ഗൃഹാതുരതയുടെ ഒരു കാലം കാസറ്റുകളിലും റെക്കോര്‍ഡുകളിലും രേഖപ്പെടുത്തിയിരുന്നു. കാസറ്റുകള്‍ കടന്നുപോയെങ്കിലും പാട്ടുകള്‍ കാലങ്ങളും ദേശങ്ങളും കടന്നു മനസ്സുകളില്‍ ബാക്കിയായിരിക്കുന്നു.സമ്പന്നമായ ഒരു കാലത്തെ മറഞ്ഞു പോയ്കൊണ്ടിരുന്ന സംസ്‌കാരത്തെ വരികളിലും ഈണത്തിലും കൊത്തിവച്ചു .
ഓണവും വസന്തവും കേരളീയ ജീവിതവും പ്രണയവും നഷ്ടബോധവും കാത്തിരിപ്പും ഗ്രാമീണതയും മിത്തുകളും ചരിത്രവും ഇതിഹാസങ്ങളും ഗൃഹാതുരതയും ആ ഗാനങ്ങളില്‍ നിറഞ്ഞു. പ്രഗത്ഭരായ ഗാനരചയിതാക്കളും സംഗീതസംവിധായകരും കേരളത്തിന്റെ എല്ലാ ദേശങ്ങളിലെയും സാംസ്‌കാരിക സവിശേഷതകളെ കൂടി ഉള്‍ച്ചേര്‍ത്ത് സംഗീത വിരുന്നൊരുക്കി.

1970 -ല്‍ എച്ച്.എം.വിയുടെ സ്റ്റീരിയോ റെക്കോര്‍ഡിങ്ങില്‍ പുറത്തിറക്കിയ മധുരഗീതങ്ങളായിരുന്നു മലയാളത്തിലെ ആദ്യ ലളിത സംഗീത ആല്‍ബം. ശ്രീകുമാരന്‍ തമ്പിയുടെ ഗാനരചനയും ദക്ഷിണാമൂര്‍ത്തിയുടെ സംഗീതവും ആ ആല്‍ബത്തിലെ കരിനീലക്കണ്ണുള്ള പെണ്ണേ എന്ന ഗാനം നാലു പതിറ്റാണ്ടിനുശേഷം ഒരു ചലച്ചിത്രഗാനമായി വീണ്ടും അവതരിച്ചത് ആ ഗാനങ്ങളുടെ കാലാതീതമായ ജനപ്രിയതയെ കുറിക്കുന്നു.

മധുരഗീതങ്ങളിലെ ''തുയിലുണരൂ തുയിലുണരൂ തുമ്പികളേ ...''എന്ന ഗാനം കടന്നുപോയ ഒരു കാലത്തിന്റെ ഓണസ്മൃതികളിലേക്ക്  എത്ര  സുന്ദരമായാണ് മനസ്സുകളെ വിളിച്ചുണര്‍ത്തുന്നത്. ''പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍ ''എന്ന ഗാനം  ഒരു നഷ്ടബോധത്തോടെ ഇന്നും കേട്ടിരിക്കുന്ന ശ്രോതാക്കള്‍ എത്രയുണ്ടാവും  എംഎസ് ബാബുരാജ് ഈണം നല്‍കിയ മാലേയമണിയും  എന്ന ഗാനവും ഈ ആല്‍ബത്തിലെ അമൂല്യമായ ഗാനമാണ്.

'ഉത്രാട പൂനിലാവെ വാ'  'എന്നും ചിരിക്കുന്ന സൂര്യന്റെ'  തുടങ്ങിയ ഗാനങ്ങളുമായി 1983 -ല്‍ പുറത്തിറങ്ങിയ ഉത്സവഗാനങ്ങള്‍ എന്ന തരംഗിണിയുടെ  ഓണപ്പാട്ടുകള്‍ അഞ്ചു ലക്ഷത്തിലേറെ കാസറ്റുകളാണ് വിറ്റഴിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണമിട്ടത് രവീന്ദ്രന്‍ മാസ്റ്ററായിരുന്നു.

