തെക്കും വടക്കും നടുക്കുമായി കിടക്കുന്ന കേരളത്തിന്റെ ഭൂമിശാസ്ത്രത്തിനെ അടിസ്ഥാനമാക്കിത്തന്നെ വ്യത്യാസപ്പെട്ടിരിക്കുന്നു കേരളത്തിന്റെ ഓണാഘോഷവും. പുറത്തു നിന്നും നോക്കുമ്പോള്‍ കേരളത്തിന് ഓണം ഒന്നേയുള്ളൂ. എന്നാല്‍ കേരളത്തിനകത്തേക്ക് ശരിക്കുമൊന്ന് നോക്കിയാല്‍ കാണാം, തെക്കു തിരുവനന്തപുരം മുതല്‍ നടുക്ക് എറണാകുളം വഴി വടക്ക് കാസര്‍ഗോഡ് എത്തുമ്പോഴേക്കും ആചാരങ്ങളും ആഘോഷങ്ങളും സദ്യവട്ടങ്ങളുമൊക്കെ മാറിമറിഞ്ഞിരിക്കും. 

തിരുവിതാംകൂറിലെ ഓണസദ്യ 

ആഡംബരപൂര്‍ണമാണ് തിരുവിതാംകൂറിലെ ഓണസദ്യ. തനതായ സദ്യയില്‍ പുതിയ അതിഥികളൊക്കെ വന്നുകൂടിയിട്ടുണ്ട്. തനതായ തിരുവിതാംകൂറിലെ ഓണസദ്യയിലെ വിഭവങ്ങളെ പരിചയപ്പെടാം. വെള്ളരിക്ക കൊണ്ടുള്ള പച്ചടി നിര്‍ബന്ധമാണ് ഇവിടെ സദ്യയ്ക്ക്. മാത്രമല്ല ഇലയില്‍ ഉപ്പ് വയ്ക്കുന്ന പതിവ് തിരുവിതാംകൂറുകാര്‍ക്കില്ല. ഇലയുടെ ഇടത്തേയറ്റത്ത് ചോറിടാനുള്ള ഭാഗത്തിന് ഇടത്തേ അറ്റത്തായി കായ വറുത്തതും ശര്‍ക്കരവരട്ടിയും കദളിപ്പഴവും വച്ച് അതിനു മുകളിലായാണ് പപ്പടം വയ്ക്കുക. 

ഇലയുടെ മുകള്‍ വശത്ത് ഇടത്തേ അറ്റത്ത് തുടങ്ങി തൊട്ടുകൂട്ടാനുള്ളവയില്‍ ഇഞ്ചിയും മാങ്ങാ അച്ചാറും നാരങ്ങാ അച്ചാറും ഉണ്ടാവും. ചുവപ്പ് നിറമുള്ള നാരങ്ങാക്കറിയും വെളുത്ത നിറമുള്ള നാരങ്ങാക്കറിയും ഉണ്ടാകും. അതു കഴിഞ്ഞാല്‍ അവിയല്‍, പിന്നെ തോരന്‍. തോരന് പണ്ട് അമരപ്പയറും ഉപയോഗിച്ചിരുന്നു. അതിനടുത്തായി വെള്ളരിക്ക കൊണ്ടുള്ള കിച്ചടി കൂടിയായാല്‍ ഇലയുടെ മുകള്‍ വശം ഏതാണ്ട് നിറഞ്ഞിരിക്കും. 

