കോട്ടയം: നക്ഷത്ര ഹോട്ടലുകളിലെ മെനു കാര്‍ഡ് നോക്കി ഓണസ്സദ്യ ചോദിക്കേണ്ട. വിദേശസഞ്ചാരികള്‍ക്ക് ഈ ഓണം കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ വീടുകളിലുണ്ണാം; വീട്ടുകാരോടൊപ്പം പൂക്കളമിട്ട്, ആടിപ്പാടി ആഘോഷങ്ങളില്‍ പങ്കെടുത്ത്.

വിനോദസഞ്ചാരവകുപ്പ് പതിവ് ചിട്ടവട്ടങ്ങള്‍ തെറ്റിച്ച് സഞ്ചാരികളെ തനത് ഓണസ്സദ്യയുണ്ണാന്‍ ക്ഷണിക്കുന്നത് ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെയാണ്. കുടുംബങ്ങളുമായി സഹകരിച്ച് സെപ്റ്റംബര്‍ 30വരെ ഇത്തരത്തില്‍ സഞ്ചാരികള്‍ക്ക് ഓണസ്സദ്യയൊരുക്കും.

സദ്യ മാത്രമല്ല, സമ്മാനങ്ങളുമുണ്ടാവും. മലയാളത്തിന്റെ കസവുമുണ്ടും കുപ്പായവും സെറ്റുസാരിയും അണിഞ്ഞ് 'വീട്ടുകാരായി' സദ്യയുണ്ണുന്ന പദ്ധതിക്ക് മൂവായിരംരൂപ മുതല്‍ എണ്ണായിരം രൂപവരെയുള്ള പാക്കേജുകളുണ്ട്.

വീടുകളില്‍ താമസിച്ച് കേരളത്തിന്റെ കുടുംബാന്തരീക്ഷം അറിയാനും അവസരം കിട്ടും.

ആഭ്യന്തരസഞ്ചാരികള്‍ക്കും പരമ്പരാഗതസദ്യകളില്‍ പങ്കെടുക്കാം. വീടുകള്‍, നാടന്‍ ഭക്ഷണശാലകള്‍, കുടുംബശ്രീ റെസ്റ്റോറന്റുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അക്രെഡിറ്റഡ് ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവ ഇതില്‍ പങ്കാളികളാണ്. ഇവയെല്ലാം ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Onam feast for foreigners, Onam 2019