ഴയുടെ പുതപ്പു മാറ്റി, പൂക്കളുടെ പുഞ്ചിരിയിലേക്ക് പ്രകൃതി കണ്ണെറിയാന്‍ തുടങ്ങുന്ന സുന്ദരകാലത്തിന്റെ ഓര്‍മകള്‍... ചാറ്റല്‍മഴയെ വകഞ്ഞുമാറ്റി തലനീട്ടിനോക്കിയ സായാഹ്നസൂര്യന്റെ ഇളംചൂടേറ്റ് ഉമ്മറത്തിരിക്കുമ്പോള്‍, സതീശന്റെ ഓര്‍മകള്‍ നിറയെ ഒരുപാട് പൂക്കളുടെ പുഞ്ചിരിയുണ്ടായിരുന്നു... സുന്ദരമായ നിറങ്ങളുടെ കാന്‍വാസ് പോലെ തോന്നിച്ച തൂണില്‍ ചാരിയിരുന്ന് സതീശന്‍ ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതേ സുഗന്ധത്തില്‍ ഒരാള്‍കൂടി അരികിലുണ്ടായിരുന്നു... തൊടിയിലും മുറ്റത്തും വിരിഞ്ഞുനില്‍ക്കുന്ന മുക്കുറ്റിയും കോളാമ്പിപ്പൂവും ഒക്കെ കൈക്കുടന്നയില്‍ കോരിയെടുത്ത് പൂക്കളമിടാന്‍ കൊതിച്ചുനടന്ന ബാല്യത്തിന്റെ ഓര്‍മകളില്‍ ഒരാള്‍... സരയു.

ഓണനാളിലെ വിശേഷങ്ങള്‍ ഓര്‍ത്തെടുത്ത് വി.ഡി. സതീശന്‍ എം.എല്‍.എ.യും നടി സരയു മോഹനും ഉമ്മറത്തിരിക്കുമ്പോള്‍, കാതോരമൊഴുകിയെത്തിയത് മുഴുവന്‍ സുന്ദരമായ ഒരു കാലത്തിന്റെ ശബ്ദചിത്രങ്ങളായിരുന്നു.

വാടകവീടുകളിലെ ഓണം

സരയുവിന്റെ കുട്ടിക്കാലത്തെ ഓണത്തെപ്പറ്റി എന്തൊക്കെ ഓര്‍മകളാണുള്ളത്...?

സ്വാഗതപ്രസംഗം പോലെ ആദ്യചോദ്യം എറിഞ്ഞത് സതീശന്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തേക്ക് സഞ്ചരിക്കാന്‍ ഒരുപാട് വര്‍ഷമൊന്നും പിറകിലേക്ക് പോകാനില്ലാത്ത സരയുവിന്, ആ ചോദ്യത്തിന്റെ ഉത്തരത്തിനും അല്‍പ്പംപോലും സമയം വേണ്ടിവന്നില്ല.

'അഞ്ചുവര്‍ഷം മുമ്പുവരെ വാടകവീടുകളിലായിരുന്നു എന്റെ ഓരോ ഓണവും ആഘോഷിച്ചിരുന്നത്. വാടകവീടുകളില്‍ താമസിച്ചിരുന്നതുകൊണ്ട് ഒരു ഗുണമുണ്ടായി... ഓരോ ഓണവും വ്യത്യസ്തമായ കുടുംബങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞു. ഓണനാളില്‍ എല്ലാവരും ചേര്‍ന്ന് സദ്യയൊക്കെയുണ്ടാക്കി വലിയ ആഘോഷമായിരുന്നു. ആ നാളുകളൊക്കെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല...'

സരയുവിന്റെ വാക്കുകള്‍ തീരുമ്പോള്‍ അനുബന്ധമായി സതീശന്‍ ഒരുകാര്യം പറഞ്ഞു: 'ഓണത്തിന്റെ ആഘോഷങ്ങളുടെ പ്രത്യേകത അതു തന്നെയാണ്... എല്ലാവരും ഒരുമിക്കുന്നതിന്റെ സന്തോഷമാണ് ഓണത്തിന്റെ അടയാളം...'

സതീശന്റെ വാക്കുകള്‍ കേട്ട് സരയു ചിരിച്ചു.

