മാസ്കിട്ട് ഗ്യാപ്പിട്ട് സോപ്പിട്ടുള്ള ഓണമാണ് ഇക്കുറിയെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് കളക്ടർ ഡോ. അദീല അബ്ദുള്ള. ഓണമെന്ന് പറയുന്പോഴേ തനി കുറ്റ്യാടിക്കാരിയാകും കളക്ടർ. ഓണപ്പൊട്ടനും പരിപ്പ് പ്രഥമനും സദ്യക്കൊപ്പം കോഴിക്കറിയും ചേരുന്ന വടക്കൻ മലബാറിന്റെ ഓണമാണ് അദീലയുടേതും.

‘‘ഓണപ്പൊട്ടന്റെ മണിയടിച്ചുള്ള വരവിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ചിങ്ങം തുടങ്ങുന്നതു മുതൽ. ഞങ്ങളുടെ വീടിരിക്കുന്ന ഭാഗത്ത് കണാരേട്ടനാണ് സ്ഥിരമായി ഓണപ്പൊട്ടനാകുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും ‘ണീം..ണീം..’ എന്ന് പ്രത്യേക താളത്തിൽ മണിയടിച്ച് ഓണപ്പൊട്ടനെത്തും. ഞങ്ങൾ ദക്ഷിണ നൽകിയാണ് സ്വീകരിക്കുക. ഒരുവാക്കുപോലും ഉരിയാടില്ല, പക്ഷേ, ചാടിമറിഞ്ഞ് കുട്ടികളെയൊക്കെ പേടിപ്പിക്കും. ഇപ്പോൾ എന്റെ സുഹൃത്തുകൂടിയായ ഷൈജുവും ഓണപ്പൊട്ടനായി വേഷം കെട്ടാറുണ്ട്’’. -അദീല പറഞ്ഞു.

ഓണപ്പൊട്ടനും പരിപ്പു പ്രഥമനും

വടക്കൻ മലബാറുകാർക്ക് ഓണത്തിനും പ്രത്യേക രുചികളുണ്ട്. അരിയും ശർക്കരയുംകൂടി ഉരലിലിടിച്ച് അരിയുണ്ടയുണ്ടാക്കിത്തുടങ്ങുന്നതോടെ ഓണമായി. പരിപ്പ് പ്രഥമനാണ് ഓണത്തിന് പ്രത്യേകത. ‘അതിനൊരു പ്രത്യേക വേവും വേണം, തേങ്ങാപ്പാലും ശർക്കരയും ഒക്കെ കണക്കിന് ചേർന്നാലേ ആ രസം പൂർത്തിയാവൂ’ - കുറ്റ്യാടി സ്പെഷ്യലാണ് പരിപ്പ് പ്രഥമമെന്ന് ഡോ. അദീല. വടക്കൻ മലബാർ വിട്ടാൽ ഓണം വെജിറ്റേറിയനാവും. ഞങ്ങൾക്ക് പക്ഷേ, വറുത്തരച്ച കോഴിക്കറികൂടി വേണം, സാമ്പാർ പോലും തേങ്ങ വറുത്തരച്ചാണ് വെക്കുന്നത്. അയൽപക്കത്തെ ഭാസ്കരേട്ടന്റെ വീട്ടിലാണ് ഓണമുണ്ണുന്നത്. മറ്റു വീടുകളിൽനിന്നെല്ലാം പായസം വീട്ടിലെത്തും. അയൽപക്കത്തെ വീടുകളിൽ പൂവിടാനും കൂടുമായിരുന്നു. തിരുവോണത്തിന് വൈകീട്ട് പൂക്കളം വാരി പൂവേ പൊലിയെന്ന് ഉറക്കെ പാടി തോട്ടിലൊഴുക്കാനും കുട്ടിക്കാലത്ത് പോയിരുന്നു.

ഭർത്താവിന്റെ വീട് മലപ്പുറം, പാലക്കാട് അതിർത്തിയിലാണ്. അവിടെ പാലട, അവിയൽ, കുറുക്ക് കാളൻ അങ്ങനെയൊക്കെയാണ് പ്രധാനം, ഊഞ്ഞാലൊക്കെ കെട്ടും. എനിക്ക് പക്ഷേ, ഓണമായാൽ ഓണപ്പൊട്ടനും പരിപ്പു പ്രഥമനുമൊക്കെ വേണം.

ഇത്തിരിയധികം കരുതൽ വേണം

ഇക്കുറി ഓണത്തിന് അധികം കരുതൽ വേണം. നമ്മുടെ ഓർമകളിലെ ഓണമല്ല ഇക്കുറി, മനസ്സുകൊണ്ട് ചേർന്നിരിക്കുമ്പോഴും അകന്നിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. കൊടുക്കൽ വാങ്ങലുകളുടെ പതിവ് നമുക്ക് പണ്ടേയുണ്ട്. ഇക്കുറിയത് പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ നഷ്ടങ്ങളുടെയും സാമ്പത്തിക പ്ര‌തിസന്ധിയുടെയുംകൂടി കാലമാണിത്. അടുത്ത വീട്ടിലും ഓണമില്ലേയെന്ന് ശ്രദ്ധ വേണം. ഇത്തവണ വയനാട്ടുകാരുടെ സ്നേഹംകൂടി അറിയുന്ന ഓണമാണ്. വ്യാപാരി വ്യവസായികൾ ചേർന്ന് എനിക്കൊരു ഓണക്കോടിയൊക്കെ സമ്മാനിച്ചു. താനും ചിലർക്ക് ഓണക്കോടി സമ്മാനിച്ചെന്ന് കളക്ടർ പറഞ്ഞു.

Content Highlights: Adeela Abdulla IAS, Onam 2020, Adeela Abdulla's Onam Celebration