കുമളി: മലയാളികളുടെ മുറ്റത്ത് പൂക്കളമൊരുക്കാന്‍ തമിഴ്നാട്ടിലെ പൂപ്പാടങ്ങളൊരുങ്ങി. അത്തച്ചമയംമുതല്‍ തിരുവോണംവരെ പൂക്കളം ഒരുക്കുന്നതിന് തമിഴ്നാട്ടില്‍നിന്നാണ് കേരളത്തിലേക്ക് പൂക്കളെത്തുന്നത്.

തേനി ജില്ലയിലെ ശീലയംപെട്ടി ഗ്രാമത്തില്‍നിന്നാണ് മധ്യകേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പൂക്കളെത്തുന്നത്. സമൃദ്ധമായ പൂപ്പാടങ്ങളും സജീവമായ പൂവിപണിയുംകൊണ്ട് പ്രശസ്തമായ ഗ്രാമമാണിത്.

റോസ്, ജെണ്ടുമല്ലി, മുല്ല, അരളി, വാടാമുല്ല, ജെമന്തി, ബന്തി, കോഴിപ്പൂവ് എന്നറിയപ്പെടുന്ന വെല്‍വെറ്റ് എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്.

ഓണത്തോടനുബന്ധിച്ച് മൊത്തക്കച്ചവടക്കാരും ചെറുകിട വ്യാപാരികളുമുള്‍പ്പടെയുള്ളവര്‍ ഇവിടേയ്ക്ക് പൂവാങ്ങാനും, കച്ചവടം പറഞ്ഞുറപ്പിക്കാനുമെത്തുന്നുണ്ട്.

ഇവിടെ കിലോയ്ക്ക് 70മുതല്‍ 300രൂപവരെയാണ് വിലയെങ്കില്‍ ഇവ ചെക്ക്പോസ്റ്റ് കടന്നെത്തുന്നതോടെ വില ഇരട്ടിയാകും. കഴിഞ്ഞവര്‍ഷം കേരളത്തില്‍ പ്രളയമായിരുന്നതിനാല്‍ ഓണത്തിന് വിളവിനു പാകമായ പൂക്കള്‍ ഉപയോഗശൂന്യമായി പോയിരുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

കേരളത്തില്‍ ഇത്തവണ മഴ ശക്തമല്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷത്തെ ദുരിതം ഇത്തവണ ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് പൂ കര്‍ഷകര്‍.

Content Highlights: Onam 2019