ല്ലായ്മകളിലാണ് ഓണമുണ്ടാവുന്നത്, സമൃദ്ധിയിലല്ല. എന്റെയും വിജയേട്ടന്റെയുമെല്ലാം ജീവിതങ്ങള്‍ അതിന്റെ സാക്ഷ്യങ്ങളാണ്. -ഐ.എം. വിജയനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ജയസൂര്യ പറഞ്ഞപ്പോള്‍ മകന്‍ ആദിയുടെ ചോദ്യം, :''അതെന്താ അച്ഛാ അങ്ങനെ?''

''കൊതിച്ച കാര്യങ്ങള്‍ മിക്കതും നടക്കാതെ, കിട്ടാതെ വളര്‍ന്നുവന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. ഞങ്ങള്‍ മാത്രമല്ല ഞങ്ങളുടെ കൂട്ടുകാരും അങ്ങനെയൊക്കെ തന്നെയായിരുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണുന്ന സമൃദ്ധിയും സൗകര്യങ്ങളുമൊന്നും അന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ചുതരാന്‍ അച്ഛനും അമ്മയ്ക്കുമൊന്നും കഴിഞ്ഞിരുന്നില്ല. കൊതിച്ചത് പലതും; ഭക്ഷണവും വസ്ത്രവുമെല്ലാം കിട്ടിയത് ഓണനാളിലായിരുന്നു. അന്നായിരുന്നു ഞങ്ങള്‍ സന്തോഷിച്ചിരുന്നത്. അല്ലെങ്കില്‍ അന്നേ സന്തോഷിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഓണത്തിനായി കാത്തിരുന്നൂ; ഓണം മതിമറന്ന് കൊണ്ടാടി''-ജയന്‍ വിശദീകരിച്ചപ്പോള്‍ വിജയന്‍ തൃശ്ശൂര്‍ സ്ലാങ്ങില്‍ ശരിവെച്ചു: ''ഗഡി പറേണത് തീര്‍ത്തും ശര്യാണ്.''

കൊച്ചിക്കായലിലേക്ക് മുഖംതിരിക്കുന്ന ജയസൂര്യയുടെ ഫ്ലാറ്റിലേക്ക് ഓണത്തിന്റെ വരവറിയിച്ചാണ് വിജയനെത്തിയത്. മൈതാനങ്ങളില്‍ കാലുകള്‍കൊണ്ട് വിസ്മയം വിതച്ചിരുന്ന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ഐ.എം. വിജയനും കേരളത്തിലെ സിനിമാപ്രേക്ഷകരുടെ മനസ്സില്‍ എക്കാലത്തും ജിവിക്കുന്ന ഒരുപിടി കരുത്തുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയും ദേശീയ അവാര്‍ഡുള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ജയസൂര്യയും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടുപേര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു. ''ഞാന്‍ ജയന്റെ കട്ടഫാനാണ്. അതോണ്ടാണ് ജയന്‍ ക്ഷണിച്ചപ്പോള്‍ ഉടനിങ്ങ് പോന്നേ.'' -അകത്തേക്ക് ചെന്നുകയറിയ ഉടന്‍ വിജയന്‍ പറഞ്ഞു.
''അയ്യോ, അങ്ങനെയല്ല. ഇവിടെ വിജയേട്ടനാണ് താരം, ഞാന്‍ ആരാധകനും'' -ജയന്റെ മറുപടി.

 രണ്ടുപേരും തമ്മിലുള്ള ഒരു സാമ്യത്തെക്കുറിച്ചാണ് അപ്പോള്‍ വിജയന്‍ ഓര്‍മിപ്പിച്ചത്. ''ഞാന്‍ സ്‌പോര്‍ട്സിലെ സിനിമാക്കാരനാണ്. ജയന്‍ സിനിമയിലെ സ്‌പോര്‍ട്സ് താരവും.''


ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ വിജയന്‍ മലയാളത്തിലും തമിഴിലുമായി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം റിലീസായ പൊറിഞ്ചു മറിയം ജോസിലും  വരാനിരിക്കുന്ന തമിഴ് പടം ബിഗിലിലും ശ്രദ്ധേയമായ വേഷങ്ങളുണ്ട് വിജയന്. ബിഗിലില്‍ സൂപ്പര്‍ താരം വിജയിന്റെ വില്ലനാണ് വിജയന്‍. വെള്ളിത്തിരയില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യം കാണിക്കുന്ന ജയസൂര്യയാവട്ടെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വി.പി. സത്യന്റെ ജീവിതം പറയുന്ന സിനിമയില്‍ സത്യന്റെ വേഷം അവതരിപ്പിച്ച് കൈയടിവാങ്ങിയിരുന്നു.

