തൃശ്ശൂര്‍: 'തിരുവാവണിരാവ്, മനസ്സാകെ നിലാവ്.. മലയാളച്ചുണ്ടില്‍ മലരോണപ്പാട്ട്...' -തലമുറ വ്യത്യാസമില്ലാതെ ഇപ്പോള്‍ മലയാളിയുടെ മനസ്സില്‍ ഈ സിനിമാപ്പാട്ട് പതിഞ്ഞിട്ട് മൂന്നുകൊല്ലമേ ആയുള്ളൂ.
2016-ലെ വിഷുക്കാലത്ത് ഇറങ്ങിയ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന സിനിമയിലെ ഈ ഗാനം, പാടിപ്പതിഞ്ഞ ഓണപ്പാട്ടായി മാറിയതിനു പിന്നില്‍ അതിന്റെ നിര്‍മിതിതന്നെ.
മലയാളക്കരയ്ക്ക് ഗുരുവായൂര്‍ സമ്മാനിച്ച പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്റെ ശബ്ദംതന്നെ ഈ പാട്ടിനുവേണമെന്ന് വാശിപിടിച്ചത് സിനിമയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസനും സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാനും ആയിരുന്നു. അക്കാലത്ത് എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ 'റിഥം' എന്ന സിനിമയ്ക്ക് ഉണ്ണിമേനോന്‍ പാടിയ ഒരു പാട്ടിന്റെ ശബ്ദശൈലിയാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്.
ദുബായില്‍ നടക്കുന്ന ഒരു ഓണാഘോഷത്തിന്റെ ചിത്രീകരണത്തിന് പാട്ട് വേണമെന്ന് ഗാനരചയിതാവായ മനുമഞ്ജിത്തിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഓണഭംഗി ഒട്ടും ചോരാതെ എഴുതിക്കൊടുത്തു.
മലയാളിത്തം ഒട്ടും ചോരാത്ത ആ വരികള്‍ക്ക് ഈണം നല്‍കിയ ഷാന്‍ റഹ്മാന്‍ ഉപയോഗിച്ചത് പാശ്ചാത്യ വാദ്യോപകരണങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒരിടത്തുപോലും മൃദംഗത്തിന്റെയോ തബലയുടെയോ വീണയുടെയോ ചെണ്ടയുടെയോ ശബ്ദം ഈ പാട്ടില്‍ കേള്‍ക്കാനില്ല. എന്നിട്ടും ഗാനം സൂപ്പര്‍ഹിറ്റിലേക്ക് പറപറന്നു.
പുതിയ തലമുറയും പഴയ തലമുറയും 'തിരുവാവണിരാവി'നെ നെഞ്ചേറ്റിയതിന്റെ കാരണം ഇത്തരമൊരു മിക്‌സായിരിക്കാം. പൂവിളിയും മനോഹരമായി ഇഴചേര്‍ത്തപ്പോള്‍ പാട്ട് കൂടുതല്‍ ഹൃദ്യമായി.
ഓണത്തിന്റെ അടയാളങ്ങളെല്ലാം പാട്ടില്‍ മനു ചിത്രീകരിച്ചു. ഈ പാട്ട് റെക്കോഡിങ് നിശ്ചിച്ച സമയത്താണ് ഉണ്ണിമേനോന് കുവൈത്തില്‍ ഒരു സംഗീത പരിപാടി വന്നത്. അവിടെനിന്ന് അദ്ദേഹത്തിന് അമേരിക്കയ്ക്ക് പോകേണ്ടിയും വന്നു. വിഷുവിന് ചിത്രം റിലീസ് ചെയ്യണമെന്ന കണക്കുകൂട്ടലില്‍ ജോലികള്‍ പുരോഗമിക്കുകയും ചെയ്തു. ഈ പാട്ട് കിട്ടിയാലേ ദുബായിലെ ഓണാഘോഷത്തിന്റെ ഗാനചിത്രീകരണം നടക്കൂ.
വിനീതും ഷാനും അമേരിക്കയിലുള്ള ഉണ്ണിമേനോനുമായി ബന്ധപ്പെട്ടു. അമേരിക്കയില്‍നിന്ന് പാട്ട് റെക്കോഡ് ചെയ്തയയ്ക്കാം എന്ന തീരുമാനം അങ്ങനെയുണ്ടായി. നാട്ടില്‍നിന്ന് അയച്ചുകൊടുത്ത ട്രാക്ക് കേട്ട് ഉണ്ണിമേനോന്‍, ഡാള്ളസിലെ ഒരു മലയാളിയുടെ വീട്ടിലിരുന്ന് പാടി അയച്ചുകൊടുക്കുകയായിരുന്നു. ശങ്കരാഭരണ രാഗത്തിന്റെ ഒരു ഛായയിലാണ് പാട്ട് ചിട്ടപ്പെടുത്തിയത്.
സിതാര കൃഷ്ണകുമാറും ചേര്‍ന്ന് അതൊരു യുഗ്മഗാനമായി പിറക്കാന്‍ അധികസമയം വേണ്ടിവന്നില്ല. ഉത്രാടപ്പൂനിലാവേ വാ.., പൂവിളി പൂവിളി പൊന്നോണമായി.., തുടങ്ങിയ പ്രശസ്തമായ ഓണപ്പാട്ടുകളുടെ നിരയിലേക്ക് അങ്ങനെ തിരുവാവണിരാവും ചേര്‍ന്നു.
Content Highlights : Thiruvavani Ravu Song From Jacobinte Swargarajyam Sung By Unni Menon Onam 2019