കാഞ്ഞിരംകുളം: കാഞ്ഞിരംകുളത്ത് പൂക്കളുടെ കൃഷിയില്ല. എന്നാല്‍, ഓണക്കാലത്ത് ജില്ലയിലെ ഏറ്റവും വലിയ പൂവിപണിയാണ് തിരുവനന്തപുരത്തെ കാഞ്ഞിരംകുളം. അതുകൊണ്ടുതന്നെ ഓണക്കാലത്ത് കാഞ്ഞിരംകുളം നാട്ടുകാര്‍ക്ക് ചിന്നത്തോവാളയാണ്. മാത്രമല്ല, തോവാളയിലെ വിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് പൂക്കള്‍ ഇവിടെ ലഭിക്കും. അത്തം തുടങ്ങിയതോടെ പൂക്കളുടെ വന്‍ശേഖരമാണ് കാഞ്ഞിരംകുളത്ത് നിറയുന്നത്. ഒപ്പം വാങ്ങാന്‍ എത്തുന്നവരുടെ തിരക്കും.

ഇവിടത്തെ വ്യാപാരികള്‍ തോവാളയിലെ കൃഷിക്കാരില്‍നിന്നു നേരിട്ട് പൂ വാങ്ങിയാണ് ഇവിടെ കച്ചവടം. തോവാളയില്‍നിന്നും 200 രൂപയ്ക്ക് അരളിപ്പൂവ് വില്‍ക്കുമ്പോള്‍ കാഞ്ഞിരംകുളത്തെ വില 150നു താഴെയാണ്. ഇത്തരത്തില്‍ ജമന്തി, വാടാമല്ലി, അരളി, റോസ്, ട്യൂബ് റോസ്, താമര തുടങ്ങി 30ല്‍ അധികം നിറങ്ങളിലെ പൂക്കള്‍ ഇവിടെനിന്നു ലഭിക്കും. റോസിലും ജമന്തിയിലുമായി മാത്രം പത്തിലേറെ വ്യത്യസ്ത ഇനങ്ങളുണ്ട്. നാല് നിറങ്ങളില്‍ അരളിപ്പൂവും വാങ്ങാം. മറുനാടന്‍ പൂക്കള്‍ക്കു പുറമേ തുമ്പ മുതല്‍ തെച്ചിവരെയുള്ള നമ്മുടെ നാടന്‍ പൂക്കളും തെങ്ങിന്‍പൂവും കമുകിന്‍പൂവും കാഞ്ഞിരംകുളത്തു ലഭിക്കും. മഞ്ഞ ജമന്തി ദിണ്ഡികലില്‍ നിന്നും മൈസൂരില്‍നിന്നു ചുമന്നതും ഒസൂരില്‍നിന്ന് റോസാപ്പൂവും തോവാളയില്‍നിന്നുള്ള അരളി, വാടാമല്ലി എന്നിവയൊക്കെ കാഞ്ഞിരംകുളത്തെ പൂവിപണിയില്‍ സുലഭമാണ്.

കാഞ്ഞിരംകുളത്തെ പൂവിപണി അതിരാവിലെതന്നെ സജീവമാവും. വൈകുന്നേരത്തോടെ ജനം തിങ്ങിനിറയും. പൂവ് വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കാഴ്ചക്കാരും ഇവിടെയെത്തും. തിരുവോണം വരെ ഇവിടം പൂക്കളുടെ നാടാണ്. അത്തപ്പൂക്കളങ്ങള്‍ ഒരുക്കുന്നവരാണ് ഇവിടത്തെ പ്രധാന ഉപഭോക്താക്കള്‍. ജില്ലയില്‍ എവിടെനിന്നു കിട്ടുന്നതിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് ഇവിടെത്തെ വില്പന. മാത്രമല്ല, ഇവിടെ ലഭിക്കുന്നയിനം പൂക്കള്‍ വേറൊരിടത്തും കിട്ടാറുമില്ല. അതാണ് കാഞ്ഞിരംകുളത്തെ പൂവിപണിയുടെ പ്രത്യേകത. അതിനാല്‍ ഓരോ ദിവസവും ഇവിടെ ആവശ്യക്കാരുടെ എണ്ണവും കൂടുന്നു. എങ്കിലും ഇവിടെ എത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്താറില്ല. പൂക്കളുടെ അത്ഭുതശേഖരംതന്നെ ഇവിടെയുണ്ട്.

Content Highlights: Onam 2019