തിരുവോണനാളിങ്ങെത്തിക്കഴിഞ്ഞു... ഉത്രാടപ്പാച്ചിലിനൊരുങ്ങുകയാണ് കൊച്ചിക്കാര്‍... അവധിദിനങ്ങള്‍ കിട്ടിയതിനാല്‍ത്തന്നെ ഭൂരിഭാഗം പേരും സാധനങ്ങളെല്ലാം ഞായറാഴ്ച മുതല്‍ സ്റ്റോക്ക് ചെയ്തിരിക്കുകയാണ്. എന്നാലും നഗരത്തിലെ തിരക്കിന് ഒരു കുറവുമില്ല.

ഓണമേളകളിലെല്ലാം ജനങ്ങളുടെ തള്ളിക്കയറ്റമാണ്. കുടുംബമടക്കമാണ് ഷോപ്പിങ്ങിനായി നഗരത്തിലേക്കെത്തുന്നത്. മാര്‍ക്കറ്റുകളിലും ഇതേ തിരക്കുണ്ട്. സദ്യയ്ക്കുവേണ്ട സാധനങ്ങള്‍ ഉത്രാടത്തിന് മുന്നേ വാങ്ങിവയ്ക്കുകയാണ് കൊച്ചിക്കാര്‍. പച്ചക്കറിക്കും മറ്റും ഉത്രാടനാളില്‍ വില ഉയരും എന്നതിനാലാണിത്.

ഓണത്തപ്പന്റെയും മറ്റും വില്‍പ്പന തുടങ്ങിക്കഴിഞ്ഞു. ഉത്രാടനാളില്‍ വില്‍പ്പന ഉയരും എന്ന പ്രതീക്ഷയില്‍ കൂടുതല്‍ 'ഓണത്തപ്പന്‍'മാരെ ഇടപ്പള്ളി പള്ളിക്ക് സമീപം മണ്‍കലവും മറ്റും വില്‍പ്പന നടത്തുന്നവര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

അതേസമയം, നഗരവത്കരണത്തിന്റെ ഭാഗമായി കുടുംബങ്ങളുടെ ഓണാഘോഷത്തിനും പലവിധ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സദ്യ കഴിക്കുന്നതു മുതല്‍ ആരംഭിക്കുന്നു അത്.

സദ്യകഴിക്കാന്‍ ഹോട്ടലുകളിലേക്ക്

സദ്യ വീട്ടിലുണ്ടാക്കി കഴിക്കുന്നതില്‍നിന്ന് മലയാളികളില്‍ നല്ലൊരു വിഭാഗം വേറിട്ട് ചിന്തിക്കുകയാണ്. സദ്യകഴിക്കാന്‍ നക്ഷത്ര ഹോട്ടലുകളില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് കൂടുതല്‍പേരും. ഇവരെ ആകര്‍ഷിക്കാന്‍ പലവിധ ഓഫറുകളുമായി ഹോട്ടലുകളും രംഗത്തെത്തിയിട്ടുണ്ട്. 250 രൂപ മുതല്‍ ഹോട്ടലുകളില്‍നിന്ന് 'ഇലസദ്യ' ലഭിക്കും.

വിഭവങ്ങളുടെ എണ്ണംതന്നെയാണ് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്നത്, കൂടെ പ്രഥമനുകളും. ഹോട്ടലുകളില്‍നിന്ന് പാഴ്സലായി ഓണസദ്യ വാങ്ങിക്കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്.

ഹോട്ടലില്‍ സദ്യകഴിക്കാന്‍ എത്തുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഒരു കുടുംബത്തിന് റിസോര്‍ട്ടില്‍ താമസസൗകര്യമൊരുക്കുകയാണ് എറണാകുളം ജോസ് ജങ്ഷനിലെ ഹോട്ടല്‍ 'യുവറാണി റസിഡന്‍സി'. നിലവില്‍ നല്ല ബുക്കിങ് ലഭിക്കുന്നുണ്ടെന്നും ഉത്രാടനാളില്‍ കൂടുതല്‍ ബുക്കിങ് ലഭിക്കുമെന്നുമാണ് ഹോട്ടല്‍ യുവറാണി റസിഡന്‍സി ജനറല്‍ മാനേജര്‍ ജോര്‍ജ് ലാജി പറയുന്നത്. 450 രൂപയും നികുതിയുമാണ് 24 വിഭവങ്ങള്‍ അടങ്ങിയ സദ്യയ്ക്ക് ഇവര്‍ ഈടാക്കുന്നത്.

വീട്ടിലെത്തും ഇലസദ്യ

ഓണ്‍ലൈന്‍ ഭക്ഷണവിതരണശൃംഖല രംഗംപിടിച്ച ആദ്യ ഓണമാണിത്. അതിനാല്‍ത്തന്നെ ഈ മേഖലയിലും ഓണത്തിന് നല്ല കൊയ്ത്ത് നടക്കുമെന്നാണ് പ്രതീക്ഷ.

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരെല്ലാംതന്നെ ഹോട്ടലുകളുമായി ഓണസദ്യയുടെ കാര്യത്തില്‍ ഡീലില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.

ഇലയടക്കമുള്ള സദ്യയാണ് ഓണനാളില്‍ ഇവര്‍ എത്തിച്ചുതരിക. ഇഷ്ടപ്പെട്ട ഹോട്ടലിലെ സദ്യ 'ഓണ്‍ലൈനി'ല്‍ വീട്ടിലെത്തിച്ച് കഴിക്കാന്‍ റെഡിയായിക്കഴിഞ്ഞു കൊച്ചിക്കാര്‍.

Content highlights: Onam 2019