ചോറില്‍ പരിപ്പ്കറി ഒഴിച്ചാണ് കഴിച്ചു തുടങ്ങുന്നത്. പരിപ്പിനു മുകളിലായി നെയ്യ് ഒഴിക്കുന്ന സമ്പ്രദായവും ഉണ്ട് ഇവിടെ. പപ്പടവും പരിപ്പു കറിയും കൂട്ടി കുഴച്ച് കഴിച്ചു തുടങ്ങുന്ന സദ്യയില്‍ പിന്നെ സാമ്പാറിന്റെ വരവാണ്. സാമ്പാറിന് പിന്നാലെയാണ് പായസങ്ങളുടെ വരവ്. പാലട പായസം, ശര്‍ക്കരയിട്ട അട പായസം, കടല പായസം, പയര്‍ പായസം, സേമിയ പായസം എന്നിവയാണ് തിരുവിതാംകൂറുകാരുടെ പായസപ്രധാനികള്‍. ഇവയിലൊന്നോ രണ്ടോ എല്ലാമോ അവരവരുടെ സ്ഥിതി അനുസരിച്ച് ഉണ്ടാക്കുന്നു. 

പായസം കഴിഞ്ഞാല്‍ പിന്നെ ചോറ് വിളമ്പുക പുളിശ്ശേരിക്കായാണ്. വെള്ളരിക്ക കൊണ്ടും കൈതച്ചക്ക കൊണ്ടും തിരുവിതാംകൂറുകാര്‍ പുളിശ്ശേരിവയ്ക്കും. പുളിശ്ശേരി കഴിഞ്ഞാല്‍ പിന്നെ രസം, മോര് എന്നിവ കൂട്ടി വീണ്ടും ചോറ് കഴിക്കും. ഇവ ഒരു കൈക്കുമ്പിളില്‍ വാങ്ങി കുടിക്കുന്നതും തിരുവിതാംകൂറുകാര്‍ക്ക് ഏറെ ഇഷ്ടമാണ്. സദ്യയില്‍ ചിട്ടവട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ തിരുവിതാംകൂറുകാര്‍ ഏറെ ശ്രദ്ധാലുക്കളാണ്. 

തിരുകൊച്ചിയിലെ ഓണസദ്യ  

നടുക്കഷണമായതുകൊണ്ടു തന്നെ തെക്കിന്റെയും വടക്കിന്റെയും സമ്മിശ്രംസ്വഭാവമാണ് ഇവിടുത്തെ സദ്യക്ക്. ഇലയിലാദ്യം വിളമ്പുക ഇഞ്ചിത്തൈരാണ്. ആയിരംകറിയെന്നാണ് ഇഞ്ചിത്തൈരിനെ പൊതുവെ പറയുന്നത്. എന്തു കഴിച്ചാലും അതെല്ലാം ദഹിക്കാന്‍ ആയിരംകറി (ഇഞ്ചിത്തൈര്) കഴിച്ചാല്‍ മതിയെന്നാണ് പറയാറ്. അതുകഴിഞ്ഞാല്‍ സ്ഥാനം ഉപ്പിനാണ്. ഉപ്പിനോടൊപ്പം പപ്പടവും ശര്‍ക്കരവരട്ടിയും അതിനോടൊപ്പം വറുത്ത ഉപ്പേരിയും വയ്ക്കുന്നു. 

കായ നാലായി കീറി ഉണ്ടാക്കുന്ന ഉപ്പേരിയാണ് ഓണസദ്യക്ക് വിളമ്പാറ്. ഇതുകൂടാതെ ചേന, ചേമ്പ്, പാവയ്ക്ക എന്നിവയ്ക്കെല്ലാം ഇലയില് സ്ഥാനമുണ്ട്. പണ്ടുകാലത്ത് ഓണത്തിന് വിളമ്പുന്ന സദ്യയില്‍ അച്ചിങ്ങ വറുത്തത് വരെ ഉണ്ടായിരുന്നു എന്നാണ് പഴമക്കാരുടെ ഓര്‍മ്മ. അതുകഴിഞ്ഞാല്‍ കാളന്‍, ഓലന്‍, എരിശ്ശേരി, തോരന്‍, അവിയല്‍ എന്നിവയുടെ വരവായി. 

