ചിറ്റൂര്‍: ഓണം, ഗണേശോത്സവം എന്നിവ മുന്നില്‍ക്കണ്ട് ചെണ്ടുമല്ലിപ്പൂവ് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നല്ലേപ്പിള്ളി കുറ്റിപ്പള്ളത്തെ കര്‍ഷകന്‍ വിജയന്‍. കുറ്റിപ്പള്ളത്ത് രണ്ട് ഏക്കറിലും കമ്പിളിച്ചുങ്കത്ത് 75 സെന്റിലുമാണ് ഇദ്ദേഹത്തിന്റെ പൂക്കൃഷി.

നെല്ലായിരുന്നു മുമ്പ് വിജയന്‍ കൃഷിചെയ്തിരുന്നത്. ശത്രുകീടങ്ങളെ നിയന്ത്രിക്കാന്‍ പാടവരമ്പില്‍ ചെണ്ടുമല്ലി നട്ടു. ഇത് നല്ലരീതിയില്‍ വിളഞ്ഞുകണ്ടതോടെയാണ് പൂക്കൃഷിയിലേക്ക് തിരിഞ്ഞതെന്ന് വിജയന്‍ പറഞ്ഞു.

രണ്ടുവര്‍ഷമായി ജില്ലയുടെ വിവിധയിടങ്ങളിലേക്ക് ചെണ്ടുമല്ലി എത്തിക്കുന്നുണ്ട്. ഒരു ഏക്കറില്‍നിന്ന് 80 കിലോവരെ ചെണ്ടുമല്ലി കിട്ടുന്നുണ്ടെന്ന് വിജയന്‍ പറഞ്ഞു.

കിലോയ്ക്ക് 70 രൂപ നിരക്കിലാണ് വില്പന. വിളവെടുപ്പ് രണ്ടുമാസംവരെ നടത്താം. പിന്നീട് പറിക്കുന്ന പൂക്കള്‍ക്ക് നിറവും വലുപ്പവും കുറയുമെന്ന് വിജയന്‍ പറയുന്നു.

കൊഴിഞ്ഞാമ്പാറ, പാലക്കാട് എന്നിവിടങ്ങളിലെ പൂക്കച്ചവടക്കാര്‍ വിജയനെ തേടിവരാന്‍ തുടങ്ങി.

കച്ചവടക്കാര്‍ക്കുപുറമേ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവം, മറ്റ് വിശേഷങ്ങള്‍ എന്നിവയ്ക്കും പൂ നല്‍കുന്നുണ്ട്. വിജയന് പിന്തുണയുമായി ഭാര്യ ജയശ്രീയും മകന്‍ വിഷ്‌ണേന്തും ഒപ്പമുണ്ട്.

Content Highlights: Onam 2019