ഓണമെന്നാല്‍ സദ്യയാണ് അല്ലെങ്കില്‍ സദ്യകൂടിയാണ് ഓണം. ഉത്രാടം, തിരുവോണം, ചതയം എന്നീദിവസങ്ങളിലാണ് സാധാരണ സദ്യയുണ്ടാക്കാറ്. പണ്ടുകാലത്ത് സമ്പന്നഭവനങ്ങളിലും ജന്മിത്തറവാടുകളിലും ഓണത്തോടനുബന്ധിച്ച് മൂന്നു ദിവസവും സദ്യ ഒരുക്കാറുണ്ട്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു എന്ന് പറയപ്പെടുന്നു. തൂശനിലയില്‍ ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും അവിയലും ഓലനും കൂട്ടുകറിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോള്‍ ഓണസദ്യ പൂര്‍ണമാകും. സദ്യ വിളമ്പുന്നതിനുമുണ്ട് ചിട്ടവട്ടങ്ങള്‍. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേര്‍ന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂമ്പ് ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളില്‍ നിന്നും വേണം വിളമ്പിത്തുടങ്ങേണ്ടത്.

കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും വ്യത്യാസങ്ങള്‍ കണ്ടുവരുന്നു. തൃശ്ശൂര്‍ ഭാഗത്തേക്ക് കുറുക്കുകാളന്‍ പ്രധാനപ്പെട്ട വിഭവമാണെങ്കില്‍ തിരുവനന്തപുരംഭാഗത്തേക്ക് ചെറുപയര്‍ പരിപ്പുകറിയാണ് പ്രധാനം. മലബാര്‍ പ്രദേശത്ത് ചില വിഭാഗങ്ങള്‍ക്കിടയില്‍ ഉത്രാടത്തിനോ ചതയത്തിനോ മത്സ്യവും മാംസവും പാചകംചെയ്യുന്ന രീതിയുമുണ്ട്. തിരുവോണത്തിനും ചിലര്‍ നോണ്‍വെജ് പാചകം ചെയ്യും.
 
ഓണസദ്യയുടെ ഒരുക്കം മുമ്പുകാലത്ത് കൃഷിപ്പണിയുടെ കാലത്തേ തുടങ്ങുമായിരുന്നു അന്ന് സദ്യയുണ്ടാക്കാന്‍ നമ്മള്‍ത്തന്നെ കൃഷിചെയ്തുണ്ടാക്കുന്ന അരിയും പച്ചക്കറികളുമാണ് ഉപയോഗിക്കാറ്. കറിക്കു നുറുക്കുന്നതിലും ചേരുവകള്‍ നിശ്ചയിക്കുന്നതിലും അരയ്ക്കുന്നതിലും കൂട്ടുകള്‍ ചേര്‍ക്കുന്നതിലും ഒക്കെത്തന്നെ പ്രത്യേകതകളുണ്ട്. ഉപ്പേരികളും ഉപ്പിലിട്ടതും ഉപ്പും ചോറും പപ്പടവും കൂടാതെ മറ്റുള്ള പ്രധാന സദ്യവട്ടങ്ങള്‍ ഇവയാണ്

1. സാമ്പാര്‍
2. അവിയല്‍
3. കൂട്ടുകറി
4. തോരന്‍
5. കാളന്‍
6. ഓലന്‍
7. പച്ചടി
8. കിച്ചടി
9. ഇഞ്ചിക്കറി
10. മാങ്ങാക്കറി
11. നാരങ്ങഅച്ചാര്‍
12. പരിപ്പ്
13. എരിശ്ശേരി
14. രസം
15. മാമ്പഴ പുളിശ്ശേരി
16. പുളിയിഞ്ചി
17. പഴപ്രഥമന്‍
18. പാലടപ്രഥമന്‍
19. പരിപ്പ് പ്രഥമന്‍
20. ഗോതമ്പു പ്രഥമന്‍

ഓരോന്നും തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും പ്രാദേശിക ഭേദങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പൊതുവേ വെച്ചുവിളമ്പുന്ന സദ്യയിലെ ഇനങ്ങളെ പരിചയപ്പെടാം  ഒരു കുടുംബത്തിനുവേണ്ട പാചക വിധികളിലേക്ക് നോക്കാം.

