ണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നാണ് അച്ചാര്‍. നാരങ്ങയും മാങ്ങയും നെല്ലിക്കയും കൊണ്ടെല്ലാം അച്ചാര്‍ ഉണ്ടാക്കുന്നത് സാധാരണമാണ്. എന്നാല്‍ അല്‍പം വ്യത്യസ്തമായി ഈന്തപ്പഴവും ഉണക്കമുന്തിരിയും ചേര്‍ത്തൊരു അച്ചാര്‍ ഉണ്ടാക്കി നോക്കിയാലോ? വെറും പതിനഞ്ചു മിനിറ്റിനുള്ളില്‍ തയ്യാറാക്കാവുന്ന ഈന്തപ്പഴം-ഉണക്കമുന്തിരി അച്ചാര്‍ റെസിപ്പിയാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ഈന്തപ്പഴം- 250 ഗ്രാം
ഉണക്കമുന്തിരി- 100 ഗ്രാം
മുളകുപൊടി (കശ്മീരി ചില്ലി)- 3 ടീസ്പൂണ്‍
വെളുത്തുള്ളി- 4 അല്ലി
ഇഞ്ചി- 1 കഷ്ണം
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്
കായപ്പൊടി- ആവശ്യത്തിന്
കറിവേപ്പില- രണ്ടുതണ്ട്
വിനാഗിരി- ആവശ്യത്തിന്
ശര്‍ക്കര- മധുരം ആവശ്യമെങ്കില്‍ ഒരു അച്ച്

തയ്യാറാക്കേണ്ട വിധം

ഈന്തപ്പഴം ചെറിയ കഷണങ്ങളാക്കി വെക്കുക. ഉണക്കമുന്തിരി എണ്ണയില്‍ വറുത്തുകോരിവെക്കുക. പാന്‍ വച്ച് അതിലേക്ക് കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ആക്കിയതും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായം പൊടിച്ചതും ചേര്‍ത്തിളക്കുക. ചേരുവകള്‍ വഴന്നു വന്നതിനുശേഷം ഒരുകപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇനി കഷണങ്ങളാക്കി വച്ച ഈന്തപ്പഴം ചേര്‍ത്ത് നന്നായി വഴറ്റുക. ഈന്തപ്പഴം അലിഞ്ഞു വരുമ്പോള്‍ വറുത്തുവെച്ച മുന്തിരി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വിനാഗിരി ചേര്‍ക്കുക. മധുരം ആവശ്യമുള്ളവര്‍ക്ക് വെള്ളം ചേര്‍ക്കുന്നതിനൊപ്പം ഒരു അച്ച് ശര്‍ക്കര കൂടി ചേര്‍ത്ത് അല്‍പസമയം ഇളക്കിയതിനുശേഷം വാങ്ങിവെക്കാം.

Content Highlights: dates raisins pickle recpie onam recipe