'ഉത്രാട പൂനിലാവെ വാ '  'എന്നും ചിരിക്കുന്ന സൂര്യന്റെ  '  തുടങ്ങിയ ഗാനങ്ങളുമായി  1983 -ല്‍ പുറത്തിറങ്ങിയ ഉത്സവഗാനങ്ങള്‍ എന്ന തരംഗിണിയുടെ ഓണപ്പാട്ടുകള്‍ അഞ്ചു ലക്ഷത്തിലേറെ കാസറ്റുകളാണ്  വിറ്റഴിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണമിട്ടത് രവീന്ദ്രന്‍ മാസ്റ്ററായിരുന്നു.

'ഒരു നുള്ളു കാക്കപ്പൂ കടം തരാമോ '' എന്ന ഗാനം എത്ര മധുരതരമായാണ്  ഓണവും വസന്തവും പ്രണയവും ഇഴചേര്‍ത്തു അവതരിപ്പിക്കുന്നത്. പായിപ്പാട്ടാറ്റിലെ വള്ളംകളിയിലും ശ്രോതാവ് സംഗീത തോണിയില്‍ ആ മത്സരവേദിയിലെത്തുന്നു. തരംഗിണിയുടെ വസന്തഗീതങ്ങള്‍ എന്ന ബിച്ചു തിരുമലയും  രവീന്ദ്രന്‍ മാസ്റ്ററും ചേര്‍ന്നൊരുക്കിയ ആല്‍ബം ജനപ്രീതിയില്‍ ഇന്നും മുന്നിലാണ്. 
''വലംപിരി ശംഖില്‍ തുളസീ തീര്‍ത്ഥം '' യേശുദാസ്  പകര്‍ന്ന  ഗാനാലാപനത്തിന്റെ മാസ്മരികത  അവര്‍ണനീയമാണ് .


മാമാങ്കം പലകുറി കൊണ്ടാടിയ നിളയുടെ തീരങ്ങളിലേക്ക്  എത്ര മനസ്സുകളെ ആ ഗാനം കൈപിടിച്ച് കൊണ്ടുപോയിരുന്നു ചരിത്രത്തിന്റെ വഴികളിലേക്ക് ഓര്‍മകളെ ചിന്തേരിട്ടു ഉണര്‍ത്തിയിരിക്കുന്നു.


ഓ എന്‍ വി  കുറുപ്പിന്റെ വരികളും  ജെറി അമല്‍ ദേവിന്റെ സംഗീതവുമായി  തരംഗിണിയുടെ ഗാനോത്സവം മറ്റൊരു ചലച്ചിത്രേതര സംഗീതത്തിലെ ക്ലാസിക് പിറവിയായി.
ആല്‍ബത്തിലെ ''ശ്രാവണ ചന്ദ്രികാ പുഷ്പം ചൂടിയ ശ്യാമള ഗാത്രിയാം രാത്രി'' രാത്രിയെക്കുറിച്ചുള്ള മലയാളത്തിലെ മികച്ച ഗാനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.


ശ്രീകുമാരന്‍ തമ്പി യുടെ വരികളും രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതവുമായി വന്ന  പൊന്നോണ തരംഗിണിയിലെ ''പൂക്കളം കാണുന്ന പൂമരം പോലെ''എന്ന ഗാനം നഷ്ടസ്മൃതികളെയും  ഓണക്കാലത്തേയും വേദനയുടെ ഒരു പോറലോടെ ഉള്ളില്‍ തൊടും .

ഗിരീഷ് പുത്തന്‍ചേരിയും വിദ്യാസാഗറും ഒന്നിച്ച തിരുവോണകൈനീട്ടത്തിലെ ''ആരോ കമിഴ്ത്തിവച്ച ഓട്ടുരുളി പോലെ'' എന്ന ഗാനം പ്രവാസിയുടെ ഉള്ളില്‍ ഉണര്‍ത്തിയ കാഴ്ചകള്‍ എത്ര ഗൃഹാതുരമാവും. വേനലും മഴയും  ഓണക്കാലവും മാവ്പൂത്ത പൂവനങ്ങളും ഉള്ളിലുണര്‍ത്തുന്ന ആ പാട്ടുകള്‍ എന്നും മനസ്സില്‍ ഓണക്കാലം തീര്‍ക്കും.

Content Highlights: onam Songs yesudas songs Onappaattukal Onam Album Malayalam Festival Songs