 ''സത്യേട്ടന്‍ ഞങ്ങളൊക്കെ ഏറെ ബഹുമാനിച്ചിരുന്ന വലിയ കളിക്കാരനായിരുന്നു. ഒപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. സത്യേട്ടനായി ജയനെ സിനിമയില്‍ കണ്ടപ്പോള്‍ ഒറിജിനല്‍ സത്യേട്ടനെയാണ് കാണുന്നതെന്ന് തോന്നിപ്പോയി. നില്‍പ്പും നടപ്പും കൈകളുടെ വെപ്പും എല്ലാം അതേപടി ജയന്‍ കാണിച്ചു. സത്യേട്ടനെ ഒരിക്കലും നേരില്‍ കാണാതെയാണ് ജയനിത് ചെയ്തതെന്ന് അറിഞ്ഞപ്പോഴായിരുന്നു ശരിക്കും ഞെട്ടിയത്. സംസ്ഥാന അവാര്‍ഡല്ല. ദേശീയ അവാര്‍ഡ് അര്‍ഹിച്ച അഭിനയമായിരുന്നു അത്'' -വിജയന്‍ സ്‌നേഹത്തോടെ ജയസൂര്യയെ കെട്ടിപ്പിടിച്ചു.

വിജയന്റെ ജീവിതവും സിനിമയാവുകയാണെന്നറിഞ്ഞപ്പോള്‍ ജയന്റെ ജോക്ക്: ''വി.പി. സത്യന്റെ റോള്‍ചെയ്ത ജയസൂര്യയാണ് ഐ.എം. വിജയനെയും അവതരിപ്പിക്കാന്‍ യോഗ്യന്‍.'' പെട്ടെന്നുവന്നു വിജയന്റെ മറുപടി: ''അതെങ്ങനാ, നീ ചുവന്ന് ആപ്പിളുപോലുള്ള സുന്ദരനല്ലേ?'' -നര്‍മം ആസ്വദിച്ച് എല്ലാവരും പൊട്ടിച്ചിരിച്ചു.


ചിരിയുടെ പൂരമടങ്ങിയപ്പോള്‍ ജയസൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തൃശ്ശൂര്‍ പൂരമെന്ന സിനിമയെക്കുറിച്ചായി സംസാരം: ''വിജയന്‍ തൃശ്ശൂരിന്റെ ബ്രാന്‍ഡ്അംബാസഡറാണ്. പക്ഷേ, കൊച്ചിക്കാരനായ ഞാനാണ് തൃശ്ശൂരുകാരുടെ റോളില്‍ കൂടുതല്‍ അഭിനയിച്ചത്. തൃശ്ശൂരുകാരുടെ സംസാരരീതി, സ്ലാങ് എനിക്ക് പെരുത്തിഷ്ടാണ്. തൃശ്ശൂര്‍ ഭാഷ നമ്മളെ സംബന്ധിച്ചിടത്തോളം പറഞ്ഞുഫലിപ്പിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍, ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറയുന്ന ഭാഷയാണത്. നീ പോയിട്ട് എന്തായീന്ന് ചോദിച്ചാല്‍ തൃശ്ശൂരുകാരന്‍ പറയും, തേങ്ങായീന്ന്. പിന്നെ ഒന്നും വിശദീകരിക്കേണ്ടതില്ല. ലോകത്ത് മറ്റൊരു ഭാഷയിലും ഇത്ര ലളിതമായി ആശയവിനിമയം നടക്കില്ല'' -ജയസൂര്യ പറഞ്ഞുനിര്‍ത്തുംമുമ്പേ  വിജയന്റെ ചോദ്യം: ''ശരിക്കും നീ തൃശ്ശൂരാരനാഷ്ടാ?''

''മാവേലീം തൃശ്ശൂരുകാരനാണോന്നാ എന്റെ സംശയം. അടക്കിവാഴുന്ന മൂന്നുലോകങ്ങളും നഷ്ടമായിട്ടും ഒരു വിഷമോം ഇല്ലാതെ കുടയും ചൂടി കൊല്ലംതോറും പ്രജകളെ കാണാന്‍ വരുന്നല്ലോ? ഏത് പ്രതിസന്ധിയിലും തിരിച്ചടിയിലും കുലുങ്ങാതെ നില്‍ക്കുന്നോരാണ് തൃശ്ശൂരുകാര്‍. ഇന്നസെന്റേട്ടന്റെ കാര്യംതന്നെ നോക്ക്. കാന്‍സര്‍പോലെ ഒരു രോഗത്തെ നര്‍മംകൊണ്ട് കീഴടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് തൃശ്ശൂരുകാരനായതുകൊണ്ടാണ്. അദ്ദേഹത്തിന്റെ പുസ്തകം 'കാന്‍സര്‍ വാര്‍ഡിലെ ചിരി' നമ്മളെല്ലാവരും വായിക്കണം. രോഗത്തോട് പോടാ പുല്ലേ എന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇനി വിജയേട്ടന്റെ കാര്യം. വീട്ടില്‍ കഴിഞ്ഞ രണ്ടു പ്രളയത്തിലും വെള്ളം കയറി. ആ മനുഷ്യന്‍ ഇതാ കൂളായി നമ്മള്‍ക്ക് മുന്നിലിരിക്കുന്നു. തൃശ്ശൂരുകാര്‍ക്ക് എന്റെ ബിഗ് സല്യൂട്ട്.''

