മങ്കൊമ്പ്: 80 പിന്നിട്ട പകിട ഉരുട്ടിയെറിഞ്ഞ് രാധാകൃഷ്ണന്‍ പറഞ്ഞു. പകിട.. പകിട... പന്ത്രണ്ട്. മണി കിലുക്കത്തോടെ പകിട രണ്ടും '6' ല്‍ വീണു. ഒപ്പം കളിക്കുന്ന വാസുദേവന്‍ കളത്തിലെ കരുക്കള്‍ മുന്നിലേക്ക് നീക്കി. അര്‍പ്പുവിളിയുമായി ഒപ്പം കൂടി ഗോപാലകൃഷ്ണനും ഹരികുമാറും. മങ്കൊമ്പില്‍ കഴിഞ്ഞ ദിവസം നടന്ന പകിട കളിയില്‍ എണ്‍പത് വര്‍ഷം പഴക്കമുള്ള പകിടയാണുരുണ്ടത്. ഉടമയായ ചാക്കോ മാപ്പിള്ളയുടെ സുഹൃത്തായ പാച്ചു പണിക്കരുടെ കൊച്ചുമകനാണ് രാധാകൃഷ്ണന്‍.

കുട്ടനാട്ടില്‍ ഓണക്കളികളുടെ ആവേശം ആരംഭിച്ചിട്ടേ ഉള്ളൂ. എന്നാല്‍, അത്തം എത്തിയത് മുതല്‍ പകിട ഉരുണ്ടു തുടങ്ങി. ഓണമുള്ളിടത്തോളം പകിടകളിയും ദേശത്ത് സജീവമാണ്. പകിട ഉരുട്ടാനും വീഴ്ത്താനും കുട്ടനാട്ടുകാര്‍ക്കുള്ള കൈയെണക്കം പ്രശസ്തമാണ്.

മൂന്നുപേര്‍ വീതമുള്ള രണ്ട് ടീമുകളാണ് കളിക്കുന്നത്. ഒരുവശത്ത് രണ്ടുപേരും മറുവശത്ത് ഒരാളുമായിരിക്കും. മൂന്നുമണിക്കൂര്‍ വരെയാണ് ഒരു മത്സരം നീണ്ടുപോകുന്നത്. കദളിമൊട്ട്, പച്ചമുളക്, ഇഷ്ടിക കഷണങ്ങള്‍ തുടങ്ങിയവയാണ് കരുക്കളായി ഉപയോഗിക്കുന്നത്.

പകിടയിട്ട് ആകെയുള്ള 81 കളവും കയറി ആദ്യം കളം ഇറങ്ങുന്നവര്‍ മത്സരത്തില്‍ വിജയികളാകും. കരുക്കള്‍ നീക്കാനും പ്രത്യേകം ആള്‍ക്കാരുണ്ട്. ഇവരെ പോരുകാര്‍ എന്നാണ് പറയുന്നത്. പോര് നീക്കുന്നതിലെ ബുദ്ധിവൈഭവമാണ് വിജയത്തിലേക്ക് നയിക്കുന്നത്. കൈയെണക്കം, തഴക്കം, ബലം എന്നിവയാണ് മറ്റ്ഘടകങ്ങള്‍.

ഒരു യുദ്ധത്തിന്റെ ആവേശമുള്ള പകിടകളിക്ക് ചൂതുകളിയോട് ഏറെ സാമ്യമുണ്ടെന്ന് കുട്ടനാട്ടുകാര്‍ പറയുന്നു. മഹാഭാരതത്തിലെ കളിയെ അനുസ്മരിച്ച് ശകുനി കളിയെന്നും വിശേഷിപ്പിക്കുന്നവരുണ്ട്. കുട്ടനാട് മഴക്കെടുതിയുടെ ക്ഷീണത്തില്‍നിന്ന് പതിയെ കരകയറുന്നതേ ളള്ളുവെന്നതിനാല്‍ ഇക്കുറി മത്സരസ്വഭാവത്തിലെ കളി കുറവാണ്.

പകിടയെ അറിയാം

മണി ഇട്ട് വാര്‍ത്ത് ഓട്, പിച്ചള, ചെമ്പ്, തടി എന്നിവയില്‍ തീര്‍ക്കുന്ന പകിടയ്ക്ക് ഏഴ് ഇഞ്ച് നീളമാണുള്ളത്. നാലുവശവും അല്‍പ്പം മിനുസപ്പെടുത്തി അഗ്രങ്ങളിലേക്ക് വണ്ണം കുറച്ചു രണ്ടറ്റത്തും ഭംഗിയായി വച്ചിട്ടുണ്ടാവും.

മധ്യത്തില്‍ ഒരിഞ്ച് ചതുരാകൃതിയും വശങ്ങളില്‍ കൂര്‍ത്ത മൊട്ടുമാണുള്ളത്. ഓട്ടുപകിടയില്‍ വ്യക്തമായ അടയാളമുണ്ടായിരിക്കും. പകിടയില്‍ ഒന്ന്, മൂന്ന്, നാല്, ആറ്് എന്നിങ്ങനെ നാല് മുഖങ്ങളാണുള്ളത്. കളിക്കുന്നയാളിന്റെ രണ്ട് പകിടകളിലും ഒരേ മുഖങ്ങള്‍ വരുമ്പോഴാണ് കളത്തില്‍ കയറാനും ഇറങ്ങാനും കഴിയുന്നത്.

Content Highlights:  Onam 2019