പാലപ്പൂവും പാരിജാതവും ചെമ്പകവും പൂത്തുലയുന്ന, സുഗന്ധം ഒഴുകിയെത്തുന്ന സന്ധ്യാനേരം... ഒരേയൊരു ശ്വാസത്തിന്റെ ദൂരത്തില്‍, അവളുടെ നെഞ്ചിടിപ്പിന്റെ താളമളന്ന് കൊതിപ്പിക്കുന്ന ഇലഞ്ഞിപ്പൂഗന്ധവുമായി അയാള്‍ അരികിലേക്ക് വരുന്നു... പരിചിതമല്ലാത്ത ഏതോ ഭാഷയില്‍ അയാള്‍ അവളെ പേരുചൊല്ലി വിളിക്കുന്നു...

സന്ധ്യമയങ്ങുന്ന നേരത്ത് ദര്‍ബാര്‍ഹാള്‍ മൈതാനത്തെ അരമതിലിലിരുന്ന് ഭാമ കുട്ടിക്കാലത്തെ ഓണരാവുകളിലൊന്ന് വരച്ചിടുമ്പോള്‍, ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമിലേക്ക് നിറങ്ങള്‍ വാരിയെറിയുന്നതുപോലെ കേട്ടിരിക്കുകയായിരുന്നു സുഹാസ്.

'ഗന്ധര്‍വന്റെ വരവ്' കാത്തിരുന്ന കുട്ടിക്കാലത്തെ ഓണരാവുകളിലൂടെ ഭാമ സഞ്ചരിക്കുമ്പോള്‍ ഓണനാളുകളില്‍ നാവിന്‍തുമ്പില്‍ മധുരമായി നിറയുന്ന 'പാല്‍പ്പായസ'ത്തിന്റെ രുചിയായിരുന്നു സുഹാസിന്റെ വിശേഷങ്ങളായി പെയ്തിറങ്ങിയത്.

ഒരിക്കലും മറക്കാത്ത ഓണസ്മരണകളുമായി ജില്ലാ കളക്ടര്‍ എസ്. സുഹാസും നടി ഭാമയും ദര്‍ബാര്‍ഹാള്‍ മുറ്റത്ത് ഒത്തുചേര്‍ന്നപ്പോള്‍, കാതോരമൊഴുകിയെത്തിയതെല്ലാം സുന്ദരമായ അനുഭവങ്ങളുടെ ശബ്ദചിത്രങ്ങളായിരുന്നു.

കസവുസാരിയുടുത്ത്, കാറ്റില്‍ ഇളകുന്ന മുടിയിഴകളില്‍ തലോടി ഭാമ നടന്നുവരുമ്പോള്‍ ദര്‍ബാര്‍ഹാളിലെ അരമതിലില്‍ ഏതൊക്കെയോ ഓര്‍മകളില്‍ ലയിച്ചിരിക്കുകയായിരുന്നു സുഹാസ്.

bhama

തൊട്ടടുത്ത് ഭക്തിയുടെ താളലയത്തില്‍ ശിവക്ഷേത്രത്തിന്റെ സുന്ദരമായ സാന്നിധ്യം. ക്ഷേത്രത്തിന്റെ പശ്ചാത്തലവും സന്ധ്യാനേരവുമൊക്കെ ആയതുകൊണ്ടാകാം അതേ ഫ്രെയിമിലെ ഓര്‍മകളിലാണ് ഭാമ, വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങിയത്.