സ്വാതന്ത്ര്യത്തിന്റെ വസന്തം

സരയു കുട്ടിക്കാലത്തെ കഥ പറഞ്ഞുതീരുമ്പോള്‍ ഓര്‍മകളുടെ മൈക്ക് സതീശന്‍ കൈയിലെടുത്തു: 'എന്റെ കുട്ടിക്കാലത്തെ ഓണത്തെ ഒരു വാചകത്തില്‍ പറയാം... സ്വാതന്ത്ര്യത്തിന്റെ വസന്തം. ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ഓണക്കാലം, പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം കൂടിയായതിനാല്‍ സ്വാതന്ത്ര്യം വളരെക്കൂടുതല്‍ കിട്ടുന്ന സമയമായിരുന്നു അത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിപ്പോയാല്‍ രാത്രിവരെ കളിച്ചുതിമിര്‍ത്ത് നടക്കാം. ഓണക്കാലത്തെ ഏറ്റവും വലിയ രസം ക്ലബ്ബുകളിലെ ആഘോഷങ്ങളായിരുന്നു. നാടകം കളിക്കാന്‍ കിട്ടുന്ന സുവര്‍ണകാലമായിരുന്നു കുട്ടിക്കാലത്തെ ഓരോ ഓണവും. വലിയൊരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. മൂന്ന് ചേട്ടന്‍മാരും ഒരു അനിയനും അനിയത്തിയും അടക്കം ആറ് മക്കളായിരുന്നു ഞങ്ങള്‍. അവരെല്ലാം കൂടിയുള്ള ഓണനാളുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സ് നിറഞ്ഞുതുളുമ്പും...'

-സതീശന്‍ ഓര്‍മകള്‍ കുടഞ്ഞിടുമ്പോള്‍ സരയു കേട്ടിരുന്നു.

അച്ഛന്‍ മറഞ്ഞ കാലം

ഓണത്തിന്റെ സന്തോഷചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സരയുവിന്റെ മുഖത്തേക്ക് പടര്‍ന്ന സങ്കടം സതീശന്‍ കണ്ടത്. അതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഒരു ഓണനാളില്‍ മറഞ്ഞുപോയ അച്ഛനെപ്പറ്റി സരയു പറഞ്ഞത്: 'അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഓണക്കാലത്താണ് അച്ഛന്‍ മരിച്ചത്. ഓണത്തിന് മുമ്പേ അച്ഛന്‍ ആശുപത്രിയിലായിരുന്നു. കാന്‍സര്‍ബാധിതനായ അച്ഛന് ഇനി അധികനാളുകളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് വലിയൊരു രഹസ്യമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഉത്രാടനാളില്‍ വീട്ടില്‍ പൊയ്‌ക്കോട്ടേയെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍, ഡോക്ടര്‍ അതു സമ്മതിക്കുകയും ചെയ്തു. ഉത്രാടത്തിന് വീട്ടിലെത്തിയ അച്ഛന്‍ ഞങ്ങളോടൊപ്പം സദ്യയുണ്ടു. തിരുവോണനാളില്‍ അച്ഛന്‍ തിരികെ ആശുപത്രിയിലെത്തുകയും ചെയ്തു. ആ ഓണനാളില്‍ അച്ഛനോടൊപ്പമിരുന്ന് ഉണ്ട സദ്യയുടെ രുചി സങ്കടമായി ഇന്നും മനസ്സിലുണ്ട്. ഇനിയൊരു ഓണനാളില്‍ അച്ഛന്‍ എന്നോടൊപ്പമുണ്ടാകില്ലെന്ന തിരിച്ചറിവിലുള്ള ഒരു സദ്യ...'

-സങ്കടത്താല്‍ സരയുവിന്റെ വാക്കുകള്‍ മുറിഞ്ഞുനിന്നു.

മാമ്പഴപ്പുളിശ്ശേരിയും അമ്മയുടെ ഗന്ധവും

സരയു അച്ഛന്റെ കഥ പറയുമ്പോള്‍ അമ്മയുടെ ഓര്‍മകളിലായിരുന്നു സതീശന്‍: 'എന്റെ അമ്മ മരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായി. ഓണനാളില്‍ ഇന്നും അമ്മയുടെ ഗന്ധം എനിക്കുചുറ്റും പൊതിയുന്നതുപോലെ തോന്നും. ഓണസദ്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടം മാമ്പഴപ്പുളിശ്ശേരിയായിരുന്നു. ഇന്നും ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, അമ്മ ഉണ്ടാക്കിത്തരുമായിരുന്ന മാമ്പഴപ്പുളിശ്ശേരിയുടെ സ്വാദ് നാവിന്‍തുമ്പില്‍ നിറയും. അമ്മ 36 തരം സാമ്പാര്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ് അച്ഛന്‍ എപ്പോഴും കളിയാക്കുമായിരുന്നു. അതില്‍ ഏറ്റവും നന്നായി വരുന്ന സാമ്പാര്‍ തിരുവോണത്തിന് വെയ്ക്കുന്നതായിരിക്കും. ഓണനാളില്‍ സാമ്പാറും അവിയലും വെയ്ക്കാന്‍ അച്ഛനും അമ്മയെ സഹായിക്കാറുണ്ടായിരുന്നു...'

