മിഴിയോരം നനഞ്ഞൊഴുകിയ ഫ്രെയിമിലാണ് ഗായകൻ ബിജു നാരായണന്റെ ഓണം ഓർമകൾ. നിഴൽ പോലെ കൂടെയുണ്ടായിരുന്ന പ്രിയതമ മാഞ്ഞുപോയ ശൂന്യത. ആ ഓർമകളിലാണ് ബിജു കുട്ടിക്കാലം മുതലുള്ള ഓണവിശേഷങ്ങൾ പങ്കുവെച്ചത്.

കടത്തുകടന്ന് പനങ്ങാട്ട്

കുട്ടിക്കാലത്തെ ഓണത്തിന്റെ വലിയ സന്തോഷങ്ങളിലൊന്ന് നഗരത്തിലെ വീട്ടിൽനിന്ന് അച്ഛന്റെ പനങ്ങാട്ടുള്ള വീട്ടിലേക്കുള്ള യാത്രയായിരുന്നു. കടത്തുകടന്നായിരുന്നു പനങ്ങാട്ടെ വീട്ടിലെത്തിയിരുന്നത്. അവിടെ അച്ഛന്റെ സഹോദരിയും മക്കളുമൊക്കെയായി വലിയൊരു സംഘം കാത്തിരിക്കുന്നുണ്ടാകും. പൂക്കളമൊരുക്കലും സദ്യയുമൊക്കെയായി ആർത്തുല്ലസിച്ചു നടന്ന നാളുകൾ.

മഹാരാജാസിലെ ഓണം

ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലമായിരുന്നു മഹാരാജാസ് കോളേജിലേത്. ഗായകനായതുകൊണ്ട് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓണപ്പരിപാടികളിലെല്ലാം എനിക്ക് വലിയ റോൾ ലഭിച്ചിരുന്നു. മഹാരാജാസിലെ പൂക്കളമത്സരം വലിയ ആവേശമായിരുന്നു. കുട്ടികളെല്ലാം പൈസ ഷെയറിട്ടാണ് പൂക്കൾ വാങ്ങുക. സംഭാവന പിരിക്കലും പൂക്കൾ വാങ്ങുന്നതുമുൾപ്പെടെ പൂക്കളമത്സരത്തിലെ പ്രധാനികളിലൊരാളായിരുന്നു ഞാൻ. കാമ്പസിൽ കൂട്ടുകാർക്കൊപ്പമിരുന്ന് പാട്ടുപാടി തകർക്കലും മറക്കാനാവില്ല.

ദുബായിലെ ഓണം

കോളേജ് പഠനകാലത്തുതന്നെ ഓണക്കാലത്ത് ദുബായിയിൽ പരിപാടി അവതരിപ്പിക്കാൻ പോയ യാത്രകൾ മറക്കാനാകില്ല. അവിടെ ഇന്ത്യൻ അസോസിയേഷന്റെ ഓണപ്പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ ഓണസദ്യക്കുള്ള പാചകക്കാരനും സംഘത്തിലുണ്ടാകും. തൂശനിലയും സദ്യയൊരുക്കാനുള്ള സാധനങ്ങളുമൊക്കെയായാണ് പറക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ കേളി എന്ന സംഘടനയുടെ ഓണപ്പരിപാടികളിൽ പങ്കെടുത്തതും നല്ല അനുഭവമായിരുന്നു. പാട്ടു കഴിഞ്ഞാൽ ഓണത്തിനുള്ള കറിക്ക് അരിയലായിരുന്നു എന്റെ പ്രധാന പരിപാടി.

അവൾ മാഞ്ഞുപോകുമ്പോൾ

കഴിഞ്ഞ വർഷം ഓണത്തിന്‌ ഓസ്‌ട്രേലിയയിലായിരുന്നു എനിക്കു പരിപാടി. എന്നാൽ ഭാര്യ ശ്രീലത അർബുദ ബാധിതയായതിനാൽ പോകേണ്ടെന്ന് ആദ്യം കരുതി. കീമോ കഴിഞ്ഞ് അവൾ സുഖം പ്രാപിച്ചുവരുന്നതു കണ്ടപ്പോൾ പോകാമെന്നും. പക്ഷേ, ഓണത്തിനു കുറച്ചു നാളുകൾക്കു മുമ്പേ അവൾ ഞങ്ങളെ വിട്ടുപോയി.

അതോടെ പരിപാടി കാൻസൽ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എന്നാൽ പരിപാടി കാൻസൽ ചെയ്യരുതെന്നും അവൾക്കു വേണ്ടി പാടണമെന്നും കെ.എസ്. ചിത്ര അടക്കമുള്ളവർ എന്നോടു പറഞ്ഞു. അവളും അതുതന്നെയാണ് ആഗ്രഹിച്ചിരുന്നതെന്ന് എന്റെ മനസ്സും പറഞ്ഞു. കഴിഞ്ഞ ഓണത്തിന് അവൾക്കായി ഞാൻ പാടി. ഇത്തവണയും ഞാനും മക്കളായ സിദ്ധാർത്ഥും സൂര്യയും അവളുടെ ഓർമകളിലാണ് ഓണത്തോട് അടുക്കുന്നത്.

Content Highlights: biju narayanan remembering wife sreelatha onam 2020