തീഹ്യങ്ങളുടെ കുടപിടിച്ച് ഓണമെത്തുമ്പോള്‍ ഗൃഹാതുരത്വത്തോടെ നൂറ് നൂറ് ഓണക്കഥകള്‍ പറഞ്ഞുതരാന്‍ ഇന്ന് പല വീടുകളിലും മുത്തശ്ശിമാരില്ല, കാര്‍കശ്യത്തോടെ ഓണത്തിന്റെ ചിട്ടവട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കാരണവന്മാരില്ല, എങ്കിലും ഓണം നമ്മള്‍ ആഘോഷിക്കുന്നു... അതിന്റെ എല്ലാ പവിത്രതയോടും കൂടി. ഓണത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ അനവധിയാണ്!

എണ്ണിയാലൊടുങ്ങാത്ത കഥകളുടെ ഭാണ്ഡക്കെട്ടും പേറിയെത്തുന്ന ഓണക്കാലത്തെ നമുക്ക് വരവേല്‍ക്കാം.   

മലയാളക്കര ഒന്നാകെ ആഘോഷിക്കുമെങ്കിലും പ്രാദേശികമായ വ്യത്യാസങ്ങള്‍ ഓണച്ചടങ്ങുകളിലും കാണാനാവും. അത്തം നാളില്‍ തുടങ്ങുന്ന പൂക്കളത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുക. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. അത്തം ദിനത്തില്‍  ഒരു നിര തുമ്പമാത്രമേ പാടുള്ളൂ എന്നാണ് വയ്പ്. രണ്ടാം ദിവസം രണ്ടുതരം പൂക്കളും മൂന്നാം ദിവസം മൂന്നു തരം പൂക്കളും... 

അങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ഉത്രാട നാളിലാണ് പൂക്കളം ഏറ്റവും വലിപ്പത്തില്‍ ഒരുക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലും കാര്യമായ ഐക്യമില്ലായ്മ പ്രകടമാണ്. തന്നെയുമല്ല, ആദ്യ ദിവസം മുതല്‍ തന്നെ മനോഹരമായ പൂക്കളം ഒരുക്കുന്നവരാണ് ഇന്ന് അധികവും.

തിരുവോണ ദിനത്തില്‍ കുളിച്ചു പുത്തന്‍ വസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുന്‍പില്‍ ആവണിപ്പലകയില്‍ ഇരുന്ന് തൃക്കാക്കരയപ്പന്റെ രൂപത്തില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. അതേസമയം, ചില സ്ഥലങ്ങളില്‍ ഓണദിനത്തിന് മുമ്പുതന്നെ പൂവട നിവേദിക്കാറുണ്ട്. തൃശൂര്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. തൃക്കാക്കരയപ്പനെ വച്ചാല്‍ ആ വീട്ടില്‍ ഓണമെത്തി എന്നാണ് സങ്കല്പം. 

ഓണത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്ന ചടങ്ങ് പ്രധാനമാണ്. മുതിര്‍ന്നവര്‍ക്ക് കോടി വസ്ത്രവും കുട്ടികള്‍ക്ക് ചെറിയ മുണ്ടുമാണ് (ഓണമുണ്ട്) സമ്മാനിക്കുക. കസവു മുണ്ടുകളാണ് സാധാരണയായി ഈ അവസരത്തില്‍ നല്‍കി വരുന്നത്.

ക്ഷേത്രങ്ങളിലേയ്ക്ക് 'കാഴ്ചക്കുല' സമര്‍പ്പിക്കുന്നതും ഓണനാളുകളില്‍ കണ്ടുവരുന്ന ഒരു പ്രധാന ചടങ്ങാണ്. ഗുരുവായൂര്‍ അമ്പലത്തിലെ 'കാഴ്ചക്കുല' സമര്‍പ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തര്‍ ഉത്രാട ദിവസം ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നത്. ചങ്ങാലിക്കോടന്‍ ഇനത്തില്‍പ്പെട്ട നേന്ത്രവാഴക്കുലകളാണ് കാഴ്ചക്കുലകളായി സമര്‍പ്പിക്കാറ്.

ഓണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഓണസദ്യ. കൊല്ലത്തിലൊരിക്കല്‍ പഴവും പപ്പടവും പായസവും കൂട്ടിയുള്ള ഊണ് പണ്ട് ലഭിച്ചിരുന്നത് ഓണത്തിന് മാത്രമാണ്. കാളന്‍, ഓലന്‍, എരിശ്ശേരി, അവിയല്‍, സാമ്പാര്‍, കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്, പപ്പടം, ഉപ്പേരി, ശര്‍ക്കരവരട്ടി, നേന്ത്രക്കായ ഉപ്പേരി, പഴം, പാലട, പ്രഥമന്‍ എന്നിങ്ങനെ ഇല നിറയെ വിഭവങ്ങള്‍.

മധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോരും നിര്‍ബന്ധം. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ പരിപ്പുകറി പതിവില്ല എന്നു മാത്രമല്ല പലയിടങ്ങളിലും മത്സ്യ- മാംസ വിഭവങ്ങള്‍ സദ്യക്കൊപ്പം വിളമ്പാറുമുണ്ട്. 

ഓണനാളില്‍ വീട്ടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും സദ്യ കൊടുക്കുന്ന ചടങ്ങും ചിലയിടങ്ങളിലുണ്ട്. ഉറുമ്പുകള്‍ക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളില്‍ അവിടവിടെയായി വയ്ക്കാറുണ്ട്. മധ്യതിരുവിതാംകൂറില്‍ ഇത് അരി വറുത്ത് പൊടിച്ച് പഞ്ചസാരയിട്ടാണ് തയ്യാറാക്കുക. സദ്യക്കു ശേഷം പലതരം ഓണക്കളികളും ഉണ്ടാവാറുണ്ട്.

Content Highlights : Onam Rituals Onam 2019