''അമ്മൂമ്മയും അമ്മയും ഞങ്ങള്‍ മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബത്തിലായിരുന്നു എന്റെ കുട്ടിക്കാലം... അമ്മൂമ്മയുള്ളതുകൊണ്ട് കുട്ടിക്കാലം മുഴുവന്‍ കഥകളുടെയും ഉപദേശങ്ങളുടെയും നിറ സമൃദ്ധിയായിരുന്നു... രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുളിക്കണം, രാവിലെ വെട്ടംവീണുകഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടികള്‍ കിടന്നുറങ്ങരുത്, സന്ധ്യകഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്... എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങളായിരുന്നു അമ്മൂമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങിയാല്‍ 'ഗന്ധര്‍വന്‍ വരും' എന്ന ഭീഷണിയായിരുന്നു ഇതില്‍ പ്രധാനം. ചെമ്പകവും പാരിജാതവും ഒക്കെ നിറഞ്ഞ വലിയൊരു പറമ്പിലായിരുന്നു ഞങ്ങളുടെ വീട്. ഓണനാളുകളില്‍ ഇതെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുന്ന സന്ധ്യാനേരത്ത് ഞാന്‍ അമ്മൂമ്മ കാണാതെ ഇടയ്ക്ക് പുറത്തിറങ്ങും. സന്ധ്യകഴിഞ്ഞാല്‍ ഗന്ധര്‍വന്‍ വരുമെന്നാണ് അമ്മൂമ്മ പറഞ്ഞിട്ടുള്ളത്. വിലക്കപ്പെട്ടത് കാണാനും അത് നേടിയെടുക്കാനുമാണല്ലോ എപ്പോഴും നമ്മള്‍ ശ്രമിക്കാറുള്ളത്... ഗന്ധര്‍വന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു.

ആയിടയ്ക്ക് പുറത്തിറങ്ങിയ പത്മരാജന്റെ 'ഞാന്‍ ഗന്ധര്‍വന്‍' എന്ന ചിത്രത്തിലൂടെ ഗന്ധര്‍വനെക്കുറിച്ച് ഒരു രൂപവും മനസ്സിലുണ്ടായിരുന്നു...''

-ഭാമ ഗന്ധര്‍വ വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍, ആകാംക്ഷ അടക്കാനാകാത്തതുപോലെ സുഹാസിന്റെ ചോദ്യമെത്തി: ''എന്നിട്ട് ഭാമ ഗന്ധര്‍വനെ കണ്ടോ...?''

ഗന്ധര്‍വ വിശേഷങ്ങളില്‍നിന്ന് ഭാമ സുഹാസിന്റെ രുചിവിശേഷങ്ങളിലേക്കാണ് അടുത്ത ചോദ്യത്തിന്റെ ഇലയിട്ടത്.

'ഇഷ്ടമുള്ള ഓണവിഭവങ്ങള്‍ എന്തൊക്കെയാണ്?' എന്ന ചോദ്യത്തിന് അതിവേഗത്തിലായിരുന്നു സുഹാസിന്റെ മറുപടി: ''ഞാന്‍ കേരളത്തില്‍ വന്നിട്ട് ഏഴു വര്‍ഷമായി. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍, ഇവിടെ കിട്ടിയ വലിയ ഇഷ്ടങ്ങളിലൊന്ന് ഓണസദ്യയാണ്. സദ്യയില്‍ നെയ്യും പരിപ്പുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചോറില്‍ പരിപ്പും നെയ്യും ഒഴിച്ച് കുഴച്ചു കഴിക്കുന്നത് നല്ലൊരു ഫീല്‍ തരും. കാളനും കിച്ചടിയും എനിക്ക് ഇഷ്ടമുള്ള വിഭവങ്ങളാണ്. മറ്റു ചില വിഭവങ്ങളുടെ പേര് അറിയില്ലെങ്കിലും നല്ല സ്വാദുള്ളതാണ് എല്ലാ കറികളും. പായസത്തില്‍ 'പാല്‍പ്പായസം' കഴിഞ്ഞേ മറ്റെന്തുമുള്ളൂ...''

