വെറും ഒന്നരമാസം കൊണ്ട് 12.36 ശതമാനം കുതിപ്പോടെ റെക്കോഡ് വില, പ്രളയംതീര്‍ത്ത കെടുതിക്കിടയിലും സീസണില്‍ പുതുജീവന്‍ കൈവന്ന് മുന്നേറുന്ന വിപണി, രൂപയുടെയും ഡോളറിന്റെയും മൂല്യവും ഓഹരിവിപണിയുമെല്ലാം ചാഞ്ചാടുമ്പോഴും തളരാത്ത തലയെടുപ്പ്... ഈ ഓണത്തിന് തീര്‍ച്ചയായും സ്വര്‍ണവര്‍ണം തന്നെ. 'പത്തരമാറ്റ്' സ്വപ്നക്കുതിപ്പിലാണിപ്പോള്‍ സ്വര്‍ണമെന്ന മഞ്ഞലോഹം. ജൂലായ് ഒന്നിന് പവന് 24,920 രൂപ വിലയുണ്ടായിരുന്ന സ്വര്‍ണവില 28,000-ത്തില്‍ ആണ് ഒരുഘട്ടത്തില്‍ എത്തിനിന്നത്.

3,115 രൂപ ഗ്രാമിന് വിലയുണ്ടായിരുന്ന ലോഹമാണ് ഓഗസ്റ്റ് 18-ഓടെ ഗ്രാമിന് 3,500 എന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നത്.

ഓഗസ്റ്റ് മാസം പവന് 25,680 രൂപയില്‍ തുടങ്ങിയിരുന്ന വില വെറും 18 ദിവസത്തിനകം 2,320 രൂപ വര്‍ധിച്ചു. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയുടെ നേരിയ കുറവുണ്ടായെങ്കിലും വരുംദിനങ്ങളില്‍ വില താഴാതെ മുന്നേറുമെന്ന് തന്നെയാണ് സ്വര്‍ണ വിപണനരംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.

ഓരോ ദിവസവും വില മുകളിലേക്ക് കുതിച്ചപ്പോള്‍ വിപണിയില്‍ നേരിയ തളര്‍ച്ച ആദ്യം അനുഭവപ്പെട്ടിരുന്നെങ്കിലും ചിങ്ങമാസം പിറന്ന് ഓണവും വിവാഹ സീസണും എത്തിയതോടെ സജീവമായി തുടങ്ങിയിരിക്കുകയാണ് സ്വര്‍ണവിപണി.

ചാഞ്ചാടി ഓഹരിവിപണിയും നാണയമൂല്യവും, സുരക്ഷിത നിക്ഷേപമായി സ്വര്‍ണം

31.10 ഗ്രാം വരുന്ന ഒരു ട്രോയ് ഔണ്‍സിന് 1,515 ഡോളര്‍ എന്ന നിലയിലാണ് ആഗോള വിപണിയില്‍ സ്വര്‍ണവില എത്തിനിന്നത്. ആഗോളതലത്തില്‍ ഈ വര്‍ഷാവസാനത്തോടെ ട്രോയ് ഔണ്‍സിന് 60 ഡോളര്‍ വരെ ഇനിയും വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം, ആഗോള ഓഹരിവിപണികളിലുള്ള വലിയ ഇടിവ്, കേന്ദ്രബജറ്റില്‍ ഇറക്കുമതി തീരുവയിലുണ്ടായ വര്‍ധന, വര്‍ധിച്ച ആഭ്യന്തര ഉപഭോഗം എന്നിവയും സ്വര്‍ണവിലയുടെ കുതിപ്പിന്റെ ഗ്രാഫ് ഉയര്‍ത്തുന്നു.

ഡോളറിനെ അപേക്ഷിച്ച് കൂടുതല്‍ ദുര്‍ബലമായി ചാഞ്ചാടിക്കൊണ്ടിരിക്കുന്ന രൂപയുടെ നാണയമൂല്യവും കൂടിയാവുന്നതോടെ ഏറ്റവും മികച്ച സുരക്ഷിത നിക്ഷേപമെന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ് സ്വര്‍ണം.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള രാജ്യമായ ഇന്ത്യയില്‍, സാധാരണക്കാര്‍ മുതല്‍ ശതകോടീശ്വരന്‍മാര്‍ വരെ സ്വര്‍ണത്തെ നിക്ഷേപമായും വായ്പയ്ക്ക് വേണ്ടിയും ആശ്രയിക്കുന്നുണ്ട്.

സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍, ആഭരണങ്ങള്‍ എന്നിവയാക്കിയുള്ള പരമ്പരാഗതരീതിക്ക് പുറമെ, 'ഇ-ഗോള്‍ഡ്' ആയും നിക്ഷേപം നടക്കുന്നു. ഗോള്‍ഡ് ഫ്യൂച്ചേഴ്സ്, ഗോള്‍ഡ് ഫണ്ട്, ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട്... എന്നിങ്ങനെ നിരവധി രീതികളിലാണ് പുതിയ കാലഘട്ടത്തിലെ നിക്ഷേപ അവസരങ്ങള്‍.

ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണത്തെ തന്നെയാണ് സുരക്ഷിത നിക്ഷേപമായി കാണുന്നത്.

കിതയ്ക്കാതെ വിപണി

വിലവര്‍ധനയില്‍ കുതിപ്പുണ്ടായതോടെ തുടക്കത്തില്‍ അനുഭവപ്പെട്ട നേരിയ പതര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണിപ്പോള്‍ സ്വര്‍ണവിപണി. സ്വര്‍ണവില ഉയരുമ്പോഴും സ്വര്‍ണത്തിന്റെ ആഭ്യന്തര ഉപഭോഗവും വില്പനയും കുറയുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉത്സവകാലത്തും വിവാഹ സീസണിലും പുത്തനുണര്‍വ് കൈവരിക്കാറുള്ള സ്വര്‍ണവിപണി പ്രളയാനന്തരവും പതിവ് തെറ്റിച്ചിട്ടില്ല. നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട പരമ്പരാഗത ചടങ്ങുകളില്‍ അത്രമേല്‍ അത്യന്താപേക്ഷിതമാണ് പൊന്നിന്റെ സാന്നിധ്യമെന്നതുതന്നെ പ്രധാന കാരണം. 'പാലുകുടി' മുതല്‍ 'വിവാഹം' വരെയുള്ള ചടങ്ങുകള്‍ക്ക് അവിഭാജ്യഘടകമായ സ്വര്‍ണത്തിന് അതിനാല്‍ത്തന്നെ വിപണിയില്‍ ഇപ്പോഴും തിളക്കം നഷ്ടപ്പെട്ടിട്ടില്ല.

മഴക്കെടുതി തീര്‍ത്ത കര്‍ക്കടകം വിടവാങ്ങിയ ശേഷം, ചിങ്ങമാസം എത്തിയതോടെ സ്വര്‍ണവിപണിക്ക് പുത്തനുണര്‍വാണ്. വിവാഹങ്ങള്‍ ഏറെ നടക്കുന്ന ഇക്കാലത്ത് ആകര്‍ഷകമായ വാഗ്ദാനങ്ങളുമായാണ് ജൂവലറികള്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്.

വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ വിലയുടെ 10 ശതമാനം മുന്‍കൂര്‍ ആയി നല്‍കി ബുക്ക് ചെയ്യാന്‍ മിക്ക ജൂവലറികളും സൗകര്യമൊരുക്കുന്നു. ബുക്കിങ് നടത്തുന്ന സമയത്തെയും, സ്വര്‍ണം വാങ്ങുന്ന സമയത്തെയും സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഏതാണോ അത് നല്‍കി ഉപഭോക്താവിന് ആഭരണങ്ങള്‍ കരസ്ഥമാക്കാം.

ആഭരണങ്ങള്‍ക്ക് ആജീവനാന്ത മെയ്ന്റനന്‍സ് ഗാരന്റി, ഇന്‍ഷുറന്‍സ് പരിരക്ഷ, ബൈ ബായ്ക്ക് ഗാരന്റി എന്നിവ നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇതിനകം മുന്‍കൂട്ടി ബുക്കിങ് നടത്തിയവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണവില്പനയില്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടാവുമെന്നാണ് സ്വര്‍ണവ്യാപാരികളുടെ സാക്ഷ്യപ്പെടുത്തല്‍. വിലയില്‍ നേരിയ ഇടിവുണ്ടാവുന്ന അവസരം നോക്കി ഓണക്കാലത്ത് സ്വര്‍ണം വാങ്ങി നിക്ഷേപമാക്കാനെത്തുന്നവരും വര്‍ധിച്ചതോടെ സജീവമായി മുന്നേറുകയാണ് മഞ്ഞലോഹത്തിന്റെ വിപണി.

വില വര്‍ധനയിലും സ്വര്‍ണം തിളക്കമേറിത്തന്നെ
വില വര്‍ധിക്കുമ്പോഴും സ്വര്‍ണത്തിന് തിളക്കമേറുന്നുവെന്നാണ് വിപണിയിലെ ഉണര്‍വ് തെളിയിക്കുന്നത്. സ്വര്‍ണം ഒരു നിക്ഷേപമായി കരുതുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വിലവര്‍ധന വലിയ ആശങ്ക ജനിപ്പിക്കുന്നതല്ല. മൂല്യത്തിന് സ്ഥിരതയുള്ള സ്വര്‍ണം, ചടങ്ങുകള്‍ക്ക് വേണ്ടിയും നിക്ഷേപത്തിനായും സ്വന്തമാക്കാന്‍ ഓണം സീസണില്‍ ധാരാളംപേര്‍ എത്തുന്നുണ്ട്. 'കല്യാണ്‍ ജൂവലേഴ്സി'ല്‍ പതിവിലുമേറെ അഡ്വാന്‍സ്ഡ് ബുക്കിങ് ഈ ഓണക്കാലത്ത് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലേക്കാളും മുപ്പത് ശതമാനം അധികവില്പനയാണ് ഇത്തവണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ടി.എസ്. കല്യാണരാമന്‍

ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍

കല്യാണ്‍ ജൂവലേഴ്സ്


ഓണം സീസണ്‍ സ്വര്‍ണവ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു
 

ഓണം സീസണെ 'ജോസ്‌കോ' ഉള്‍പ്പെടെയുള്ള ജൂവലറി ഗ്രൂപ്പുകള്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കാലാകാലങ്ങളായി സ്വര്‍ണത്തിനുണ്ടാവുന്ന വിലവര്‍ധന, ഭാവിയിലേക്കുള്ള ഒരു നിക്ഷേപമെന്ന നിലയിലും ആഭരണമെന്ന നിലയിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണ്. 2005-ല്‍ ഗ്രാമിന് 500 രൂപയുണ്ടായിരുന്ന സ്വര്‍ണം 2019 ആവുമ്പോഴേക്കും 3,500 ലേക്ക് കുതിച്ചുയര്‍ന്നത് പൊന്നിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭരണത്തിന്റെ കൃത്യമായ വിലയും തൂക്കവും പരിശുദ്ധിയും രേഖപ്പെടുത്തുന്ന ബില്‍ ചോദിച്ചുവാങ്ങി, സ്വര്‍ണത്തിന് ആധികാരികത ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ബാബു എം. ഫിലിപ്പ് , സീനിയര്‍ വൈസ് പ്രസിഡന്റ്, ജോസ്‌കോ ജൂവലേഴ്സ്

വിപണിയില്‍ ഉണര്‍വ്, പ്രതീക്ഷിക്കുന്നത് മികച്ച വില്പന
 

സ്വര്‍ണവിപണിയില്‍ വലിയ മുന്നേറ്റമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വിവാഹ-ഓണം സീസണില്‍ 25 മുതല്‍ 30 വരെ ശതമാനം അധിക വില്പനയാണ് പ്രതീക്ഷിക്കുന്നത്. ജൂവലറികളെല്ലാം സീസണ്‍ മുന്നില്‍ കണ്ട് ആകര്‍ഷകവും പുതുമയുള്ളതുമായ നിരവധി ഡിസൈനുകളും പ്രത്യേക കളക്ഷനുകളുമായാണ് രംഗത്തെത്തുന്നത്. സ്വര്‍ണം വാങ്ങുന്നതിന് ആകര്‍ഷകമായ പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ആവിഷ്‌കരിക്കുന്നുണ്ട്. വിലയുടെ 10 ശതമാനം വരെ നല്‍കി ബുക്ക് ചെയ്യാനുള്ള അവസരം 'മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്' നല്‍കുന്നുണ്ട്. പഴയ സ്വര്‍ണത്തിന് നല്ല വിലയാണ് 'എക്‌സ്ചേഞ്ച് റേറ്റ്' ആയി നല്‍കുന്നത്.

സ്വര്‍ണത്തിലുള്ള വിശ്വാസത്തിന് പത്തരമാറ്റ് തിളക്കം
റെക്കോഡ് വിലയുടെ കുതിപ്പില്‍ നില്‍ക്കുമ്പോഴും സ്വര്‍ണത്തിലുള്ള ജനവിശ്വാസത്തിന് ഇപ്പോഴും പത്തരമാറ്റ് തിളക്കമാണ്. പ്രളയവും മാന്ദ്യവും വിപണിക്ക് നേരിയ ക്ഷീണമേല്‍പ്പിച്ചെങ്കിലും സ്വര്‍ണത്തിന്റെ നിക്ഷേപസാധ്യത ഉയര്‍ന്നുതന്നെയാണ്. വിവാഹം പോലുള്ള ചടങ്ങുകള്‍ക്കായും അല്ലാതെയും വാങ്ങിവയ്ക്കുന്ന സ്വര്‍ണം, ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കും മക്കളുടെ പഠനത്തിനുമുള്ള ഭദ്രമായ നിക്ഷേപമായാണ് മലയാളികള്‍ എക്കാലവും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ വിവാഹ സീസണില്‍ സ്വര്‍ണവില്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണെ അപേക്ഷിച്ച് 'ഭീമ ജൂവലറി'യിലെ വില്പനയിലും അഡ്വാന്‍സ് ബുക്കിങ്ങിലും വര്‍ധന ഉണ്ടായിട്ടുണ്ട്.

ഡോ. ബി. ഗോവിന്ദന്‍ , ചെയര്‍മാന്‍, ഭീമ ജൂവലറി

Content Highlights:  Onam 2019