പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം പത്തനംതിട്ട വകയാറിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് കണ്ണീരോണമായിരുന്നു. ഇക്കുറി മെച്ചപ്പെട്ടുവരുന്ന വിലയ്‌ക്കൊപ്പം കര്‍ഷകരുടെ സ്വപ്നങ്ങളും തളിര്‍ക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ വിപണിയാണ് വകയാറിലേത്. ഓണ ദിവസങ്ങളില്‍ 20 ടണ്‍ ഏത്തവാഴക്കുല വരെ വില്‍പ്പന നടക്കാറുണ്ട്. കിലോയ്ക്ക് 58 രൂപയായി വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

2017-ല്‍ 70 മുതല്‍ 75 രൂപ വരെയായിരുന്നു ഒരു കിലോ ഏത്തക്കായയ്ക്ക് കര്‍ഷകര്‍ക്ക് ലഭിച്ച വില. കഴിഞ്ഞവര്‍ഷം മഹാപ്രളയത്തില്‍ പത്തനംതിട്ട മുങ്ങിയതോടെ വകയാറിലും ഓണ വിപണി മുടങ്ങി. ഈ വര്‍ഷം പ്രതീക്ഷ വെച്ച കര്‍ഷകര്‍ക്ക് ആദ്യം തിരിച്ചടിയായത് ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റുജില്ലകളില്‍നിന്നും കുലകള്‍ എത്തിയതാണ്. ഇക്കുറി ആ ഭാഗങ്ങളില്‍നിന്നും വരവ് കുറഞ്ഞതോടെ വകയാറില്‍ വില മെച്ചപ്പെട്ടിട്ടുണ്ട്. ഇത്തവണ വില ലഭിച്ചില്ലെങ്കില്‍ കടക്കെണിയിലാകുന്ന സ്ഥിതിയിലായിരുന്നു വകയാറിലെ കര്‍ഷകര്‍.

അടുത്തിടെയുണ്ടായ മഴയിലും കനത്ത കാറ്റിലും നിരവധി വാഴകള്‍ ഈ മേഖലയില്‍ നശിച്ചിരുന്നു. വിലയിടിഞ്ഞാല്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയിലാണെന്ന് കര്‍ഷകനായ അംബി പറയുന്നു. 20000 വാഴകളാണ് ഇദ്ദേഹം ഇക്കുറി കൃഷി ചെയ്തത്.

ഒന്നരപ്പതിറ്റാണ്ട് മുന്പാണ് വകയാറില്‍ കര്‍ഷകര്‍ക്കായി വിപണി രൂപം കൊണ്ടത്. ആദ്യ വര്‍ഷം ഒരു കോടിയുടെ വിറ്റുവരവുണ്ടായി. കോന്നി, പ്രമാടം, അരുവാപ്പുലം പഞ്ചായത്തുകളില്‍ നിരവധി കര്‍ഷകര്‍ വാഴകൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ആഴ്ചതോറും ചൊവ്വ, വെള്ളി ദിനങ്ങളിലാണ് വിപണി. ലേലം കൊണ്ടാണ് ഏത്തക്കുലകള്‍ വിറ്റുപോകുന്നത്. 10 മുതല്‍ 12 ലക്ഷം വരെയാണ് സാധാരണ വിറ്റുവരവ്. സമീപ ജില്ലകളില്‍നിന്നും ഒട്ടേറേ ആവശ്യക്കാരാണ് വകയാര്‍ ഏത്തക്കുല തേടിയെത്തുന്നത്. കര്‍ഷകര്‍ക്ക് ഏറ്റവുമധികം വില ലഭിക്കുന്നത് ഓണക്കാലത്താണ്.

Content Highlights: Onam 2019