"ജാതി-മത ഭേദമില്ലാതെ ആഘോഷിക്കുന്നതാണ് ഓണമെന്നാണ് പറയാറുള്ളത്. എന്റെ വീട്ടില്‍ ഓണം ഉള്‍പ്പെടെ എല്ലാം അങ്ങനെതന്നെയാണ് ആഘോഷിക്കാറുള്ളത്. എന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നു. എന്റെ വീട്ടില്‍ അമ്മമ്മ ശാന്തകുമാരിയും ഉമ്മൂമ്മ റുഖിയയും ചേര്‍ന്നാണ് ഇപ്പോഴും ഓണസദ്യയൊരുക്കുന്നത്. ഇത്തവണ വയനാട്ടിലെ വീട്ടിലാണ് എന്റെ ഓണാഘോഷം. അവിടെ ബന്ധുക്കള്‍ എല്ലാവരും എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.'

"കല്യാണം കഴിഞ്ഞതോടെ ഓണത്തിന് രണ്ടുതരം സദ്യ കഴിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഭര്‍ത്താവ് വിഷ്ണുവിന്റെ കുടുംബക്കാര്‍ തിരുവനന്തപുരത്തുകാരാണ്. അതുകൊണ്ട് തെക്കന്‍ സ്‌റ്റൈലിലുള്ള ഓണസദ്യയാകും അവര്‍ ഒരുക്കുന്നത്. ഇവിടെ എന്റെ വീട്ടില്‍ മലബാര്‍ സ്‌റ്റൈല്‍ സദ്യയുമുണ്ടാകും. ഇവിടെ മലബാര്‍ സ്‌റ്റൈല്‍ സദ്യയില്‍ നോണ്‍ വിഭവം കൂടിയുള്ളത് എനിക്കൊത്തിരി ഇഷ്ടമുള്ള കാര്യമാണ്. സദ്യയില്‍ സാമ്പാറും പച്ചടിയുമാണ് എനിക്ക് ഏറെയിഷ്ടം. പായസത്തില്‍ എനിക്ക് പാല്‍പ്പായസം കഴിഞ്ഞേ മറ്റെന്തുമുള്ളൂ.''

''സിനിമാ താരമായതോടെ ലൊക്കേഷനില്‍ ആഘോഷിച്ച ചില ഓണങ്ങളുണ്ടായിട്ടുണ്ട്. എല്ലാവരുംകൂടി സദ്യയൊരുക്കി ലൊക്കേഷനില്‍ ഓണം ആഘോഷിക്കുന്നത് നല്ല രസമുള്ള കാര്യമാണ്. പക്ഷേ, അത് വലിയ തിരക്കുപിടിച്ച പരിപാടി കൂടിയാകും. കുട്ടിക്കാലത്തെ ഓണത്തിന്റെ രസകരമായ ഓര്‍മകളാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നത്. കുട്ടിക്കാലത്ത് എല്ലാവരും ചേര്‍ന്ന് പൂക്കളിടുന്ന പരിപാടിയൊക്കെ ഇപ്പോഴും ഞാന്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ വലുതായിട്ടും അനുജത്തിമാര്‍ക്കൊപ്പം കളിചിരിയുമായിട്ടാണ് ഓണപ്പരിപാടികളൊക്കെ.

ഓണസദ്യയൊക്കെ മൂത്തവര്‍ ഉണ്ടാക്കിക്കോളും. ഞാന്‍ കുട്ടികളുമായി കളിചിരികളുമായി നടന്ന് സദ്യയുടെ സമയമാകുമ്പോഴാണ് ഇപ്പോഴും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറുള്ളത്. ഓണനാളുകളില്‍ കിട്ടിയ പട്ടുപാവാടയുടെ നിറമുള്ള ഓര്‍മകളും മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. ഉടുപ്പുകളായിരുന്നു അന്ന് കൂടുതല്‍ ധരിച്ചിരുന്നതെങ്കിലും പട്ടുപാവാടയിട്ട് നടക്കുന്നതിന്റെ രസം ഒന്നു വേറെതന്നെയായിരുന്നു.''

Content Highlights : Anu Sithara Onam Memories Onam 2019