തോരന് പകരം മെഴുക്കുപുട്ടിയും വയ്ക്കാറുണ്ട് ഇവിടുത്തുകാര്‍. മിക്കവാറും ചേന, കായ, അച്ചിങ്ങപ്പയര്‍ എന്നിവയിലേതെങ്കിലും വച്ചായിരിക്കും മെഴുക്കുപുരട്ടി ഉണ്ടാക്കുക. അച്ചിങ്ങപ്പയറോ ബീന്‍സോ കാബേജോ ഒക്കെക്കൊണ്ടുള്ള തോരനാണ് ഇവിടെ പതിവ്. എരിശ്ശേരിക്കു പകരം കൂട്ടുകറിയും സദ്യയില്‍ ഇടംപിടിക്കുന്നു. ഇതിലേതായാലും തേങ്ങ വറുത്തരച്ചായിരിക്കും പാകം ചെയ്യുക. 

ചോറ് വിളമ്പിയതിന്റെ വലതുഭാഗത്തായാണ് പരിപ്പ് വിളമ്പുന്നത്. പരിപ്പിന് മുകളിലായി നെയ്യും വിളമ്പും. ഇതുകൂട്ടി ആദ്യപടി പൂര്‍ത്തിയാക്കിയാല്‍ സാമ്പാറിന്റെ വരവായി. പിന്നാലെ രസം എത്തും. അതും കഴിഞ്ഞിട്ടാണ് പായസം വിളമ്പുക. ഓണത്തിന് പാല്‍പായസം നിര്‍ബന്ധമാണ് ഇവിടെ. മിക്കവാറും രണ്ടുതരം പായസങ്ങള്‍ ഉണ്ടാവാറുണ്ട്. പാലടയും പഴപ്രഥമനുമാണ് ഇവിടെ ഓണപായസങ്ങള്‍. 

പഴയകാലത്ത് ചക്കപായസം വരെ ഓണത്തിന് വിളമ്പിയിരുന്നു എന്നത് പഴമക്കാരുടെ ഓര്‍മ മാത്രമാണ് ഇന്ന്. പായസം കഴിഞ്ഞാല്‍ മോര് കൂട്ടി കഴിക്കാനുള്ള ചോറ് വിളമ്പും. ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞിട്ട പച്ചമോരാണ് ഇവിടെ വിളമ്പുക. അതോടെ സദ്യ പൂര്‍ണമാകും. ഇതുകൂടാതെ ഇലയില്‍ പഴംനുറുക്കും ഇലയടയും കൂടി വയ്ക്കാറുണ്ട്. 

വള്ളുവനാട്ടിലെ ഓണസദ്യ 

നാലുകറി കൊണ്ടുള്ളതാണ് ഓണസദ്യ എന്ന ചൊല്ലില്‍ ഊന്നിയുള്ളതാണ് വള്ളുവനാടന്‍ ഓണസദ്യ. നാലുകറികള്‍ എന്നാല്‍ 1) എരിശ്ശേരി അല്ലെങ്കില്‍ കൂട്ടുകറി, 2) കാളന്‍, 3) ഓലന്‍, 4) പായസം പോലെയുള്ള ഒരുതരം മധുരം. ഇലയുടെ ഇടത്തേയറ്റത്തായി കായയും ചേന വറുത്തതും ശര്‍ക്കരവരട്ടിയുമാണ് ആദ്യം വിളമ്പുക. ഇവയുടെ തൊട്ടടുത്തായി പഴം വേവിച്ചുണ്ടാക്കുന്ന പഴംനുറുക്ക് വയ്ക്കും. അതുകഴിഞ്ഞാല്‍ പപ്പടം. പപ്പടത്തിനു ശേഷമാണ് അച്ചാറുകളുടെ സ്ഥാനം. കടുമാങ്ങാ അച്ചാറ്, നാരങ്ങാ അച്ചാറ്, ഇഞ്ചിത്തൈര്, പുളിയിഞ്ചി എന്നിവയായിരിക്കും ഓണസദ്യയില്‍ ഇടംപിടിക്കുന്ന അച്ചാറുകള്‍. 