ജയന്റെ സല്യൂട്ടിന് വിജയന്റെ മറുപടി അല്പം ഗൗരവത്തോടെയായി: ''നമ്മളൊക്കെ കഷ്ടപ്പാടുകള്‍ അറിഞ്ഞാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ ജയന്‍ പറഞ്ഞപോലെ ഇല്ലായ്മകളായിരുന്നു കൂടുതല്‍. അതുകൊണ്ടാണ് നഷ്ടങ്ങളിലും തിരിച്ചടികളിലും തളര്‍ന്നുപോവാത്തത്. രണ്ടു പ്രളയത്തെ അതിജീവിക്കാനും വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനും മലയാളിക്ക് കഴിയുന്നത് അതുകൊണ്ടാണ്. പ്രളയം കാരണം എന്റെ വീട്ടില്‍ വലിയ നഷ്ടമുണ്ടായപ്പോള്‍ ഞാനാലോചിച്ചു, ഇപ്പോഴത്തെ സൗകര്യങ്ങളൊക്കെ എപ്പഴാ ഉണ്ടായത്. ഇതൊന്നും ഇല്ലാത്ത കാലത്തും ജീവിച്ചിട്ടില്ലേ? ഇനി എല്ലാം പോയാലും ഒന്നില്‍നിന്നു തുടങ്ങും.''

ജയസൂര്യയുടെ ആശങ്ക കരളുറപ്പില്ലാതെപോവുന്ന നമ്മുടെ യുവതലമുറയെക്കുറിച്ചായിരുന്നു: ''നമ്മുടെ കുട്ടികള്‍ക്കും ഉണ്ടാവേണ്ടത് വിജയേട്ടന്‍ പറഞ്ഞ ഈ മനോഭാവമാണ്. അതില്ലാതെ പോവുന്നതുകൊണ്ടാണ് പരീക്ഷ തോറ്റതിനും മറ്റും ആത്മഹത്യ ചെയ്യുന്നത്. ജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും കൈനീട്ടി സ്വീകരിക്കാനും നേരിടാനും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. പലപ്പോഴും വിജയത്തേക്കാള്‍ നമ്മള്‍ക്ക് ഗുണം ചെയ്യുക തോല്‍വികളാണെന്നാണ് ഞാന്‍ പഠിച്ച പാഠം.''

 ''പരീക്ഷ തോറ്റതിന്റെപേരില്‍ സങ്കടപ്പെടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അഞ്ചാം ക്ലാസില്‍ അഞ്ചുതവണ തോറ്റവനാണ് ഞാന്‍. അപ്പോ ഞാനെത്ര തവണ മരിക്കണം?  എന്റെ ഇല്ലായ്മകളോട് എതിരിട്ട് ജീവിക്കാനാണ് ഞാന്‍ പരിശ്രമിച്ചത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായതും നിങ്ങളൊക്കെ ഇങ്ങനെ സ്‌നേഹിക്കുന്ന ഒരാളായിമാറിയതും. എനിക്ക് മാത്രമല്ല ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടിയ എല്ലാവര്‍ക്കും ഇങ്ങനെ ചില തോല്‍വികളുടെ, തിരിച്ചടികളുടെ കഥ പറയാനുണ്ടാവും. ഓണത്തിന്റെ കഥയുമതാണ്. ലോകം വാണ ചക്രവര്‍ത്തിക്ക് ഒരു ദിവസം എല്ലാം നഷ്ടപ്പെടുന്നു. പക്ഷേ, പ്രജകളുടെ സ്‌നേഹം നഷ്ടമാവുന്നില്ല. നമ്മളെല്ലാവരും ഇപ്പോഴും മാവേലിയെ ഇങ്ങനെ സ്‌നേഹിച്ചുകൊണ്ടിരിക്കയല്ലേ? ആ രാജാവിന്റെ പ്രജകളാണ് നമ്മള്‍. അതോണ്ട് നമ്മളും തോല്‍ക്കാന്‍ പാടില്ല. വെള്ളപ്പൊക്കമോ കൊടുങ്കാറ്റോ എന്തും വരട്ടെ നമ്മളിങ്ങനെ നിവര്‍ന്നുനിന്ന് നേരിടും.''

-ഇത് പറയുമ്പോള്‍ വിജയന്റെ ശബ്ദത്തില്‍ ഒട്ടേറെ യുദ്ധങ്ങള്‍ പൊരുതിജയിച്ച പടനായകന്റെ ദൃഢതയുണ്ടായിരുന്നു.

(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Jayasurya and I M Vijayan onam 2019 Malayalam Actor Indian Football