സാമ്പാര്‍

ആവശ്യമുള്ള സാധനങ്ങള്‍

1. തക്കാളി 200 ഗ്രാം
2. വെണ്ടക്ക 200 ഗ്രാം
3. മുരിങ്ങക്കായ100 ഗ്രാം
4. കാരറ്റ്100 ഗ്രാം
5. ഉരുളക്കിഴങ്ങ്ഒരെണ്ണം
6. ഉള്ളി ഒരെണ്ണം
7. പരിപ്പ് 200 ഗ്രാം
8. നാളികേരം ചിരകിയത് ഒരെണ്ണം
9. കായം 10 ഗ്രാം
10. കായപ്പൊടി5 ഗ്രാം
11. മുളക്പൊടി രണ്ടു ടീസ്പൂണ്‍
12. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
13. മല്ലിപ്പൊടി രണ്ടു ടീസ്പൂണ്‍
14. കുരുമുളക് ഒരു ടീസ്പൂണ്‍
15. ഉലുവ ഒരുനുള്ള്
16. ഉഴുന്നുപരിപ്പ് ഒരുനുള്ള്
17. വെളിച്ചെണ്ണ ആവശ്യത്തിന്
18. മല്ലിയില ആവശ്യത്തിന്
19. പച്ചമുളക്, കറിവേപ്പില ആവശ്യത്തിന്
20. വാളന്‍പുളി  100 ഗ്രാം
21. ചെറിയുള്ളി 5 അല്ലി
22. വെളുത്തുള്ളി  5 അല്ലി
23. ഉപ്പ്ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

നാളികേരം നന്നായി ചിരകിയെടുത്തത് കുരുമുളക്,ഉലുവ, ഉഴുന്നുപരിപ്പ്, പകുതി കായം, രണ്ടല്ലി കറിവേപ്പില, ചെറിയുള്ളി, വെളുത്തുള്ളി  എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കനെ വറുത്തെടുക്കുക. തീയ് സാവധാനം കൊടുത്തുവേണം വറുത്തെടുക്കാന്‍ കരിഞ്ഞുപോകരുത്. പുളി അല്പം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞു മാറ്റിവെക്കുക. പരിപ്പും കായത്തിന്റെ പകുതിയും വേവിച്ചു മാറ്റിവെക്കുക. പാത്രം അടുപ്പത്ത്വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് പുളിപിഴിഞ്ഞത്, കിഴങ്ങ്, ഉള്ളി എന്നിവ കഷണങ്ങളാക്കിയതും മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി എന്നിവയും നാലു കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. കാരറ്റ്, മുരിങ്ങക്കായ എന്നിവ നീളത്തിലരിഞ്ഞതും കൂടെ ചേര്‍ക്കാം. നന്നായി തിളച്ച് മുരിങ്ങക്കായ മുക്കാല്‍ ഭാഗംവെന്താല്‍ അതിലേക്ക് തക്കാളിയും ആവശ്യത്തിന് ഉപ്പും  ചേര്‍ക്കണം. പിന്നീട് നന്നായി തിളച്ചതിനുശേഷം വെണ്ടക്ക മുറിച്ചത് ചേര്‍ക്കുക. അതിനോടൊപ്പം തന്നെ വേവിച്ച് മാറ്റിവെച്ച പരിപ്പും ചേര്‍ത്തിളക്കുക. ചുവക്കനെ വറുത്തെടുത്ത നാളികേരം നെയ്യുപോലെ അരച്ചത് ചേര്‍ത്തു തിളപ്പിച്ചശേഷം അല്പം മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്തിളക്കി. സ്വദുനോക്കി കായത്തിന്റെ കുറവുണ്ടെങ്കില്‍ കായപ്പൊടി ചേര്‍ക്കാം. വെള്ളത്തിന്റെ കുറവുണ്ടെങ്കില്‍ നാളികേരം കലക്കിയൊഴിക്കുമ്പോള്‍  
വെള്ളം ചേര്‍ക്കാം. കടുക്, വറ്റല്‍മുളക് എന്നിവചേര്‍ത്ത് വറുത്തിടാം. നല്ല നാടന്‍ സാമ്പാര്‍ റെഡി.