വള്ളുവനാട്ടിലെ ഓണസദ്യയ്ക്ക് മാങ്ങാ അച്ചാറിനേക്കാള്‍ പ്രാധാന്യം നാരങ്ങാ അച്ചാറിനാണ്, അതും വടുകപുളി നാരങ്ങ കൊണ്ടുള്ള അച്ചാറ്. അതുകഴിഞ്ഞാല്‍ കുമ്പളങ്ങ കൊണ്ടുള്ള ഓലന്‍. ഓലന്‍ കഴിച്ചാല്‍ അതിനുമുമ്പു കഴിച്ച കറികളുടെ സ്വാദ് നാവില്‍ നിന്നും മാറും എന്നാണ് വയ്പ്. ശേഷം കാളന്‍. അതിനടുത്തായി പയറോ കാബേജോ കൊണ്ടുള്ള തോരനുണ്ടാവും. പിന്നെ കൂട്ടുകറി. വള്ളുവനാടന്‍ കൂട്ടുകറി എന്നു പറയുമ്പോള്‍ ചേനയും കായയും കൊണ്ട് ഉണ്ടാക്കുന്നതാണ്. പണ്ട് ഓണസദ്യക്ക് കൂട്ടുകറി വിളമ്പിയിരുന്നില്ല പകരം മത്തങ്ങ കൊണ്ടുള്ള എരിശ്ശേരിയായിരുന്നു പതിവ്. 

ഇത്രയും കഴിഞ്ഞാല്‍ ചോറ് വിളമ്പും. ഇവിടെയും ചോറു വിളമ്പി അതിന്റെ വലതുവശത്തായാണ് പരിപ്പ് വിളമ്പുന്നത്. പരിപ്പ് കഴിഞ്ഞാല്‍ സാമ്പാര്‍. സാമ്പാര്‍ കഴിഞ്ഞാല്‍ രസം. മല്ലിയില കൂടി ചേര്‍ത്ത് രസമാണ് വള്ളുവനാട്ടില്‍ വിളമ്പാറ്. രസം കഴിഞ്ഞാല്‍ പിന്നെ പായസത്തിന്റെ വരവാണ്. പണ്ടുകാലത്ത് തേങ്ങാപ്പാല്‍ ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന പഴപ്രഥമനാണ് ഓണത്തിന് സദ്യക്ക് വിളമ്പിയിരുന്നത്. അതുപോലെതന്നെ പ്രഥമന് ചെങ്ങഴിക്കോടന്‍ പഴം തന്നെ വേണമെന്നതും വള്ളുവനാട്ടുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു. 

പഴപ്രഥമന്‍ കഴിഞ്ഞാണ് മോര് വിളമ്പുക. മോര് കൂടി കൂട്ടി ചോറ് കഴിച്ചു കഴിഞ്ഞാല്‍ സദ്യ പൂര്‍ണമാവും. പണ്ടുകാലത്ത് വള്ളുവനാടന്‍ സദ്യകളില്‍ സാമ്പാറ് ഉണ്ടാകുമായിരുന്നില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. സാമ്പാറിനു പകരമായി അവിയല്‍ കുറച്ച് വെള്ളം കൂട്ടി വയ്ക്കുകയായിരുന്നു പതിവ്. പിന്നീട് പല മാറ്റങ്ങളും വന്ന കൂട്ടത്തില്‍ സാമ്പാറും ഓണസദ്യയില്‍ ഇടംപിടിച്ചു. ഇതാണ് വള്ളുവനാടന്‍ സദ്യയെങ്കിലും കാലം മാറിയതോടെ കുറച്ചുകൂടി വടക്കോട്ട് പോകുന്തോറും മീനും ഇറച്ചിയുമൊക്കെ ഓണസദ്യയ്ക്കൊപ്പം ഇലയില്‍ സ്ഥാനം പിടിച്ചു. 

Content Highlights : Onasadhya In Travancore Thiru Kochi And Valluvanad Onam 2019