സവു സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, നിറ പുഞ്ചിരിയോടെ ബീനയെത്തി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ എം. ബീന പൂമുഖത്തെ ബെഞ്ചിൽ വന്നിരിക്കുമ്പോൾ പശ്ചാത്തല സംഗീതം പോലെ പുറത്ത് മഴത്തുള്ളിക്കിലുക്കം. ഓണത്തെപ്പറ്റി ചോദിച്ചപ്പോൾ ബീനയുടെ മുഖത്ത് ഓർമകളുടെ കൂടുകൂട്ടൽ.

കേന്ദ്ര സർക്കാരിന്റെ ഓണം

കുട്ടിക്കാലത്ത് ഓണം ഒരോട്ടപ്പാച്ചിലായിരുന്നു. അച്ഛൻ മഹാദേവൻ പിള്ളയ്ക്കും അമ്മ രാധാമണി അമ്മാളിനും ഏജീസ് ഓഫീസിലായിരുന്നു ജോലി. കേന്ദ്ര സർക്കാർ ജീവനക്കാരായതിനാൽ അവർക്ക്‌ ഓണത്തിന് ഒരു ദിവസം മാത്രം അവധി. വഞ്ചിയൂരിലെ വീട്ടിലെ ഓണസദ്യ കഴിഞ്ഞാൽ അച്ഛനും അമ്മയും ഞാനും ചേച്ചി ഷൈലജയും കൂടി പത്തനംതിട്ടയിലേക്കു പോകും. കലഞ്ഞൂരിൽ അമ്മയുടെ വീട്ടിൽ കയറിയ ശേഷം രാത്രി അച്ഛന്റെ കോന്നിയിലെ വീട്ടിലെത്തും. അതിനിടയിൽ പറ്റാവുന്ന ബന്ധുവീടുകളിലൊക്കെ സന്ദർശനം.

തിരക്കിലലിഞ്ഞ് ഓണം

എന്റെയും വിജയേട്ടന്റെയും തിരക്ക് എല്ലാ ആഘോഷങ്ങളും കുറയ്ക്കുന്ന ഘടകം തന്നെയാണ്. മക്കളായ വിഷ്ണുപ്രിയയ്ക്കും വിഘ്നേഷിനും പല ആഘോഷങ്ങളും മിസ്സ് ചെയ്യുന്നുണ്ട്. നല്ല രീതിയിലുള്ള നാടിന്റെ ഭരണരംഗമാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെന്ന നിലയിൽ ഞങ്ങളുടെ സ്വപ്നം. നല്ല ഭരണത്തിന് മാവേലിയെക്കാൾ വലിയൊരു ഉദാഹരണം നമുക്ക് ചൂണ്ടിക്കാട്ടാനുണ്ടോ...

നീലപ്പട്ടുപാവാടയിട്ട ഓണം‌

കുട്ടിക്കാലത്തെ വലിയ മോഹങ്ങളിലൊന്ന് പട്ടുപാവാടയും ബ്ലൗസുമായിരുന്നു. ഒരോണക്കാലത്താണ് എനിക്ക് നീലപ്പട്ടുപാവാട കിട്ടുന്നത്. അതും ധരിച്ച് ഓണനാളിൽ പൂക്കൾ പറിക്കാൻ പോയ ഓർമകൾ മായാതെയുണ്ട്. അന്നൊക്കെ വർഷത്തിൽ രണ്ടു തവണയാണ് പുതുവസ്ത്രങ്ങൾ ലഭിക്കുന്നത് - ഓണത്തിനും പിറന്നാളിനും. ഇപ്പോൾ ഓണത്തിന് മറ്റുള്ളവർക്ക്‌ വസ്ത്രം നൽകുന്നതാണ് എനിക്കും വിജയേട്ടനും ഏറെ ഇഷ്ടമുള്ള കാര്യം.

വെജിറ്റേറിയനും നോൺ വെജിറ്റേറിയനും

ഞാൻ തിരുവനന്തപുരത്തുകാരിയും വിജയേട്ടൻ കോഴിക്കോട്ടുകാരനുമായതിനാൽ ഓണസദ്യയുടെ കാര്യത്തിൽ ഞങ്ങൾ തമ്മിൽ എന്നും 'ഒരടി' യുണ്ട്. മലബാറിൽ ഓണസദ്യയിൽ നോൺ വെജിറ്റേറിയൻ ഇനമുണ്ടാകും. ഞങ്ങളുടെ നാട്ടിൽ പക്ഷേ, ശുദ്ധ വെജിറ്റേറിയനാണ്. കല്യാണം കഴിഞ്ഞ് ഇക്കാര്യത്തിൽ പലപ്പോഴും പ്രശ്നം വന്നപ്പോൾ ഒടുവിൽ ഞങ്ങൾ ഒരു ഉടമ്പടിയിലെത്തി. ഓണസദ്യയിൽ ഉച്ചയ്ക്ക്‌ വെജിറ്റേറിയൻ മാത്രം, രാത്രി നോൺ ഉണ്ടാകും.

ബോളിയിട്ട പാൽപ്പായസം

ഓണക്കാലത്ത് പലപ്പോഴും അടുക്കളയിൽ തന്നെയാകും ഞാൻ. സാധാരണ സഹായത്തിന് ആളുണ്ടാകുമെങ്കിലും ഓണക്കാലത്ത് അവരെല്ലാം വീട്ടിൽപ്പോകും. ഇഞ്ചിക്കറിയും കൂട്ടുകറിയുമാണ് സദ്യയിൽ എനിക്ക്‌ കൂടുതൽ ഇഷ്ടം. പായസത്തിന്റെ കാര്യം വരുമ്പോൾ, തിരുവനന്തപുരം ശൈലിയിലുള്ള ബോളിയിട്ട പാൽപ്പായസം തന്നെ വേണം. മക്കൾക്കും അതാണ് ഇഷ്ടം. എന്നാൽ, വിജയേട്ടൻ ശർക്കരപ്പായസത്തിന്റെ ആളാണ്.

Content Highlights: Cochin Port trust chairperson m beena sharing onam memories onam 2020