സതീശന്റെ വാക്കുകള്‍ തീരുംമുമ്പേ സരയു വീണ്ടും വാചാലയായി: 'ഓണത്തിനായിരുന്നു ഞങ്ങളുടെ വീട്ടിലും ഫുള്‍സദ്യ ഉണ്ടാകാറുള്ളത്. മാമ്പഴപ്പുളിശ്ശേരിയാണ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. സദ്യയില്‍ മാമ്പഴപ്പുളിശ്ശേരിയുടെ സ്വാദ് ഒന്നു വേറെതന്നെയാണ്...'

-സരയു പറയുമ്പോള്‍ സതീശന്‍ ചിരിച്ചു.

മഞ്ജു വാര്യരുടെ പട്ടുപാവാട

'ആദ്യമായി പട്ടുപാവാട കിട്ടിയതിന്റെ സന്തോഷം...' കുട്ടിക്കാലത്തെ ഓണത്തെ അങ്ങനെയാണ് സരയു ഇന്നും ഓര്‍ക്കുന്നത്.

'ആദ്യമായി അച്ഛന്‍ എനിക്ക് ഒരു പട്ടുപാവാട തയ്പിച്ചുതന്നത് ഓണത്തിനാണ്. 'ഈ പുഴയും കടന്ന്' എന്ന സിനിമയില്‍ മഞ്ജു വാര്യർ  അണിഞ്ഞ പട്ടുപാവാട കണ്ട്, അതുപോലെ ഒരെണ്ണം വേണമെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു. എന്റെ കരച്ചില്‍ കണ്ടാണ് അച്ഛന്‍ ഓറഞ്ച് നിറത്തിലുള്ള ബ്ലൗസും വയലറ്റ് ചെക്ക് പാവാടയും വാങ്ങിത്തന്നത്. അന്നൊക്കെ ഓണത്തിന് ഒരു വസ്ത്രം കിട്ടുന്നത് എന്തു സന്തോഷമായിരുന്നെന്നോ...'

-സരയുവിന്റെ കഥയ്ക്ക് സതീശനും ഒരനുബന്ധം പറഞ്ഞു: 'സരയു ഒറ്റമോളായതുകൊണ്ട് അച്ഛന്‍ പെട്ടെന്ന് അത് വാങ്ങിത്തന്നു. ഞങ്ങള്‍ ആറ് മക്കളായിരുന്നു. ഓണത്തിന് സാധാരണ ഞങ്ങള്‍ക്ക് പുതുവസ്ത്രം കിട്ടാറില്ലായിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയത്താണ് അച്ഛന്‍ ഞങ്ങള്‍ക്കെല്ലാം പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തരാറുള്ളത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്നും പുതുവസ്ത്രമല്ലേ...'

-സതീശന്‍ പറഞ്ഞതു കേട്ട് സരയു തലയാട്ടി.

പ്രളയത്തിലെ ഓണം

വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍, പ്രളയത്തില്‍ മുങ്ങിയ കഴിഞ്ഞ ഓണത്തിന്റെ സങ്കടക്കാഴ്ചകള്‍ പങ്കിടാനും ഇരുവരും മറന്നില്ല.

'കഴിഞ്ഞ ഓണം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. പ്രളയം എല്ലാം കവര്‍ന്നെടുത്ത ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പമായിരുന്നു എന്റെ ഓണം.

സാധാരണഗതിയില്‍ ഓണനാളില്‍ ഞങ്ങള്‍ വീട്ടുകാരെല്ലാം ഒത്തുകൂടാറുള്ളതാണ്. കഴിഞ്ഞ തവണ അതുണ്ടായില്ല. നമ്മുടെ നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ ക്യാമ്പില്‍ കഴിയുമ്പോള്‍ ഞങ്ങളെങ്ങനെ ഓണം ആഘോഷിക്കാനാണ്...?' -സതീശന്റെ ഓര്‍മകള്‍ക്കൊപ്പം സരയുവിനും ആ സങ്കടകാലം പങ്കിടാനുണ്ടായിരുന്നു: 'കഴിഞ്ഞ ഓണനാളില്‍ ഞാനും പ്രളയബാധിതരെ സഹായിക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞ ഓണം സങ്കടത്തിന്റെ വലിയൊരു മുറിവ് തന്നെയായിരുന്നു...'

-സരയു സങ്കടംപറഞ്ഞിരിക്കുമ്പോള്‍ സതീശന്‍ വീണ്ടും രംഗത്തെത്തി: 'അതൊക്കെ നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിച്ചില്ലേ... ഇത്തവണ വീണ്ടും ഓണം നമുക്ക് ഗംഭീരമാക്കണം...'

-സതീശന്‍ പറഞ്ഞത് സമ്മതിച്ചതുപോലെ സരയുവിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു.

Content Highlights : Sarayu Mohan VD Satheeshan MLA Onam Nostalgia Onam 2019