കോവിഡ് മുടക്കിയ ആഘോഷങ്ങളുടെ കൂട്ടത്തിലേക്ക് ദാ ഈ ഓണക്കാലം കൂടി. മറ്റെല്ലായിടങ്ങളും പോലെത്തന്നെ നമ്മുടെ കാമ്പസുകളും ഇപ്പോൾ നിശ്ശബ്ദമാണ്. എല്ലാക്കൊല്ലത്തെയും പോലെ കലാലയമുറ്റങ്ങളിൽ പൂക്കളങ്ങളില്ല, ഊഞ്ഞാൽപ്പാട്ടില്ല. സെറ്റുസാരിയുടെയും കസവുമുണ്ടിന്റെയും പകിട്ടും കുപ്പിവളകളുടെ കലപിലയും വടംവലിയുടെ ആവേശവും പായസത്തിന്റെ മധുരവുമെല്ലാം കോവിഡ് കവർന്നു. കാമ്പസുകൾ ഈ ഓണക്കാലത്ത് ശൂന്യമാണ്.

കലാലയത്തിലെ ഓണമില്ലാത്തത് ഏറ്റവും കൂടുതൽ സങ്കടമുണ്ടാക്കിയത് അവസാന വർഷ വിദ്യാർഥികൾക്കാണെന്നു പറയാം. കാമ്പസിലെ അവസാന ഓണം ഇല്ലാതെപോയെന്ന സങ്കടത്തിലാണ് വിദ്യാർഥികൾ.

എന്നാൽ ഓണത്തെ കലാലയങ്ങളും വിദ്യാർഥികളും പൂർണമായി ഉപേക്ഷിച്ചുവെന്നു കരുതാൻ വരട്ടെ.

പഠനം പോലെ തന്നെ ഓണാഘോഷവും ഓൺലൈനിലേക്ക് കൂടുമാറ്റിയിരിക്കുകയാണ് വിദ്യാർഥികൾ. പൂക്കള മത്സരവും ഓണപ്പാട്ടുകളുമെല്ലാം ഗൂഗിൾ മീറ്റിലും സൂം ആപ്പിലുമായി ഇനി മുഴങ്ങും. ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കുന്നതിന്റെ അവസാനലാപ്പിലാണ് തൃശ്ശൂരിലെ പ്രധാന കലാലയങ്ങളിലെ വിദ്യാർഥികളെല്ലാം.

‘ ഓൺലൈൻ ഓണം’ എന്ന പേരിലാണ് ശ്രീ കേരളവർമ കോളേജിന്റെ ഇത്തവണത്തെ ഓണാഘോഷം. ഇ-പൂക്കളം, ചിത്രരചന, ഓണപ്പാട്ട്, ഫോട്ടോ കൊളാഷ്, പുരോഗമന മങ്ക-പുരോഗമന പുരുഷകേസരി പ്രസംഗമത്സരം തുടങ്ങിയവയും ഓൺലൈനായി നടത്തും. സെയ്ന്റ് മേരീസ് കോളേജിലും വിമലാ കോളേജിലും ഓണം ഓൺലൈനിൽത്തന്നെ. ‘സൂക്ഷിച്ചോണം’ എന്ന പേരിൽ വിമലാ കോളേജിന്റെ ഓണാഘോഷം വ്യാഴാഴ്ച തുടങ്ങും. വെർച്വൽ ഫാഷൻ ഷോയും ഓണപ്പൂക്കള മത്സരവും നടത്തുന്നുണ്ട്.

ഒന്നിച്ചുള്ള ഓണം നഷ്ടപ്പെട്ടു

മുൻവർ‌‍ഷങ്ങളിൽ രണ്ടുദിവസത്തെ ആഘോഷം കോളേജിൽ സംഘടിപ്പിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം ഒന്നിച്ച് സെറ്റുസാരിയൊക്കെ ഉടുത്തുള്ള ഓണാഘോഷത്തിന്റെ സന്തോഷം എന്തായാലും ഓൺലൈൻ ഓണത്തിന് കിട്ടില്ല. 

ടിബിന ജോർജ്
ചെയർപേഴ്സൺ
സെന്റ്മേരീസ് കോളേജ്

ഡ്രസ് കോഡ് വരെ തീരുമാനിച്ചിരുന്നു

കോളേജ് ജീവിതത്തിലെ അവസാനത്തെ ഓണം അടിച്ചുപൊളിക്കണമെന്നായിരുന്നു. ഡ്രസ്കോഡ് വരെ കൂട്ടുകാർ നിശ്ചയിച്ചിരുന്നതാണ്. എല്ലാം പൊളിഞ്ഞു. മുൻവർഷങ്ങളിൽ രണ്ടുദിവസമായിരുന്നു കോളേജിലെ ഓണാഘോഷം

പി.സുജിത്ത്
ശ്രീ കേരളവർമ കോളേജ്

കോളേജിലെ വൈബ് വേറെ

എന്തൊക്കെ പറഞ്ഞാലും കോളേജിലെ ഓണത്തിന്റെ വൈബ് വേറെയാണ്. ഓൺലൈൻ ആഘോഷങ്ങൾ എന്തായാലും അതിനൊപ്പം എത്തില്ലല്ലോ. പക്ഷേ ഈ ഒരു സാഹചര്യത്തിൽ നമ്മൾ മുൻകരുതലെടുത്തേ തീരൂ. കോളേജിലെ ആഘോഷം ഒരുപാട് മിസ് ചെയ്യുന്നുണ്ട്.

അലിന്റ ജോയ്
ചെയർപേഴ്സൺ, വിമല കോളേജ്

Content Highlights: campus onam celebrations Onam 2020