തൃശ്ശൂര്‍: മലയാളിക്ക് ഇനി ഓണനാളുകള്‍. തിങ്കളാഴ്ച മുതല്‍ നാട് പൂക്കളസമൃദ്ധിയിലേക്ക്. ഓണത്തുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലിക്കളിയും സദ്യവട്ടവുമായി വീണ്ടുമൊരു ഓണക്കാലംകൂടി വിരുന്നെത്തുകയാണ്. ഇലക്കുമ്പിള്‍ കൈയിലൊതുക്കി പുലര്‍കാലം മുതല്‍ കുട്ടികള്‍ തുമ്പയും ചെത്തിയും മുക്കുറ്റിയും തേടിയിറങ്ങിയിരുന്നകാലം മലയാളികളില്‍ ഗൃഹാതുരസ്മരണകളുണര്‍ത്തുന്നു.

വിലയില്‍ താരം വെള്ളജമന്തി

മഴക്കാലമാണെങ്കിലും മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണര്‍ത്താന്‍ പൂവിപണിയും ഒരുങ്ങിക്കഴിഞ്ഞു. കൂടുതല്‍ ആവശ്യക്കാരെത്തുന്നത് വെള്ളജമന്തിക്കാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കിലോയ്ക്ക് 300 രൂപയാണ് വെള്ളജമന്തിക്ക്.

വാടാമല്ലി, അരളി, ചെണ്ടുമല്ലി എന്നിവയാണ് തമിഴ്‌നാട്ടില്‍നിന്ന് കൂടുതലായി എത്തുന്നത്. എല്ലാ പൂക്കളും ചേര്‍ത്ത കിറ്റിന് 50 രൂപയാണ് ഈടാക്കുന്നത്. വാങ്ങാനെത്തുന്നവരും കൂടുതലായും കിറ്റാണ് തിരഞ്ഞെടുക്കുന്നത്. ചെണ്ടുമല്ലി 80 രൂപ മുതലും വാടാമല്ലി 100 രൂപ മുതലും ലഭ്യമാണ്. അരളി കിലോയ്ക്ക് 240 രൂപയാണ്.

മഴക്കാലം പൂവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നാട്ടില്‍ കൃഷിചെയ്ത പൂക്കളുടെ വിളവെടുപ്പും തുടങ്ങിയിട്ടുണ്ട്. മതിലകം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൃഷിയിറക്കിയത്. കയ്പമംഗലം, എടത്തിരുത്തി, പെരിഞ്ഞനം, എറിയാട്, ശ്രീനാരായണപുരം ഭാഗത്തും കര്‍ഷകര്‍ പൂകൃഷി നടത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പൂക്കള്‍ക്ക് വില കുറവാണെന്നത് നാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

തെക്കേഗോപുരനടയില്‍ അത്തപ്പൂക്കളം

വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍ സായാഹ്ന സൗഹൃദ കൂട്ടായ്മ അത്തപ്പൂക്കളം തയ്യാറാക്കും. ആദ്യപടിയായുള്ള സ്‌കെച്ച് തയ്യാറാക്കല്‍ ആര്‍ട്ടിസ്റ്റ് ആനന്ദന്‍ നിര്‍വഹിച്ചു. പൂക്കളത്തിലേക്കുള്ള ആദ്യപുഷ്പം അര്‍പ്പിക്കല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കല്യാണ്‍ സില്‍ക്‌സ് എം.ഡി. ടി.എസ്. പട്ടാഭിരാമന്‍ നിര്‍വഹിക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന അത്തപ്പൂക്കളം ജില്ലാതല ഓണാഘോഷങ്ങളുടെ കൊടിയേറ്റച്ചടങ്ങാണ്. തിങ്കളാഴ്ച പത്തിന് കൊടിയേറ്റം ടി.എന്‍. പ്രതാപന്‍ എം.പി.യും അത്തപ്പൂക്കള സമര്‍പ്പണം മേയര്‍ അജിത വിജയനും നിര്‍വഹിക്കും. വൈകീട്ട് അഞ്ചിന് ദീപച്ചാര്‍ത്ത് നടക്കും.

പുലിക്കളിക്ക് ഇത്തവണ ആറ് സംഘങ്ങള്‍

പുലിക്കളിക്ക് ഇത്തവണ രജിസ്റ്റര്‍ ചെയ്തത് ആറ് സംഘങ്ങള്‍. വിയ്യൂര്‍ സെന്റര്‍ പുലിക്കളി സമിതി, വിയ്യൂര്‍ ദേശം, അയ്യന്തോള്‍ ദേശം, തൃക്കുമാരംകുടം, കോട്ടപ്പുറം സെന്റര്‍, കോട്ടപ്പുറം ദേശം എന്നീ സമിതികളാണുള്ളത്.

സെപ്റ്റംബര്‍ 14-ന് ആണ് പുലിക്കളി. ഒരു സംഘത്തിന് ഒന്നര ലക്ഷം രൂപ ചെലവിനത്തില്‍ കോര്‍പ്പറേഷന്‍ നല്‍കും. ഇതില്‍ 75,000 മുന്‍കൂറായി നല്‍കും.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 40,000, 30,000, 25,000 എന്നീ ക്രമത്തില്‍ സമ്മാനത്തുക നല്‍കും.

Content Highlights : Onam Celebrations Pookkalam Flower Market Pulikkali Onam 2019