റ്റ് ഏത് ദിവസത്തെക്കാളും ഉന്മേഷത്തിലാവും ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലെ കുട്ടികള്‍ ഉറക്കമുണരുക. ഒരോ പുലര്‍കാലങ്ങളും പൂപറിക്കാനും കളിക്കാനുമൊക്കെ തിടുക്കം കൂട്ടുന്ന കുട്ടികളെയായിരിക്കും ഓരോ വീട്ടിലും കാണുക. ബ്ലൂവെയിലും മറ്റ് ഡിജിറ്റല്‍ ഗെയിമുകളും പുതുതലമുറയെ മറ്റൊരു ലോകത്തേക്ക് നയിക്കുമ്പോള്‍ ഇതുപോലുള്ള ഓരോ ഓണക്കാലവും കളികളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. 

കേരളീയരുടെ പൊതുവായ ഉത്സവമാണ് ഓണമെങ്കിലും ആഘോഷങ്ങള്‍ പലതരത്തിലാണ്. ഓരോ നാടിനും പ്രാദേശികമായ കളികളും തനതായ ആഘോഷങ്ങളുമുണ്ട്. ഓണത്തിന് നാട്ടിന്‍പുറങ്ങളെ സജീവമാക്കുന്ന ചില കളികളിലൂടെ.... 

വടംവലി, ഓണത്തല്ല്, കലംത്തല്ലി പൊട്ടിക്കല്‍, ചാക്കിലോട്ടം തുങ്ങിയി മലബാര്‍ മേഖലയെ സമൃദ്ധമാക്കുമ്പോള്‍, തലപന്ത്, ഓലപ്പന്ത്, കിളിത്തട്ട്, അക്കുകളി, കുട്ടിയും കോലും, ഈര്‍ക്കില്‍ കളി അങ്ങനെ എണ്ണം പറഞ്ഞ നാടന്‍കളികളാണ് തിരുവിതാംകൂറിന് ആനന്ദം പകരുന്നത്. 

വടംവലി
എല്ലാം ഓണക്കാലത്തെയും ആവേശഭരിതമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കളിയാണ് വടംവലി അല്ലെങ്കില്‍ കമ്പവലി. പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും ഒരുപോലെ ആവേശം നിറയ്ക്കുന്ന ഒന്നാണ് വടംവലി. കരുത്തിന്റെ പ്രതീകം കൂടിയാണ് ഓണത്തിന് അരങ്ങേറുന്ന വടംവലി. തുല്യഭാരത്തില്‍ ഏഴ് പേര്‍ അടങ്ങുന്ന ടീമായാണ് മത്സരം. മൂന്ന് സെറ്റ് മത്സരത്തില്‍ രണ്ട് എണ്ണം നേടുന്നവരാണ് വിജയികള്‍. മുട്ടനാട്. പൂവന്‍ കോഴി. നേന്ത്രകുല എന്നവിയാണ് ഗ്രാമങ്ങളിലെ കമ്പവലിയുടെ സമ്മാനം. 

image

ചാക്കിലോട്ടം

നാട്ടിന്‍ പുറങ്ങളിലെ മറ്റൊരു ആവേശമാണ് ചാക്കിലോട്ടം. ചാക്കിനുള്ളില്‍ ഇറങ്ങി നിന്ന് ചാടി ചാടി നീങ്ങുന്ന ഈ കളി മത്സരാര്‍ഥിക്ക് അപകടവും കാഴ്ചക്കാര്‍ക്ക് കൗതുകവുമാണ്. എന്നാല്‍, ചാക്കിലോട്ടം ഒഴിവാക്കിയുള്ള ഒരു ഓണാഘോഷവും മലബാര്‍ മേഖലയില്‍ നടക്കാറില്ല. 

കലംത്തല്ലി പൊട്ടിക്കല്‍

സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് കലംത്തല്ലി പൊട്ടിക്കല്‍. ഉയരത്തില്‍ കെട്ടിത്തൂക്കിയ കലം കണ്ണുക്കെട്ടിയ ശേഷം വടി ഉപയോഗിച്ച് തല്ലിപ്പൊട്ടിക്കുന്നതാണ് കളി. ഇത് കളിക്കാരേക്കാള്‍ ആവേശം നല്‍കുന്നത് കാഴ്ചക്കാരിലാണ്. നേരിയ തോതില്‍ എങ്കിലും അപകടവും ഈ കളിയില്‍ പതിയിരിക്കുന്നുണ്ട്. 

onam

ഓണത്തല്ല്

ഓണത്തല്ലില്‍ പ്രശസ്തി നേടിയ ജില്ലയാണ് തൃശൂര്‍. ചെളിയുടെയോ, വെള്ളത്തിന്റെ മുകളില്‍ കമുകിന്റെ തടിയില്‍ ഇരുന്ന് തലയിണ ഉപയോഗിച്ചുള്ള അടിയാണ് ഓണത്തല്ല. തല്ലുകൊണ്ട് താഴെ പോകാതെ പിടിച്ചു നില്‍ക്കുന്നവരാണ് വിജയികള്‍. 

