ഓണം ഒരുക്കിയ ശേഷം ആഘോഷിക്കുക എന്നു പറയുന്നതിലുപരി ഓണം ഒരുക്കുന്നത് തന്നെ ഒരാഘോഷമാക്കുക എന്നതായിരുന്നു പണ്ടത്തെ രീതി. ഓണക്കാലത്തെ വരവേല്‍ക്കാന്‍ പ്രകൃതി തന്നെ ഒരുങ്ങിയിരുന്ന കാലം. തൊടികളിലൊക്കെ പച്ചക്കറികളും പൂക്കളും വിളയും പത്തായങ്ങളില്‍ നെല്ല് നിറയും.

ആട്ടിയ വെളിച്ചെണ്ണയുടെ മണം അടുക്കളകളില്‍ നിറയും. ഉപ്പേരി ഒരുക്കാന്‍ ഏത്തക്കായ മുതല്‍ വീട്ടില്‍ ഉണ്ടാക്കിയിരുന്ന അരി അട ഉപയോഗിച്ചുള്ള പായസം വരെ എല്ലാം നമ്മുടെ ചുറ്റപാടുനിന്നും തന്നെ ലഭിച്ചിരുന്നു. കൊയ്യലും മെതിക്കലും വെട്ടലും ഉണക്കലും എല്ലാമായി ആഘോഷമാക്കിയിരുന്ന കാലം.

ഇന്നത്തെ ആഡംബരങ്ങളെ വച്ചു നോക്കുമ്പോള്‍ വളരെ ലളിതമായിരുന്നു പണ്ടൊക്കെ ഓണസദ്യ. പ്രധാനപ്പെട്ട പത്തോ പന്ത്രണ്ടോ കറികളും പായസവും മാത്രമായിരുന്നു സദ്യയ്ക്ക് വിളമ്പിയിരുന്നത്. ഇവയെല്ലാം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകളെല്ലാം നമ്മുടെ ചുറ്റുപാടും നിന്നു തന്നെ ലഭിച്ചിരുന്നു. പുറത്തു നിന്നും ഒന്നും വാങ്ങേണ്ടിവന്നിരുന്നില്ല. 

ഭക്ഷണം പാകം ചെയ്തിരുന്ന പാത്രങ്ങളിലുമുണ്ടായിരുന്നു വ്യത്യാസം. മണ്‍കലങ്ങളും മണ്‍ചട്ടികളും ചീനച്ചട്ടികളും ഈയംപൂശിയ പിത്തളപാത്രങ്ങളും മാത്രമായിരുന്നു അന്ന് ലഭ്യമായിരുന്നത്. മണ്‍ചട്ടികളിലൊക്കെ വയ്ക്കുന്ന വിഭവങ്ങളുടെ രുചിയുടെ മുന്നില്‍ ഇന്നത്തെ പായ്ക്കറ്റ് സാധനങ്ങള്‍ തലകുനിച്ചു തന്നെ നില്‍ക്കേണ്ടി വരും. 

എന്തു തന്നെയായാലും സദ്യ തൂശനിലയില്‍ തന്നെ വിളമ്പണം എന്ന നിര്‍ബന്ധത്തെ മലയാളി മറികടന്നത് പ്ലാസ്റ്റിക് ഇലകളുടെ സഹായത്തോടെയാണ്. 

മിക്കവാറും നാട്ടില്‍ തന്നെ കൃഷി ചെയ്തു വിളയിച്ച തവിടു കളയാത്ത പോഷകമൂല്യം ഏറെയുള്ള കുത്തരിച്ചോറായിരുന്നു അന്നൊക്കെ ഓണസദ്യക്ക് ഉപയോഗിച്ചിരുന്നത്. വൈറ്റമിനുകളും പ്രോട്ടീനുകളും ഏറെ അടങ്ങിയിരുന്നു ഈ അരിയില്‍.

പരമ്പരാഗത സദ്യകളില്‍ നിന്നും മത്സ്യവും മാംസവും ഒഴിവാക്കാറുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സദ്യയോടൊപ്പം മത്സ്യവും മാംസവും കഴിച്ചിരുന്നു. എന്നാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും പച്ചക്കറികള്‍ മാത്രമടങ്ങുന്ന പരമ്പരാഗത സദ്യാ രീതി തന്നെയാണ് പിന്തുടരുന്നത്. 

ഇന്നിപ്പൊ തെക്കെന്നോ വടക്കെന്നോ മധ്യത്തെന്നോ വ്യത്യാസമില്ലാതെ എല്ലാവരും പായ്ക്കറ്റ് ഓണത്തിലേക്ക് പൂര്‍ണമായും ചുവടുമാറിക്കഴിഞ്ഞു. കറികളുടെയൊക്കെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നു. അരിഞ്ഞു പായ്ക്കറ്റിലാക്കി വച്ചിരിക്കുന്ന പച്ചക്കറികള്‍ കൊണ്ടുവന്ന് പായ്ക്കറ്റില്‍ അനുശാസിച്ചിരിക്കുന്നതു പോലെ പാചകം ചെയ്യുന്നു. അതിനപ്പുറം പാചകം ചെയ്യുന്നവര്‍ക്കോ കഴിക്കുന്നവര്‍ക്കോ അറിയില്ല. 

പായ്ക്കറ്റില്‍ കിട്ടുന്ന സാധനങ്ങളില്‍ ചൂടുവെള്ളം തിളപ്പിച്ചൊഴിച്ചാല്‍ അച്ചാറുകള്‍ തയ്യാര്‍. പാലു ചൂടാക്കി അതിലേക്ക് പായ്ക്കറ്റിലുള്ള അടയോ സേമിയയോ ഇട്ട് ഓരോ പായ്ക്കറ്റിലുമുള്ള മറ്റു സാധനങ്ങള്‍ കൂടിയിട്ടാല്‍ പായസം തയ്യാര്‍. സമയവും ലാഭിക്കാം. ദിവസങ്ങളോളം കേടുകൂടാതിരിക്കാന്‍ ഇവയില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളെ കുറിച്ച് അറിവില്ലാഞ്ഞിട്ടല്ല മറ്റു വഴിയില്ലല്ലോ. 

Content Highlights: Onam 2019