ദ്യ ഇല്ലാതെ മലയാളിക്ക് ഓണം ഇല്ല. പച്ചക്കറികള്‍ക്കു പ്രാധാന്യം നല്‍കുന്ന സദ്യ വാഴയിലയില്‍ വിളമ്പുന്നതുമൂലം പോഷകമൂല്യം ഏറുന്നു. ഒരു വ്യക്തിക്ക് ഒരുദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍നിന്നു ലഭിക്കും. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ ഒരു സങ്കലനമാണ് ഓണസദ്യ.

ചോറ് തവിടോടുകൂടിയ അരി (ചെമ്പാവരി) കൊണ്ടുള്ള ചോറില്‍ ബി വിറ്റാമിനുകള്‍, സെലിനിയം മാന്‍ഗനീസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, നാര് എന്നിവ അടങ്ങിയിട്ടുണ്ട്. ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്കും ചുവന്ന അരികൊണ്ടുള്ള ചോറാണ് നല്ലത്.

പരിപ്പും നെയ്യും

പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത് പ്രോട്ടീന്റെ ശേഖരമാണ് പരിപ്പ്. ശരീരത്തിലേക്കു പല വിറ്റമിനുകളും ആഗിരണം ചെയ്യണമെങ്കില്‍ കൊഴുപ്പ് ആവശ്യമാണ്.

അവിയല്‍

എല്ലാ പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ ഗുണത്തില്‍ മുന്‍പില്‍ തന്നെയാണ്. ഇത് വിറ്റാമിനുകളുടെ ഒരു കലവറയാണ്. ഇതിലുള്ള നാരുകള്‍ ശരിയായ ദഹനത്തിനും ശോധനയ്ക്കും സഹായിക്കും.

സാമ്പാര്‍

പലതരത്തിലുള്ള പച്ചക്കറികളും പരിപ്പും ചേര്‍ത്ത് തയ്യാറാക്കുന്ന സാമ്പാര്‍ ഗുണത്തില്‍ ഏറെ മുന്‍പിലാണ്. ഇതിലുള്ള നാരുകള്‍ ശരീരത്തിലെ അധിക കൊഴുപ്പിനെ വലിച്ചെടുത്ത് കളയാന്‍ സഹായിക്കുന്നു. സാമ്പാറില്‍ ചേര്‍ക്കുന്ന തക്കാളിയില്‍ ലൈക്കോപ്പിന്‍ എന്ന ആന്റിഓക്‌സിഡന്റുണ്ട്. ഇത് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കായം ദഹനം സുഗമമാക്കുന്നു.

തോരന്‍

കാബേജ്, ബീന്‍സ്, പയര്‍ എന്നിവയാണ് തോരനുവേണ്ടി തിരഞ്ഞെടുക്കുന്ന പച്ചക്കറികള്‍. തോരനിലെ കൂട്ട് എന്തായാലും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയവയാണ്.

പച്ചടി

ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന പച്ചടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക് എന്നിവയുണ്ട്. പൈനാപ്പിള്‍ പച്ചടിയും രുചിയില്‍ മുന്നില്‍ത്തന്നെയാണ്, ഇതില്‍ വിറ്റാമിന്‍ ബി,സി എന്നിവയുണ്ട്. ഇത് നല്ലൊരു ദഹനസഹായി ആണ്. ഇതിലുള്ള ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. പൈനാപ്പിളിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു.

കിച്ചടി

വെള്ളരിക്കക്കിച്ചടി ഓണസദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ശരീരത്തിന്റെ വിഷാംശത്തെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. ഹൃദയാഘാതസാധ്യത ഇല്ലാതാക്കുന്നു.

പുളിശ്ശേരി

പുളിശ്ശേരിയില്‍ ഇടുന്ന കറിക്കൂട്ടുകള്‍ പലതരത്തില്‍ ശരീരത്തിനു ഗുണം ചെയ്യും. മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, ഏത്തയ്ക്ക ഇവയെല്ലാം ഇട്ട് പുളിശ്ശേരി തയ്യാറാക്കാം. ഇതില്‍ ചേര്‍ക്കുന്ന തൈര് നല്ല ഒരു പ്രോബയോട്ടിക്കാണ്. ദഹനത്തിനു സഹായിക്കുന്നു.

ഇഞ്ചിക്കറി

ഓണസദ്യയുടെ നിറവ് ഇഞ്ചിക്കറിയിലാണ്, ഇത് ഒരു ദിവ്യൗഷധമാണ്. ധാരാളം ധാതുലവണങ്ങള്‍ ഇതിലുണ്ട്. (മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം, അയണ്‍, കാല്‍സ്യം). ഇഞ്ചി ദഹനം സുഗമമാക്കുകയും ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

അച്ചാര്‍

അല്‍പം പുളിയും എരിവും ചേര്‍ത്ത മാങ്ങാ അച്ചാര്‍ ഇല്ലാതെ സദ്യ വിളമ്പാനാകില്ല. വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. കൂടുതല്‍ എണ്ണയും ഉപ്പും ചേര്‍ക്കാതെ അച്ചാര്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണം.

രസം

പുളി, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, കുരുമുളക്, കായം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന രസം ദഹനപ്രക്രിയയ്ക്ക് നല്ലതാണ്.

മോര്

ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മോര് കാല്‍സ്യം, ഫോസ്ഫറസ്, മാംസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണമാകില്ല. ശര്‍ക്കര ചേര്‍ത്ത് തയ്യാറാക്കുന്ന പായസത്തില്‍ ധാരാളം ഇരുമ്പുണ്ട്. കൂടാതെ സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുമുണ്ട്. ഇങ്ങനെ ഓണസദ്യയിലെ ഓരോ വിഭവങ്ങളും നമ്മുടെ ശരീരത്തിന് ഗുണം പ്രധാനം ചെയ്യുന്നതാണ്.

ഇന്നത്തെ തലമുറയ്ക്ക് ഓണവിഭവങ്ങള്‍ വീട്ടില്‍ ഒരുക്കാനുള്ള ക്ഷമയില്ല. അവര്‍ നമ്മുടെ സ്വന്തം ഓണസദ്യയെ ഹോട്ടലുകളിലെ തീന്‍മേശകളിലേക്കു മാറ്റിക്കഴിഞ്ഞു. എന്നാല്‍, വീട്ടില്‍ത്തന്നെ സദ്യ തയ്യാറാക്കി അതിന്റെ മഹത്വം തലമുറകളിലേക്ക് പകര്‍ന്നുനല്‍കേണ്ടത് എല്ലാവരുടെയും കടമയാണ്.

പ്രീതി ആര്‍.നായര്‍, ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്, എസ്.യു.ടി. ഹോസ്പിറ്റല്‍, പട്ടം.

Content Highlights: Onam feast