എന്നാല്‍, മറ്റൊരു തരത്തിലും ഓണത്തല്ലുണ്ട്. അത് ശരിക്കും ദ്വന്ദയുദ്ധമാണ്. അടിയും തടയും ഉള്‍പ്പെട്ട ഗുസ്തി. എന്നാല്‍, ഇതില്‍ ഇടിക്കാനും ചവിട്ടാനും പാടില്ല. തടി കേടാകാനുള്ള എല്ലാ സാധ്യതകളും ഈ കളിക്കുണ്ട്. 

ഓരോ സ്ഥലങ്ങള്‍ക്കും പ്രദേശികമായി പല കളികളും ഉണ്ടെങ്കിലും കൂടുതല്‍ പ്രചാരം നേടിയിട്ടുള്ള കളികളാണ് ഇവ. കാലം പുരോഗമിച്ചതിനെ തുടര്‍ന്ന് സൈക്കിള്‍ സ്ലോ റെയ്‌സിംഗ്, ബൈക്ക് സ്ലോ റെയ്‌സിംഗ് തുടങ്ങിയ ഹൈടെക് കളികളും ഓണത്തില്‍ ഇടം നേടിയിട്ടുണ്ട്. 

മുകളില്‍ പറഞ്ഞിരിക്കുന്ന കളികളില്‍ ഭൂരിഭാഗവും മറ്റ് പലപേരിലും ഭാവത്തിലും തിരുവിതാംകൂര്‍ മേഖലയിലും ഉണ്ട്. എന്നാല്‍, ഇവിടെ മാത്രം കണ്ടുവരുന്ന ചുരുക്കം ചില കളികളിലേക്ക്.... 

Onathallu

   
ഓലപ്പന്ത്

ഈര്‍ക്കിലി ഊരികളഞ്ഞ പച്ചോല കൊണ്ടുണ്ടാക്കുന്ന പന്താണ് ഇതിലെ നായകന്‍. രണ്ട് ടീമായി തിരിഞ്ഞ് ഓലപ്പന്ത് കൊണ്ട് എറിയുന്നതാണ് പരസ്പരം എറിയുന്നതാണ് കളി. ചിലര്‍ പന്തിനുള്ളില്‍ കല്ല് വയ്ക്കാറുണ്ട് ഈ പന്താണെങ്കില്‍ അല്‍പ്പം വേദനിക്കും. ആദ്യം ആകാശത്തേക്ക് പന്തെറിയും.കൈയില്‍ കിട്ടുന്ന ടീമിലെ ആള്‍ എതിര്‍ ടീമിലെ ആളെ എറിയും. തിരിച്ചും ഏറിയുന്നതാണ് കളിയുടെ രീതി. 

ola panth
 
വാലുപറി
 
ഓണത്തിന് ആഘോഷമാക്കുന്നതിനെ മറ്റൊരു മത്സര ഇനമാണ് വാലുപറി. അരയ്ക്ക് പിന്നില്‍ തെങ്ങോല ചുരുട്ടി വാലു പോലാക്കി ഇരുൈകയും കൂട്ടി കെട്ടിയുള്ളതാണ് കളി. ഇരട്ടയായിട്ടാണ് കളി രീതി. കൂട്ടികെട്ടിയ കൈയും കൊണ്ട് എതിരാളിയുടെ വാലുപറിക്കുന്നവന്‍ ജയിക്കും. വാലുപറിക്കാതിരിക്കാന്‍ ഇരുവരും ദ്വന്ദയുദ്ധം തന്നെ നടത്തും. കരുത്തിനൊപ്പം ബുദ്ധിയും കൗശലവും വേണം കളി ജയിക്കാന്‍. ഒരു ടീമിന്റെ കളി അഞ്ചും പത്തും മിനിട്ട് വരെ നീളും. 

അക്കുകളി

കിളിത്തട്ടിന് പോലെയുള്ള ചതുരത്തിലുള്ള നാല് കളവും ഒരു പൊട്ടക്കളവും ചേര്‍ന്നതാണ് അക്കുകളി. ഒറ്റക്കാലില്‍ ചാടി നടന്നുള്ള കളിയാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റക്കാലില്‍ നിന്നുള്ള പ്രകടനം. കളിക്ക് 12 ലെവലുകളുണ്ട്. പരന്ന കല്ല് കഷ്ണമാണ് അക്ക്. വരയില്‍ തൊടാതെ അക്ക് ആദ്യം ഒന്നാം കളത്തിലേക്ക് എറിയണം. വരയില്‍ ചവിട്ടാതെ അക്കെടുക്കണം. അടുത്തത് നാലാം കളത്തിലേക്ക് എറിഞ്ഞ് സമാനമായ രീതിയില്‍ എടുക്കണം. വീണ്ടും തിരിച്ച് എറിഞ്ഞ് പൂര്‍ത്തിയായാല്‍ ഒരോ സ്ഥാനത്ത് വച്ച് വരയില്‍ തൊടാതെ കളം കടക്കണം. ൈകയിന്റെ അകം പുറം, വാച്ച്, ചൂണ്ടുവിരല്‍, പൊന്‍മാന്‍, നാരങ്ങ, തല, കണ്ണ് എന്നീ സ്ഥാനങ്ങളില്‍ അക്ക് വച്ച് താഴെ വീഴാതെയും വര തൊടാതെയും നാല് കളം പൂര്‍ത്തിയാക്കണം. അവസാനം കണ്ണുപൊത്തി മേലോട്ട് നോക്കി വരയില്‍ ചവിട്ടാതെ കളം കടന്നാല്‍ വിജയിക്കും. സാധാരണ പെണ്‍കുട്ടികളാണ് ഇത് കൂടുതല്‍ കളിക്കുക. 

