'ബൈ ടൂ... ഗെറ്റ് വണ്‍ ഫ്രീ...' അതാണ് ഇപ്പോഴത്തെ ഓണം. എന്റെ കുട്ടികളുടെ നഷ്ടങ്ങളുടെ അടയാളങ്ങളായിട്ടാണ് ഇപ്പോഴത്തെ ഓണം മുന്നില്‍ വരുന്നത്. എന്റെ കുട്ടിക്കാലത്ത് ഓണം വലിയൊരു ആഘോഷവും ഉത്സവവുമായിരുന്നു. കൂട്ടുകാരോടൊത്ത് പൂപറിക്കാന്‍ പോയിരുന്ന ആ കാലം. ഞങ്ങള്‍ക്ക് പൂവ് തരാത്തവരുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് പൂവ് പറിക്കലും അവര്‍ പട്ടിയെ അഴിച്ചുവിടലും, അതു കാണുമ്പോള്‍ ഞങ്ങളുടെ ഓട്ടവും ഒക്കെയായി എന്തു രസമായിരുന്നു ആ കാലം.

'സിനിമ കാണലായിരുന്നു കുട്ടിക്കാലത്തെ ഓണത്തിന്റെ മറ്റൊരു വലിയ സന്തോഷം. പലതരത്തില്‍ സ്വരുക്കൂട്ടിയ ചില്ലറക്കാശൊക്കെ വെച്ചാണ് സിനിമ കാണാന്‍ പോകുന്നത്. എം.ജി.ആറിന്റെ സിനിമയും നസീര്‍ സാറിന്റെ സിനിമയുമൊക്കെ എത്രയോ ഓണനാളുകളെ കളര്‍ഫുള്ളാക്കിയിരിക്കുന്നു.'

'ഓണസദ്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പായസമാണ്. ഓണത്തിന് എനിക്ക് 'കടല പ്രഥമന്‍' കിട്ടിയേ തീരൂ. വര്‍ഷത്തില്‍ 364 ദിവസവും ഞാന്‍ പായസം കഴിക്കാതിരിക്കാം. എന്നാല്‍, ഓണത്തിന് എനിക്ക് കടല പ്രഥമന്‍ കിട്ടണം. എനിക്ക് ഷുഗര്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ഭാര്യയും മക്കളും വിലക്കാന്‍ നോക്കിയാലും കടല പ്രഥമന്‍ മുന്നിലെത്തിയാല്‍ ഞാന്‍ അത് കഴിച്ചിരിക്കും. സാമ്പാറും എന്റെ പ്രിയ വിഭവമാണ്. 'സാമ്പാര്‍ നന്നായാല്‍ സദ്യ നന്നായി' എന്നാണ് ഞാന്‍ കരുതുന്നത്.

'എന്റെ സുഹൃത്ത്, നടനും മുന്‍ മന്ത്രിയുമായ ഗണേശ്കുമാറിന്റെ അമ്മയുടെ ഓര്‍മകളും ഈ ഓണത്തില്‍ ഒരു സങ്കടമായുണ്ട്. എനിക്ക് കല്യാണത്തിന് ധരിക്കാനുള്ള മുണ്ടുപോലും അമ്മ സമ്മാനമായി തന്നതാണ്. എനിക്ക് എന്റെ അമ്മയെപ്പോലെ പ്രിയപ്പെട്ടതാണ് ഗണേശിന്റെ അമ്മയും. എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്ന ആ അമ്മ ഈ ഓണനാളില്‍ കൂടെയില്ല എന്ന സത്യം ഒരു സങ്കടമായുണ്ട്.'

Content Highlights : Onam Memories Maniyan Pilla Raju Onam 2019