അവിയല്‍

പണ്ട് ഭീമസേനന്‍ പാചകശേഷം ബാക്കിവന്ന പച്ചക്കറി കഷണങ്ങള്‍ എല്ലാം ചേര്‍ത്തൊരു കറിയുണ്ടാക്കി അതാണ് അവിയല്‍ എന്ന് പുകള്‍പെറ്റത്. അവിയലില്ലാതെ ഒരു സദ്യയെന്നത് ആലോചിക്കാന്‍ വയ്യാത്തകാര്യമാണ്. പുളി, മാങ്ങ, തൈര് എന്നിവ മൂന്നും ഉപയോഗിച്ചു വെവ്വേറെ അവിയലുണ്ടാക്കും തൈര് ഒഴിച്ചുണ്ടാക്കുന്ന അവിയലെങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

കായ - 500ഗ്രാം
ചേന - 500ഗ്രാം
മുരിങ്ങക്കായ - 250 ഗ്രാം
കാരറ്റ് - 250 ഗ്രാം
പയര്‍ - 250 ഗ്രാം
വെള്ളരി അല്ലെങ്കില്‍ ഇളവന്‍ - 200 ഗ്രാം
കൈപ്പ - 100 ഗ്രാം
പടവലം - 200 ഗ്രാം
തൈര് - ഒരു കപ്പ്
നാളികേരം - രണ്ടെണ്ണം വലുത്
പച്ചമുളക് - 10 എണ്ണം
മഞ്ഞള്‍ പൊടികാല്‍ - ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

അവിയലിന് കഷണം മുറിക്കുമ്പോള്‍ ശ്രദ്ധിക്കണം അല്പം നീളത്തില്‍ അധികം തടിയില്ലാതെയായിരിക്കണം എല്ലാ പച്ചക്കറിയും മുറിക്കേണ്ടത്. എന്നാല്‍ നന്നേ നേര്‍മയായിപ്പോകരുത്. കഷണങ്ങള്‍ എല്ലാം തന്നെ ആദ്യം മുറിച്ചു വെക്കണം. നാളികേരം നൈസായി ചിരകി പച്ചമുളകും ചേര്‍ത്ത് ഒതുക്കിവെക്കണം. അരഞ്ഞു പോകരുത്. ഒരു ചെറിയ ഉരുളി അടുപ്പത്തുവെച്ചു ചൂടാക്കി അതില്‍ കുറച്ച് വെളിച്ചെണ്ണയൊഴിക്കുക. പിന്നീട് അല്പം വെള്ളമൊഴിച്ചതിനുശേഷം ചേന, കായ,മുരിങ്ങ, പയര്‍, കാരറ്റ്, കൈപ്പ, വെള്ളരി പടവലം എന്നിവ മേല്‍ക്കുമേല്‍ യഥാക്രമം നിരത്തിയതിനുശേഷം മുകളില്‍ മഞ്ഞപ്പൊടി ചേര്‍ത്ത് വേവിക്കുക. നടുഭാഗം കുഴിച്ച് തിളച്ചുവരുന്ന വെള്ളം കൈയില്‍കൊണ്ട് ചുറ്റുമുള്ള കഷണങ്ങളില്‍ തൂവിയതിനുശേഷം അടച്ചുവെച്ച് ആവിയില്‍ വേവിക്കുക. കുറച്ചുനേരം വെന്തുകഴിഞ്ഞാല്‍ അടിയിലെ ചേനയുടെയും നടുവിലെ മുരിങ്ങക്കായയുടെയും വേവ് നോക്കുക. ഏകദേശം വെന്തുകഴിഞ്ഞാല്‍ ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഒരു തവണ മാത്രം ഇളക്കുക. അധികം ഇളക്കിയാല്‍ കഷണം ഉടഞ്ഞുപോകും. പിന്നീട് നാം ഒതുക്കിവെച്ച നാളികേരം തൈര് എന്നിവചേര്‍ത്ത് ഇളക്കിയശേഷം. കറിവേപ്പില ചേര്‍ക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയും ചേര്‍ത്തിളക്കിയിറക്കിയാല്‍ ആവി പറക്കുന്ന നല്ല അവിയല്‍ റെഡിയായി.


കൂട്ടുകറി

കറികളില്‍ കേമനാണ് കൂട്ടുകറി കായയും ചേനയുമാണ് കൂട്ടുകറിയുടെ സാധാരണ ചേരുവകള്‍ മത്തന്‍കൂട്ട്, തക്കാളിക്കൂട്ട്, ചിരക്കൂട്ട് എന്നിങ്ങനെ വ്യത്യസ്ത കൂട്ടുകറികള്‍ ഉണ്ടാക്കാമെങ്കിലും കായക്കൂട്ടുതന്നെയാണ് ഓണ സദ്യയില്‍ സാധാരണ കണ്ടുവരുന്നത്.