-സുഹാസ് സദ്യവിശേഷങ്ങള്‍ വിളമ്പിയപ്പോള്‍ ഭാമയും അരികില്‍ ഇലയിട്ടു: ''എന്റെ കുട്ടിക്കാലത്ത് ഓണസദ്യയിലെ എല്ലാ വിഭവങ്ങളും വീട്ടില്‍ത്തന്നെയാണ് ഉണ്ടാക്കിയിരുന്നത്. പൈനാപ്പിള്‍ പച്ചടിയും അവിയലും കാളനുമാണ് എന്റെ ഇഷ്ടവിഭവങ്ങള്‍. പായസത്തില്‍ ഒന്നാം നമ്പര്‍ 'അടപ്രഥമന്‍' തന്നെ. 'ഇളനീര്‍പ്പായസ'വും ഓണക്കാലത്ത് വീട്ടിലെ പ്രധാന വിഭവങ്ങളില്‍ ഒന്നായിരുന്നു...''

-ഭാമയുടെ സദ്യവിശേഷങ്ങള്‍ കേട്ട് സുഹാസ് ചിരിച്ചു.

''ഭാമയുടെ കുട്ടിക്കാലത്തെ ഓണമൊക്കെ എങ്ങനെയായിരുന്നു...?''

കളക്ടറുടെ അടുത്ത ചോദ്യം ഭാമയുടെ കണ്ണുകളെ ചെറുതായി നനയിച്ചതുപോലെ തോന്നി: ''എന്റെ കുട്ടിക്കാലം ഒരു 'പെണ്‍പട്ടണം' തന്നെയായിരുന്നു. അമ്മയും അമ്മൂമ്മയും രണ്ടു ചേച്ചിമാരും ഞാനും അടക്കം അഞ്ചുപേരുടെ പെണ്‍പട്ടണമായിരുന്നു ഞങ്ങളുടെ കുടുംബം.

അച്ഛന്‍ എന്റെ കുട്ടിക്കാലത്തുതന്നെ മരിച്ചുപോയിരുന്നു. കുട്ടിക്കാലത്തെ ഓണം അപൂര്‍വമായി കിട്ടുന്ന സമ്മാനങ്ങള്‍ക്കുള്ള കാത്തിരിപ്പിന്റെ കാലമായിരുന്നു.

കോട്ടയത്തെ ഞങ്ങളുടെ വീട്ടിലേക്ക് ഓണക്കാലത്ത് ബന്ധുക്കളെല്ലാം എത്തുമായിരുന്നു. ബന്ധുക്കളില്‍ പലരും ഓണക്കോടിയുമായാണ് വരാറുള്ളത്. അന്നൊക്കെ വളരെ അപൂര്‍വമായിട്ടാണ് ഞങ്ങള്‍ക്ക് വസ്ത്രങ്ങളൊക്കെ എടുത്തുതരാറുള്ളത്...

അതുകൊണ്ടുതന്നെ, ഓണത്തിന് ഇവര്‍ കൊണ്ടുവരാറുള്ള വസ്ത്രം വലിയൊരു കാത്തിരിപ്പും സമ്മാനവുമായിരുന്നു.

എല്ലാവരും ഒത്തുകൂടി സദ്യയും പുതുവസ്ത്രമണിഞ്ഞുള്ള കളിചിരികളും ആഘോഷങ്ങളുമൊക്കെയായി വലിയ രസമുള്ള നിമിഷങ്ങളായിരുന്നു അതെല്ലാം. ഇന്ന് പലതും നമുക്ക് സ്വന്തമാകുമ്പോഴും അന്നത്തെ ഓര്‍മകള്‍ക്ക് പകരംവെയ്ക്കാന്‍ അതിലേതിനാണ് സാധിക്കുന്നത്...''

-ഏതൊക്കെയോ ഓര്‍മകളില്‍ ഭാമയുടെ സംസാരം മുറിഞ്ഞു.

