ഴയുടെ പുതപ്പുമാറ്റി പൂക്കളുടെ പുഞ്ചിരിയിലേക്ക് കണ്ണെറിയുന്ന ചിങ്ങപ്പുലരി പോലെയാണ് ആ ഫ്രെയിം മുന്നിൽ തെളിഞ്ഞത്... കസവുസാരിയുടുത്ത് നിറഞ്ഞ പുഞ്ചിരിയോടെ പൂങ്കുഴലി നടന്നുവന്നു... കാക്കിയിട്ട, കടുപ്പക്കാരിയായ ഐ.പി.എസ്. ഓഫീസർ തന്നെയാണോ ഇതെന്ന് ഒരുനിമിഷം സംശയിച്ചു... മുറ്റത്തെ ചെടികളുടെ ഇലകളിലും പൂക്കളിലും തഴുകി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ജി. പൂങ്കുഴലി സംസാരിക്കാൻ തുടങ്ങി... കേട്ടതെല്ലാം തമിഴകം കടന്നെത്തിയ ഓണവിശേഷങ്ങൾ...

ചെന്നൈയിലെ ആദ്യ ഓണം

‘‘തമിഴ്‌നാട്ടിലെ കരൂരിലാണ് എന്റെ വീട്. കുട്ടിക്കാലത്തുതന്നെ പുസ്തകങ്ങളിൽ കേരളത്തിലെ ഓണത്തെപ്പറ്റി വായിച്ചിട്ടുണ്ട്. ആദ്യമായി ഓണസദ്യ കഴിച്ചത് ചെന്നൈയിൽ വെച്ചാണ്. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി ചെന്നൈയിൽ ഞാൻ താമസിച്ചിരുന്ന ഫ്ളാറ്റിനടുത്ത് താമസിച്ചിരുന്നത് മലയാളി കുടുംബമായിരുന്നു... തലശ്ശേരിക്കാരിയായ പത്മച്ചേച്ചിയും കുടുംബവും. അവരന്ന്‌ വിളമ്പിത്തന്ന ഓണസദ്യയുടെ രുചി ഇന്നും മറന്നിട്ടില്ല. നാട്ടിലെ ആഘോഷങ്ങളിൽ സാധാരണ ഒരു പായസം മാത്രമാണ് ഉണ്ടാകാറുള്ളത്. പത്മച്ചേച്ചി തന്ന ഓണസദ്യയിൽ മൂന്ന്‌ പായസമുണ്ടായിരുന്നതും വലിയ കൗതുകമായിരുന്നു.’’

മസൂറിയിലെ ഓണം

‘‘സിവിൽ സർവീസ് കിട്ടി മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ എത്തിയത് ഒരോണക്കാലത്താണ്. അക്കാദമിയിൽ ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്ന പതിവുണ്ടായിരുന്നു. ഞങ്ങളുടെ ബാച്ചിന്റെ ആദ്യത്തെ ആഘോഷം ഓണമായിരുന്നു. മലയാളി ഐ.എ.എസുകാരായ ചിത്രയും ദിവ്യ അയ്യരും ഒക്കെച്ചേർന്ന് അന്ന് ഓണം ഗംഭീരമായി ആഘോഷിച്ചത് ഇന്നും മറന്നിട്ടില്ല. അക്കാദമിയുടെ മുറ്റത്ത് ഞങ്ങൾ പൂക്കളവുമിട്ടു. അന്ന്‌ കേരള കേഡറിലാകും എന്റെ നിയമനം എന്നും കരുതിയിരുന്നില്ല.’’

മഗിഴനെത്തി ഓണത്തിന്

‘‘എനിക്കും ഭർത്താവ് രവിശങ്കറിനും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷസമ്മാനമായി മഗിഴൻ വന്നതും ഒരോണനാളിൽ. മകന് ‘മഗിഴൻ’ എന്ന പേരിട്ടതും ഓണത്തിന്റെ അടയാളമായിട്ടാണ്. ഓണം ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ കാലമാണ്. അതുകൊണ്ടാണ് ‘സന്തോഷം നൽകുന്നവൻ’ എന്നർത്ഥമുള്ള മഗിഴൻ എന്ന പേര് മോന് നൽകിയത്. ഈ വരുന്ന ഓണക്കാലം അവന്റെ രണ്ടാം പിറന്നാൾ കാലമാണ്.’’

കരുതലിന്റെ കോവിഡോണം

‘‘ഇത്തവണ കോവിഡ്കാലത്ത് ഓണമെത്തുമ്പോൾ അതിജാഗ്രതയോടെ വേണം ആഘോഷിക്കാൻ... കേരളം മുഴുവൻ പുറത്തിറങ്ങാൻ കൊതിക്കുന്ന ഓണക്കാലത്ത് അവരെ നിയന്ത്രിച്ചുനിർത്തേണ്ട വലിയ ഉത്തരവാദിത്വമാണ് ഞങ്ങൾ പോലീസുകാർക്ക്. എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇത്തവണ ഓണം ആഘോഷിക്കട്ടെ. വീട്ടിലിരുന്ന് മഗിഴനൊപ്പം ഞങ്ങളും ഓണമാഘോഷിക്കും.’’

ഐ.പി.എസ്. ഓണം

‘‘ആദ്യത്തെ നിയമനം പാലക്കാട് എ.എസ്.പി.യായാണ്. അതും ഒരോണനാളിലായിരുന്നുവെന്നത് മറ്റൊരു കൗതുകം. കേരളത്തിന്റെ ഓണഭംഗി ഞാൻ ആസ്വദിച്ചു തുടങ്ങിയതും അവിടെവെച്ചാണ്. പിന്നെ എല്ലാ ഓണവും വലിയൊരു കാത്തിരിപ്പായിരുന്നു. പുളിശ്ശേരിയും ഓലനും കാളനുമൊക്കെ എനിക്ക്‌ ഒരുപാടിഷ്ടമായി. സാരിയുടുക്കാൻ എനിക്ക് ഏറെ അവസരം കിട്ടുന്ന കാലംകൂടിയാണ് ഓണം.’’

Content Highlights: deputy commissioner of police g poonguzhali sharing onam memories