ചേരുവകള്‍

കായ - 500 ഗ്രാം
ചേന- 500 ഗ്രാം
കടലപ്പരിപ്പ് - 200 ഗ്രാം
കാരറ്റ് - 200 ഗ്രാം
മഞ്ഞള്‍പൊടികാല്‍ ടീസ്പൂണ്‍
കുരുമുളക്പൊടി രണ്ടു ടീസ്പൂണ്‍
ശര്‍ക്കര 200 ഗ്രാം
നാളികേരം മൂന്നെണ്ണം
നാളികേരക്കൊത്ത്ഒരു കപ്പ്
പച്ചമുളക് 6 എണ്ണം(നെടുകെ ചീന്തിയത്)
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
ചുക്കുപൊടിഅര ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

കടലപ്പരിപ്പ് മുക്കാല്‍ ഭാഗം വേവിച്ച് മാറ്റിവെക്കുക. കായയും ചേനയും കാരറ്റും ചെറിയ ചതുരക്കഷണങ്ങളായി മുറിച്ച് ഉപ്പും കുറച്ച് മഞ്ഞള്‍പൊടിയും നെടുകെമുറിച്ച പച്ചമുളകുമിട്ട് കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് വേവിച്ചെടുക്കുക വെള്ളം അധികം വെച്ചാല്‍ വെന്തുടഞ്ഞു പോകും. പാകത്തിന് വെള്ളം മതി. നാളികേരം ഒരെണ്ണം വലുതെടുത്ത് നെയ്യുപോലെ ചരച്ചെടുക്കുക. വെന്ത കഷണങ്ങളിലേക്ക് അരച്ചെടുത്ത നാളികേരം ശരക്കര പൊടിച്ചത് എന്നിവ ചേര്‍ക്കുക ഒന്നു തിളയ്ക്കുമ്പോള്‍ വേവിച്ചുവെച്ച കടലപ്പരിപ്പ് ചേര്‍ത്തിളക്കി വാങ്ങുക. ബാക്കിയുള്ള രണ്ടു നാളികേരം ചുവക്കനെ വറുത്തെടുത്തശേഷം നേരത്തെ വാങ്ങിവെച്ച കൂട്ട് വറുത്ത നാളികേരത്തില്‍ത്തട്ടി നന്നായി ഇളക്കി യോജിപ്പിക്കുക. കുരുമുളക്പൊടിയും കറിവേപ്പിലയും ചേര്‍ത്തതിന്ശേഷം നേരത്തെ മാറ്റിവെച്ച നാളികേരക്കൊത്ത് വെളിച്ചെണ്ണയില്‍ ചുവക്കെ വറുത്തെടുത്ത് ചേര്‍ത്ത് ഇളക്കിയോജിപ്പിക്കാം. വറ്റല്‍മുളക്, കടുക് എന്നിവകൊണ്ട് വറുത്തിടാം.
 

ഓലന്‍

സദ്യയില്‍ ഓരോ വിഭവങ്ങളുടെയും രുചി അറിയാന്‍ രസം മാറ്റുമ്പോള്‍ കഴിക്കുന്ന വിഭവമാണ് ഓലന്‍ അതുകൊണ്ടുതന്നെ ഓലനില്‍ പലയിടത്തും ഉപ്പ് ചേര്‍ക്കാറില്ല.കുമ്പളങ്ങ, മത്തന്‍ എന്നിവയാണ് ഓലനിലെ പ്രധാന കഷണങ്ങള്‍.

ചേരുവകള്‍

കുമ്പളങ്ങ - 500ഗ്രാം
വന്‍പയര്‍ - 150 ഗ്രാം
നാളികേരപ്പാല്‍ - രണ്ടകപ്പ്
പച്ചമുളക് - 5 എണ്ണം നെടുകെ കീറിയത്
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ  - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

വന്‍പയര്‍ ആദ്യം വേവിച്ചു വെക്കുക. കുമ്പളങ്ങ നൈസായി ചെറിയ കഷണങ്ങള്‍ ആക്കിയെടുക്കുക. ഒരു പാത്രം ചൂടാക്കി ചതിലേക്ക് അല്പം വെളിച്ചെണ്ണയൊഴിച്ചതിനുശേഷം കുമ്പളങ്ങകഷണങ്ങള്‍ പച്ചമുളകും ചേര്‍ത്ത് വഴറ്റുക. കുമ്പളങ്ങകഷണങ്ങള്‍ വെന്തു കിഞ്ഞാല്‍ ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച വന്‍പയര്‍ചേര്‍ത്തിളക്കിയതിനുശേഷം നാളിരേപ്പാല്‍ ഒഴിച്ച് ചെറുതായി തിളപ്പിക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടിറക്കിയാല്‍ ഓലന്‍ ആയി. നമ്മുടെ രുചിക്കനുസരിച്ച് ഉപ്പു ചേര്‍ക്കാം.

