പാഠമുണ്ട്. അതിന് ഇപ്പോൾ മുമ്പത്തേക്കാളേറെ പ്രസക്തിയുമുണ്ട്. എന്നും  ആശങ്കയുണർത്തുന്ന വാർത്തകളല്ലേ കേൾക്കുന്നത്. അതിൽ നിന്ന് മാറി പോസിറ്റീവായ ചിന്തകൾ, അവസരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം, സന്തോഷമുള്ള വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാനുള്ള അവസരം കൂടിയാണ് ഈ ഓണം. എന്ത് വെല്ലുവിളിയുണ്ടായാലും നമ്മുടെയൊക്കെ ഉള്ളിലുള്ള സാഹോദര്യവും ഐക്യവും വർദ്ധിക്കുകയേ ഉള്ളൂ എന്ന പ്രതീക്ഷയാണ് ഓരോ ആഘോഷവും. അതുകൊണ്ട് തന്നെ ഈ ഓണവും ഏറെ പ്രസക്തമാണ്.

Content Highlights : Govind Padmasoorya Onam Special Interview