രങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകര്‍ ഏറെയാണ്. പക്ഷേ, നളന്റെ വേഷം ഹൃദ്യമാക്കുന്ന ഗോപിയാശാന് നളപാചകം ചിന്തിക്കാനാവില്ല.

വിഭവങ്ങളില്‍ പ്രിയം കുറുക്കുകാളനാണ്. കുട്ടിക്കാലത്ത് അമ്മ നഷ്ടപ്പെട്ടു. മുത്തശ്ശിയും ചെറിയമ്മയുമാണ് വളര്‍ത്തിയത്. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ ഇഷ്ടവിഭവം അക്കാലത്ത് കോതറ മനയില്‍നിന്നു കൊണ്ടുവന്നിരുന്ന കുറുക്കുകാളനായിരുന്നു. അപൂര്‍വമായിമാത്രം കിട്ടിയിരുന്ന ഒന്ന്. കുട്ടിക്കാലത്ത് മിക്കവാറും വീട്ടില്‍ പുളിങ്കറിയാണ് പതിവ്. ചേമ്പിന്‍തണ്ടും ചേമ്പും ഉപയോഗിച്ചുള്ള അന്നത്തെ പുളിങ്കറി ഇന്നും രുചിയോടെ വീട്ടില്‍ തയ്യാറാക്കാറുണ്ട്.

കൂടല്ലൂര്‍ മനയില്‍ കഥകളിപഠനത്തിന് ചേര്‍ന്നതോടെ കുറുക്കിയ കാളനോടുള്ള ആരാധന കൂടി. മനയില്‍ തയ്യാറാക്കിയ തൈരില്‍ ചേനയും നേന്ത്രക്കായും കുരുമുളകും ചേരുവയായുള്ള നന്നായി കുറുക്കിയ കാളന്റെ രുചി നാവില്‍ വെള്ളമൂറുന്നതാണ്. കുറുക്കുകാളനും പുളിങ്കറിയും വീട്ടില്‍ പാചകം ചെയ്യുന്നത് ഭാര്യ ചന്ദ്രികയാണ്. പാചകപരീക്ഷണത്തിന് ഇതുവരെ അവര്‍ അവസരം നല്‍കിയിട്ടില്ല. സദ്യയ്ക്കായാലും വീട്ടിലായാലും കാളന്‍ നന്നായി കുറുകിയിട്ടുണ്ടെങ്കില്‍ അതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കും. വിവാഹങ്ങള്‍ക്ക് ശ്രീകൃഷ്ണപുരത്തുള്ള യോഗക്ഷേമസഭയുടെ പാചകക്കാര്‍ തയ്യാറാക്കുന്ന സദ്യയാണെങ്കില്‍ തിരക്കുണ്ടെങ്കിലും സദ്യയില്‍ പങ്കുചേരും.

അവരുടെ കുറുക്കുകാളന്‍ പഴയ രുചിയെ ഓര്‍മ്മപ്പെടുത്തുന്നു. കഥകളിയുമായി ഓണക്കാലത്ത് പലപ്പോഴും വിദേശത്തു കഴിയേണ്ടിവന്നിട്ടുണ്ട്. ലണ്ടനില്‍ കലാമണ്ഡലത്തിലെ പൂര്‍വവിദ്യാര്‍ഥിനി ബാര്‍ബറയുടെ വീട്ടില്‍ കുറുക്കുകാളനൊരുക്കും. പാചകം ഇവിടെനിന്ന് കൂടെയുള്ള സഹപ്രവര്‍ത്തകരുടെ വകയാവും. ലക്ഷ്മി മുത്തശ്ശിയും പാറു ചെറിയമ്മയും കുട്ടിക്കാലത്ത് അവര്‍ക്കു സാധിക്കുന്നവിധം അമ്മയുടെ അസാന്നിധ്യത്തിലും ഇഷ്ടമുളള ഭക്ഷണം തയ്യാറാക്കിത്തന്നത് എല്ലാ രുചിയോടെയാണ് ഭക്ഷിച്ചത്. ഇപ്പോള്‍ ഭാര്യ ചന്ദ്രിക കുറുക്കുകാളനോടും പുളിങ്കറിയോടുമുള്ള താത്പര്യം അറിയാവുന്നതിനാല്‍ വീട്ടില്‍ നന്നായി പാചകം ചെയ്തുതരുന്നു. കുറുക്കുകാളനുണ്ടാക്കിയാല്‍ കുറച്ചുദിവസം അത് തുടര്‍ച്ചയായി ഉപയോഗിക്കും.

Content Highlights: Kalamandalam gopi