പച്ചടി

കൈതച്ചക്ക - 500ഗ്രാം
തൈര് - ഒരുകപ്പ്
പഞ്ചസാരപ്പൊടി - ഒരു ടീസ്പൂണ്‍
കടുക് - രണ്ട് ടീസ്പൂണ്‍
നാളികേരം - ഒരെണ്ണം വലുത്
പച്ചമുളക് - 5 എണ്ണം നെടുകെ കീറിയത്
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കെതച്ചക്ക പൊടിയാക്കി അരിഞ്ഞ് പച്ചമുളക് നെടുകെ കീറിയത്, അല്പം ഉപ്പ് ചേര്‍ത്ത് വെള്ളം വെക്കാതെ വെളിച്ചെണ്ണയൊഴിച്ച് വഴറ്റുക. നാളികേരം ഒരെണ്ണം വലുതെടുത്ത് നെയ്യുപോലെ അരച്ചെടുക്കുക. വെന്ത കഷണത്തിലേക്ക് അരച്ചെടുത്ത നാളികേരം ചേര്‍ക്കുക. പച്ചക്കടുക് പൊടിച്ചത് ചേര്‍ത്തിളക്കിയ ശേഷം തൈര് ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക. പഞ്ചസാരപ്പൊടി, കറിവേപ്പില എന്നിചേര്‍ത്ത് വാങ്ങിവെക്കാം. വറ്റല്‍മുളക്, കടുക് എന്നിവകൊണ്ട് വറുത്തിടാം.

എരിശ്ശേരി

മത്തങ്ങ - 500 ഗ്രാം
വന്‍പയര്‍ - 100 ഗ്രാം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിനു
തേങ്ങ ഒരെണ്ണം - ചിരകിയത്
ജീരകം - അര ടീസ്പൂണ്‍
പച്ചമുളക് - 5 എണ്ണം നെടുകെ കീറിയത്
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്‍ക്കുക. മത്തന്‍ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും അര ഭാഗം എടുത്തു അതോടൊപ്പം ജീരകം ചേര്‍ത്ത് നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. എരിശ്ശേരി തയ്യാര്‍.

പഴുത്ത മാങ്ങാ പുളിശ്ശേരി

നാടന്‍ പഴുത്ത മാങ്ങ - അഞ്ചെണ്ണം
തൈര് - അരലിറ്റര്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി  - ഒരു ടീസ്പൂണ്‍
ജീരകം - ഒരു നുള്ള്
തേങ്ങ ഒരെണ്ണം - ചിരകിയത്
ജീരകം - അര ടീസ്പൂണ്‍
പച്ചമുളക് - 5 എണ്ണം നെടുകെ കീറിയത്
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പാത്രത്തില്‍ വെള്ളം ഒഴിച്ച് മാങ്ങ ചെറുതായി വേവിക്കുക. നാളികേരം ചിരകിയത് ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇതില്‍ വേവിച്ച മാങ്ങ ഇട്ട് ഉടച്ചെടുക്കുക. തൈര് ഉടച്ച് ചേര്‍ത്ത് ചെറുതായി ചൂടാക്കി മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങുക. ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി കടുക്, മുളക്, കറിവേപ്പില ഇട്ട് താളിച്ച് കറിയിലൊഴിച്ച് മധുരത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുക.

