അത്തം തിങ്കളാഴ്ച. പത്താം നാള്‍ തിരുവോണം. മലയാളിയുടെ മനസ്സില്‍ ഗൃഹാതുര സ്മൃതികളുണര്‍ത്തി ഒരു ഓണക്കാലംകൂടി വരവായി. മഹാബലി ചക്രവര്‍ത്തിയുടെയും വാമനന്റെയും കഥകളും ഐതിഹ്യങ്ങളും മലയാളിമനസ്സില്‍ നിറയുന്ന കാലം.

പ്രളയം കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഉണ്ടാക്കിയ ദുരന്തങ്ങളുടെ നടുവിലേക്കാണ് ഇക്കുറി ഓണമെത്തുന്നത്. മണ്ണിനടിയില്‍ പുതഞ്ഞുപോയ ജീവനുകളുടെ ഓര്‍മകള്‍ നാടിനെ വേട്ടയാടുന്നു.

ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള മലയാളിയുടെ കരുത്തിലാണ് ഇത്തവണ ഓണത്തെ വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേശവുമാണ് കേരളീയന് ഈ ഓണക്കാലം.

കള്ളവും ചതിയുമില്ലാത്ത മാവേലിനാടിന്റെ ഓര്‍മപുതുക്കി നാം ഓണം ആഘോഷിക്കുന്നു. പൂക്കളങ്ങളും പൂവിളികളും ഓണക്കളികളും സദ്യയുമെല്ലാം ഓരോ ഓണക്കാലത്തേയും മനസ്സില്‍ മായാത്ത സ്മൃതികളാക്കുന്നു. ആഹ്‌ളാദമായി, സുന്ദരകാഴ്ചകളായി, രുചിയും മണവുമെല്ലാമായി ഓരോരുത്തരിലും ഓണം കുടിയേറുന്നു.

അത്തം മുതല്‍ പത്തുനാള്‍ മുറ്റത്തൊരുക്കുന്ന പൂക്കളമാണ് ഓണത്തിന്റെ മുഖമുദ്ര. പാടത്തും പറമ്പിലുമെല്ലാം ഓടിനടന്ന് പൂക്കള്‍ ശേഖരിച്ച് പൂക്കളം ഒരുക്കിയ ബാല്യകാലം മലയാളിമനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന സുന്ദരമായ ഓര്‍മയാണ്.

തെച്ചി, ചെമ്പരത്തി, മുക്കുറ്റി, തുമ്പ, കാക്കപ്പൂവ്, കൃഷ്ണകിരീടം, ശംഖുപുഷ്പം, മന്ദാരം, അരളി, തുളസി, നന്ദ്യാര്‍വട്ടം, പിച്ചകം, കോഴിപ്പൂവ്, അരിപ്പൂവ്, കൊങ്ങിണി, കോളാമ്പി, കദളിപ്പൂവ്, രാജമല്ലി, ചെമ്പകം, ചെണ്ടുമല്ലി തുടങ്ങിയവയാല്‍ പൂക്കളമിടുന്നു.

പൂക്കളമൊരുക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. അത്തംനാളിലാണ് തുടക്കം. മുറ്റത്ത് ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടേണ്ടത്. ആദ്യ മൂന്നുനാള്‍ (ചോതിവരെ) തുമ്പപ്പൂ മാത്രമാണ് ഇടുക. ആദ്യത്തെ ദിവസം ഒരുനിര, രണ്ടാംനാള്‍ രണ്ടുനിര, മൂന്നാംദിനം മൂന്നുനിര എന്നിങ്ങനെ തുമ്പപ്പൂക്കളം വികസിക്കും. പിന്നീടുള്ള ദിവസങ്ങള്‍ പലതരം പൂക്കള്‍കൊണ്ട് കളം പൊലിപ്പിക്കാം. ഓരോ ദിവസവും പൂക്കളത്തിന്റെ വലുപ്പം കൂടിവരും. മൂലംനാളില്‍ ചതുരത്തിലാണ് പൂക്കളം.

ഉത്രാടം നാളില്‍ പരമാവധി വലുപ്പത്തിലാണ് കളമൊരുക്കുക. മണ്ണുകൊണ്ടുണ്ടാക്കിയ ഓണത്തപ്പന്റെ രൂപം തിരുവോണദിവസം പ്രതിഷ്ഠിക്കും. ഓലക്കുടയും വടിയുമെല്ലാം വയ്കും. ഇക്കാര്യങ്ങളില്‍ ചില നാട്ടുവ്യത്യാസങ്ങള്‍ കണ്ടേക്കാം. എന്നാലും, എല്ലാ ഒരുക്കവും മാവേലിയെ വരവേല്‍ക്കാന്‍തന്നെയാണ്.

Content Highlights : Onam Celebrations Atham Pookkalam Onam 2019