ഭാമയുടെ നഷ്ടസ്വപ്നങ്ങളുടെ സങ്കടം കേട്ടതുകൊണ്ടാകാം സുഹാസ് അതില്‍നിന്ന് സന്തോഷത്തിന്റെ ഒരോണക്കാലത്തേക്ക് സംസാരം കൊണ്ടുപോയത്: ''ഇത്തവണ കളക്ടറേറ്റില്‍ ഞങ്ങള്‍ എല്ലാവരുംകൂടി ഓണം ആഘോഷിച്ചു. ജീവനക്കാരെല്ലാം ഒത്തുചേര്‍ന്ന് സദ്യയും കളികളുമൊക്കെയായി നല്ല രസമായിരുന്നു. സദ്യയി ല്‍ ഭക്ഷണം വിളമ്പുന്നതും അതെല്ലാം ജീവനക്കാര്‍ ആസ്വദിച്ച് കഴിക്കുന്നതും മനസ്സ് നിറയ്ക്കുന്ന അനുഭവങ്ങളായിരുന്നു. സമൂഹത്തിനുവേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് ഒരു സിവില്‍ സര്‍വീസുകാരന്‍ എന്ന നിലയില്‍ എന്റെ ദൗത്യം. ഇത്തവണ ഓണത്തോടനുബന്ധിച്ച് ഒട്ടേറെ സാമൂഹികകാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് ജില്ലാ ഭരണകൂടത്തിന്റെ സന്തോഷവും നേട്ടവുമാണ്. കുറെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 'ഓണക്കിറ്റു'കള്‍ നല്‍കി. വൃദ്ധമന്ദിരത്തിലെ അമ്മമാര്‍ക്കൊപ്പം കുറേനേരം ഓണാഘോഷവുമായി ഒത്തുകൂടാന്‍ കഴിഞ്ഞതും മനസ്സിന് വലിയ സംതൃപ്തിനല്‍കുന്ന കാര്യമായി. ഓണം മുന്നോട്ടുവെയ്ക്കുന്ന നന്മകള്‍ ഇങ്ങനെയൊക്കെയാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്...''

-കളക്ടറുടെ വാക്കുകള്‍ നൂറുശതമാനം ശരിവെക്കുന്നതുപോലെ ഭാമ തലയാട്ടി.

കൊച്ചിക്കായലില്‍നിന്ന് ഒഴുകിയെത്തുന്ന കാറ്റില്‍ ഇളകുന്ന മുടി ഒതുക്കിവെയ്ക്കുമ്പോഴാണ് ഭാമ ഓണനാളിലെ മറ്റു ചില ഇഷ്ടങ്ങളെക്കുറിച്ച് മനസ്സു തുറന്നത്: ''കുട്ടിക്കാലത്ത് ഓണത്തിന്റെ ഏറ്റവും വലിയ സന്തോഷവും ആഘോഷവും പട്ടുപാവാടയിട്ട്, കുപ്പിവളകള്‍ കിലുക്കി നടന്നിരുന്ന നിമിഷങ്ങളായിരുന്നു. അന്നൊക്കെ ഓണത്തിന് കിട്ടുന്ന അമൂല്യമായ സമ്മാനമായിരുന്നു പട്ടുപാവാടയും ബ്ലൗസും. ചേച്ചിമാരാണ് എനിക്ക് പട്ടുപാവാട സെലക്ടുചെയ്ത് തന്നിരുന്നത്. കസവുകരയുള്ള പട്ടുപാവാടയണിഞ്ഞ് തൊടിയിലൂടെ ഓടിനടക്കുന്നത് എന്തു രസമാണെന്നോ... പച്ചയും മെറൂണുമായിരുന്നു കുപ്പിവളകളില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട നിറങ്ങള്‍. കുപ്പിവള കിലുക്കി ഓടിനടക്കുമ്പോള്‍ അമ്മൂമ്മയുടെ സ്‌നേഹമുള്ള ചിരിയുടെ ശബ്ദം കാതുകളിലേക്ക് ഒഴുകിയെത്തും...'' -ഒരു കഥയിലെന്നോണം ഭാമ വാചാലയാകുമ്പോള്‍, കുപ്പിവളക്കിലുക്കത്തിന് കാതോര്‍ത്തതുപോലെ സുഹാസ് കേട്ടിരുന്നു.