പരിപ്പ് പ്രഥമന്‍

ചെറുപയര്‍ പരിപ്പ് - 200 ഗ്രാം.
ശര്‍ക്കര - 500 ഗ്രാം
തേങ്ങ  - 5 എണ്ണം
ഉണങ്ങിയ തേങ്ങ - ഒരു മുറി
ഏലക്കാപ്പൊടി - 5 ഗ്രാം
ചുക്കുപൊടി - 5 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 25 ഗ്രാം
പശു നെയ്യ് - 100 മില്ലിഗ്രാം


പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കാവുന്നതാണ് ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

പാലടപ്രഥമന്‍

1.ഉണക്കലരി - ഒരു കിലോ
2.പഞ്ചസാര - ഒന്നര കിലോ
3.പാല്‍   - ആറു ലിറ്റര്‍
4.വെളിച്ചെണ്ണ - രണ്ടു ചെറിയസ്പൂണ്‍
5.വാട്ടിയ വാഴയില വലുത്  - അഞ്ച്
6.ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂണ്‍
7.നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും - 50 ഗ്രാം വീതം.

1.അരി കഴുകി വാരിയ ശേഷം നേര്‍മയായി പൊടിക്കുക.
2.അരിപ്പൊടിയിലേക്ക് വെളിച്ചെണ്ണയും 200 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് കുഴയ്ക്കണം
3. പിന്നീട് പച്ചവെളളമൊഴിച്ചു കലക്കുക.ദോശമാവിനേക്കാള്‍ അല്‍പ്പം കൂടി അയഞ്ഞിരിക്കണം.
4.വാഴയില തണ്ടില്‍ നിന്നു കീറിയെടുത്ത് ചെറിയ കഷണങ്ങളാക്കണം . അതില്‍ തയ്യാറാക്കിയ മാവ് കോരിയൊഴിച്ചു നിരത്തിയശേഷം വാഴയില ചുരുട്ടിതിളച്ചുകൊണ്ടിരിക്കുന്ന വെളളത്തിലിട്ട് ഒരു മണിക്കൂര്‍ വേവിക്കുക.
5.വെന്ത അട വാങ്ങി ,തിളച്ച വെളളം ഊറ്റികളഞ്ഞിട്ട് രണ്ടു മൂന്നു പ്രാവശ്യം  പച്ചവെളളമൊഴിച്ച് ഊറ്റണം .പതിനഞ്ചു മിനിട്ടു കഴിഞ്ഞ് പച്ചവെളളത്തിലിട്ട തണുത്ത അട  ഇലയില്‍ നിന്നു പൊളിച്ചെടുത്ത് അല്‍പ്പസമയം കൂടി പച്ചവെളളത്തില്‍ത്തന്നെയിടുക.അട ചെറിയ കഷണങ്ങളാക്കുക.
6.പാല്‍ അടുപ്പത്തുവച്ച് ചൂടായ ശേഷം ബാക്കി പഞ്ചസാരയും ചേര്‍ത്തിളക്കി തിള വരുമ്പോള്‍ ചെറു തീയില്‍ നല്ലവണ്ണം കുറുക്കണം.
7.ഏകദേശം രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ പാലിന് ചോക്ലേറ്റ് നിറം ലഭിക്കും.
8.ഇതിലേക്കു തയ്യാറാക്കിവെച്ചിരിക്കുന്നഅട ചേര്‍ത്തിളക്കി കുറുകുമ്പോള്‍ വാങ്ങിവെക്കുക.
9.ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കുക.

കദളിപ്പഴ പായസം

കദളിപ്പഴം 20 എണ്ണം അരിനുറുക്ക് 250 ഗ്രാം പാല്‍ മൂന്ന് ലിറ്റര്‍ പഞ്ചസാര ഒരു കിലോ കശുവണ്ടി 100 ഗ്രാം കുങ്കുമപ്പൂവ് ഒരു നുള്ള് നെയ്യ് 200 ഗ്രാം പാല്‍ തിളപ്പിക്കുക. ചെറിയ ചുവപ്പുനിറമാകുമ്പോള്‍ കുങ്കുമപ്പൂവും ഏലക്കായും പൊടിച്ചുചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് അരി കഴുകിയിടുക. നിര്‍ത്താതെ ഇളക്കണം. കദളിപ്പഴം അരിഞ്ഞ് ഉടച്ച് ചേര്‍ത്ത് ഇളക്കുക. അരി നന്നായി വെന്താല്‍ പഞ്ചസാരയിട്ട് ഇളക്കി കുറുകുമ്പോള്‍ വാങ്ങുക. നെയ്യില്‍ വറുത്ത കശുവണ്ടിയും കുറച്ച് നെയ്യും പായസത്തിന് മുകളില്‍ തൂവി ഉപയോഗിക്കുക.

Content Highlights: onam 2019