ബാലഗോകുല’ത്തിലെ നടരാജവിഗ്രഹത്തിനുമുന്നിൽ കൈകൂപ്പി നിൽക്കുന്ന ഫ്രെയിമിൽ ആശ ശരത്ത് മുന്നിലേക്കുവന്നു. പൂക്കളവും ഓണസദ്യയും ഓണക്കോടിയുമൊക്കെ നിറഞ്ഞ മനോഹരമായ ഫ്രെയിമുകളിലൂടെ ആശ സഞ്ചാരം തുടങ്ങി...

പെരുമ്പാവൂരിലെ കുട്ടിക്കാലം

പെരുമ്പാവൂരിലെ വീട്ടിൽ അച്ഛനും അമ്മയും ഞങ്ങൾ മൂന്നു മക്കളും ചേർന്നാണ് ഓണം ആഘോഷിച്ചിരുന്നത്. ഉത്രാടത്തിന് ഞങ്ങളെല്ലാം അമ്മയുടെ വീടായ പിണ്ടിമനയിലേക്കു പോകും. അവിടെ അമ്മാവൻമാർ നൽകുന്ന ഓണക്കോടിയാണ് പ്രതീക്ഷ. രാത്രി അവിടെനിന്ന് പെരുമ്പാവൂരിലെ വീട്ടിൽ തിരിച്ചെത്തും. തിരുവോണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. അമ്മയുടെ പാചകത്തിന്റെ രുചി പാരമ്യത്തിലെത്തുന്ന നാളാണ് തിരുവോണം.

കൂട്ടുകാരിയെ തോൽപ്പിക്കാൻ

അയൽക്കാരിയായ സുമയായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാരി. അവളെ തോൽപ്പിക്കുന്ന പൂക്കളം ഒരുക്കലായിരുന്നു അന്നത്തെ വലിയ ലക്ഷ്യം. അവൾ എഴുന്നേൽക്കുംമുമ്പേ പൂക്കളം തീർക്കും. എനിക്ക് രണ്ടു ചേട്ടൻമാരാണ്. അവർ മൂന്നു പെൺകുട്ടികളും. എപ്പോഴും ജയം സുമയ്ക്കായിരിക്കും. എന്നാലും പൂക്കളം ഒരുക്കുന്നതിന്റെ ആവേശം വേറെതന്നെയായിരുന്നു.

നൃത്തം നിറഞ്ഞ കാലം

കലാമണ്ഡലം സുമതിയുടെ മകളായതുകൊണ്ട് എന്റെ ഓണക്കാലം എന്നും നൃത്തപരിപാടികളുടെ തിരക്കുകളിലാണ്. ക്ഷേത്രങ്ങളിലും അസോസിയേഷനുകളിലുമൊക്കെ പരിപാടികൾ. അമ്മയുടെ നൃത്തസംഘത്തിനൊപ്പം ഞാനും പോകും. ഉത്രാടത്തിനും തിരുവോണത്തിനും നൃത്തം ഒഴിവാക്കും. അന്നു വീട്ടിൽ എല്ലാവരും ചേർന്ന് സദ്യയുണ്ടാക്കി കഴിക്കണമെന്ന് അമ്മ പറയും. ഇപ്പോൾ ഞാനും ഉത്രാടത്തിനും തിരുവോണത്തിനും അതേ നിലപാടിലാണ്.

ദുബായിലെ ഓണം

പതിനെട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞ് ദുബായിലേക്കു പറിച്ചുനടുമ്പോൾ ഒന്നുമറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. നൃത്തമില്ലാതെ കഴിയേണ്ടിവന്ന ദുബായിലെ ദിനങ്ങൾ ശ്വാസം മുട്ടിച്ചു. പതിയെ നൃത്താലയം തുടങ്ങി കുട്ടികളൊക്കെ വരാൻ തുടങ്ങിയതോടെ ജീവിതം മാറി. ദുബായിലെ അടുത്ത കൂട്ടുകാരായ രേഖയുടേയും രജിതയുടേയും കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെയും ഓണം.

ലോക്ഡൗണിലെ ഓണം

മാർച്ചിൽ ഗുരുവായൂരിൽ നൃത്തപരിപാടിക്കു വന്നു ഇവിടെ കുടുങ്ങിയതാണ് ഞാനും ഭർത്താവ് ശരത്തും മകൾ ഉത്തരയും. ഇളയമകൾ കാനഡയിൽ പഠിക്കുകയാണ്. ലോക്ഡൗൺ നീണ്ടതോടെ ഓണം ഇവിടെയായി. രണ്ടു മാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ ജീവിതത്തിലേക്കു തിരിച്ചെത്തിയ അച്ഛനും അമ്മയ്ക്കുമൊപ്പം ഓണത്തിന് നിൽക്കാൻ കഴിയുന്നത് വലിയ സന്തോഷമാണ്.

Content Highlights: asha sarath sharing onam memories