onam

കുട്ടിയും കോലും

 ഈ കളിയുടെ പേരില്‍ വഴക്ക് കേള്‍ക്കാത്ത ഒരുകുട്ടി പോലും ഉണ്ടാകാനിടയില്ല. ക്രിക്കറ്റിനോട് സാമ്യമുള്ള ഈ കളിയെ ചിലയിടങ്ങളില്‍ ചുട്ടിയും കോലും, എന്ന് വിളിക്കുന്നുണ്ട്. ഒരുമുഴം നീളമുള്ള മരക്കമ്പ് കോല്‍ ആയും രണ്ടര ഇഞ്ച് നീളംവരുന്ന മരക്കമ്പ് കുട്ടിയായും കളിയില്‍ ഉപയോഗിക്കുന്നു.

നിലത്ത് ഒരു ചെറിയ കുഴിയില്‍ കുട്ടിവെച്ച് അതിനെ കോലുകൊണ്ട് തെറിപ്പിച്ചാണ് കളി തുടങ്ങുന്നത്. ഉയര്‍ന്നുവരുന്ന കുട്ടി നിലത്ത് തൊടുന്നതിന് മുമ്പ് പിടിച്ചാല്‍ കളിക്കാരന്‍ പുറത്താകും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തുനിന്ന് കുഴിക്കു മുകളില്‍ കുറുകെ വെച്ചിരിക്കുന്ന കോലില്‍ എറിഞ്ഞു കൊള്ളിച്ചാലും കളിക്കാരന്‍ പുറത്താണ്.

ഈ രണ്ട് കടമ്പകളും കടന്നുവേണം കളിക്കാരന് ആദ്യത്തെ പോയിന്റ്് നേടാന്‍. തെറിച്ചുവീഴുന്ന കുട്ടി എതിര്‍ ഭാഗം എടുത്ത് കുഴി ലക്ഷ്യമാക്കി എറിയും. കുഴിയില്‍ നിന്ന് എത്ര ദൂരത്തില്‍ ഇതുവന്ന് വീണുവോ അത്രയും പോയിന്റ്് കളിക്കാരന് ലഭിക്കും. കളിക്കാരന്‍ എത്രാമത്തെ പോയിന്റില്‍ നില്‍ക്കുന്നുവോ അതിനനുസരിച്ച് കളിയുടെ രീതിയും മാറും.  പ്രാദേശികമായി വിവിധ പേരുകളിലാണ് കളിയുടെ ഓരോ ഭാഗവും അറിയപ്പെടുന്നത്. 

കെണിയും രാശിയും

മറ്റൊരു പ്രധാന ഓണ കളിയാണ് കെണി രാശി. എത്രപേര്‍ക്കുവേണമെങ്കിലും പങ്കെടുക്കാവുന്ന കളിയാണിത്. കളിക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കളിയുടെ വാശിയേറും. 

നാലടിയോളം അകലത്തില്‍ നേര്‍ രേഖയിലുള്ള മൂന്ന് ചെറിയ കുഴികളിലാണ് കളി. കളിക്കാര്‍ ഓരോരുത്തരും അവരുടെ കൈയ്ക്കുള്ളില്‍ ഒതുങ്ങുന്ന വിധത്തില്‍ ഉരുട്ടിയെടുക്കുന്ന പാറക്കല്ലാണ് പ്രധാന കളിയുപകരണം. മണിക്കൂറുകളോളം ചെലവഴിച്ചാണ് ഉരച്ചുരച്ച് ഇത്തരം കല്ലുകള്‍ ഉരുട്ടിയെടുക്കുന്നത്. മൂന്നാമത്തെ കുഴിയില്‍ നിന്ന് രാശിക്കുഴിയിലേക്ക് കല്ല് കുത്തിയിട്ടാണ് കളിക്ക് 'ടോസ്' നേടേണ്ടത്. രാശിക്കുഴിയുടെ ഏറ്റവും അടുത്ത് കല്ല് വീഴ്ത്തുന്നയാള്‍ക്ക് ആദ്യം കളി തുടങ്ങാം. 

രാശിക്കുഴിയില്‍ നിന്ന് കളി തുടങ്ങും. പച്ച, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എണ്ണ്, രാശി എന്നിങ്ങനെ ക്രമത്തില്‍ കരുക്കള്‍ കുഴികളില്‍ വീഴ്ത്തണം. ഇതിനിടെ പച്ച തൊടാത്തവര്‍ കെണികളായി മാറും.

Content Highlights: Onam 2019