''കേരളത്തിലേക്ക് വന്നിട്ട് ഏഴുവര്‍ഷം കഴിയുമ്പോള്‍ സാറിന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഓണക്കാല ഓര്‍മകള്‍ എന്തൊക്കെയാണ്....?''

ഭാമയുടെ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു സുഹാസിന്റെ മറുപടി: ''വയനാട്ടില്‍ ജോലിചെയ്യുമ്പോള്‍ അവിടെ ആഘോഷിച്ച ഓണമായിരുന്നു ഏറ്റവും രസകരം. ആദിവാസികള്‍ക്കൊപ്പമായിരുന്നു അന്ന് ഞാന്‍ ഓണം ആഘോഷിച്ചത്. 'മുളയരി' വിഭവങ്ങളായിരുന്നു അന്നത്തെ ഓണസദ്യയില്‍ കൂടുതലുണ്ടായിരുന്നത്. കഴിഞ്ഞതവണ ഓണം പ്രളയത്തിന്റെ സങ്കടങ്ങളിലായിരുന്നു. രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞതവണ ഓണം ആഘോഷിച്ചത്. ഇത്തവണ പ്രായമായ അമ്മമാരോടൊപ്പം ആഘോഷിച്ച ഓണവും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്...'' -സുഹാസ് പറഞ്ഞതുകേട്ട് ഭാമ ചിരിച്ചു.

ഓണവിശേഷങ്ങള്‍ പങ്കിട്ട് ദര്‍ബാര്‍ഹാള്‍ മുറ്റത്തുനിന്ന് മടങ്ങുമ്പോഴാണ് സമീപത്തെ മാവേലിയുടെ ചിത്രം കണ്ട് ഭാമ ഒരു കഥ കൂടി പറഞ്ഞത്: ''കുട്ടിക്കാലത്ത് പൂക്കളമിടുമ്പോള്‍ മാവേലി വന്ന് അത് കാണുമെന്നായിരുന്നു അമ്മൂമ്മ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. മാവേലിവന്ന് മാര്‍ക്കിടുമെന്നും നല്ല പൂക്കളത്തിന് സമ്മാനം കിട്ടുമെന്നുമൊക്കെ പറഞ്ഞതുകൊണ്ട് അതിനായുള്ള കാത്തിരിപ്പായിരുന്നു അന്നൊക്കെ...''

-ഭാമയുടെ മാവേലിവിശേഷം കേട്ട് നടക്കുമ്പോള്‍ കളക്ടറുടെ ഒരു കൈ മുണ്ടിലായിരുന്നു. അതുകണ്ടിട്ടാകാം ഭാമ മുണ്ടുവിശേഷത്തെപ്പറ്റി സുഹാസിനോട് ചോദിച്ചത്.

''എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം മുണ്ടും ഷര്‍ട്ടുമാണ്. പക്ഷേ, ജോലിത്തിരക്കില്‍ അത് എപ്പോഴും ധരിക്കാനാകില്ല. എന്നാല്‍, സമയംകിട്ടുമ്പോഴൊക്കെ മുണ്ടും ഷര്‍ട്ടുമിട്ട് ഞാന്‍ സഞ്ചരിക്കാറുണ്ട്. ഓണനാളുകളില്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്നത് കൂടുതല്‍ രസമല്ലേ...?''

ഭാമയുടെ മുന്നിലേക്ക് ഒരു ചോദ്യമെറിഞ്ഞ് കളക്ടര്‍ വീണ്ടും മുണ്ടിന്റെ കര പിടിച്ച് മുന്നോട്ട് നടന്നു.


കൊച്ചി നഗരത്തിൽ പ്രസിദ്ധീകരിച്ചത്. 

Content Highlights : onam special chat with ernakulam district collector s suhas and actress bhama