ചിരിയുടെ മാലപ്പടക്കങ്ങള്‍ 'ദേ ഇപ്പോപ്പൊട്ടും...' എന്ന പ്രഖ്യാപനം പോലെയുള്ള കുസൃതിച്ചിരി കണ്ണില്‍നിറച്ച് ഒരാള്‍... അഴകും വര്‍ണവും ഇഴനെയ്‌തെടുത്ത സ്വപ്നങ്ങള്‍ കണ്ണുകളില്‍ നിറഞ്ഞുതുളുമ്പി മറ്റൊരാള്‍...
ഓണവിശേഷങ്ങളുമായി പച്ചപ്പുല്‍ത്തകിടിയുടെ സുന്ദര ഫ്രെയിമിലേക്ക് രമേഷ് പിഷാരടിയും ബീനാ കണ്ണനും വന്നിരിക്കുമ്പോള്‍, ചിരിയും സ്വപ്നവും തൂവല്‍സ്പര്‍ശം പോലെ മുന്നില്‍ നിറഞ്ഞു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് വാദിച്ചു സംസാരിച്ച്, കൂട്ടുകാരനായ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് അവാര്‍ഡ് വാങ്ങിക്കൊടുത്ത സൂപ്പര്‍ നമ്പര്‍ പോലെ ഏത് ഐറ്റവും രമേഷ് പൊട്ടിച്ചേക്കാമെന്ന സാധ്യത പ്രതീക്ഷിക്കുന്നുണ്ടെന്നത് ബീനയുടെ മുഖത്ത് വായിച്ചെടുക്കാം.
എന്നാല്‍, രമേഷിന്റെ തകര്‍പ്പന്‍ തമാശകള്‍ക്ക് കൗണ്ടറുകളുമായി ബീനയും വാചാലയായതോടെ ഒരുകാര്യം ഉറപ്പായി, ഇനി കാതോരമെത്തുന്ന വിശേഷങ്ങളെല്ലാം ചിരിപോലെ ഹൃദ്യമായിരിക്കും... സ്വപ്നംപോലെ സുന്ദരമായിരിക്കും.
പുല്‍ത്തകിടിയും യോഗയും
കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് സുസ്‌മേരവദനനായി രമേഷ് പിഷാരടി പുല്‍ത്തകിടിയില്‍ വന്നിരിക്കുമ്പോള്‍, കസവുസാരിയില്‍ ചിരി തൂകിയായിരുന്നു ബീനാ കണ്ണന്‍ അരികിലെത്തിയത്. ഫോട്ടോസെഷനായി പുല്‍ത്തകിടിയിലേക്കിരിക്കാന്‍ ബീന ശ്രമിക്കുമ്പോള്‍, രമേഷ് ആദ്യതമാശ പൊട്ടിച്ചു: ''പുല്ലില്‍ ചമ്രംപടിഞ്ഞിരുന്നാല്‍ നടുവിന് പ്രശ്‌നമാകുമോ...?''
രമേഷിന്റെ ചോദ്യം തീരുംമുമ്പേ പുല്‍ത്തകിടിയിലേക്കിരുന്നാണ് ബീന അതിനുത്തരം പറഞ്ഞത്: ''അങ്ങനെ നിലത്തിരിക്കാന്‍ ഒരു പ്രശ്‌നവുമില്ല... ദിവസവും യോഗ അഭ്യസിക്കുന്ന ആളാണ് ഞാന്‍...''
നിറഞ്ഞ ചിരിയോടെ മറുപടി ആസ്വദിച്ച രമേഷിനോട്, ബീന പിന്നെ ചോദിച്ചത് സിനിമയെപ്പറ്റിയായിരുന്നു.
''രമേഷ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടിച്ചിത്രമായ 'ഗാനഗന്ധര്‍വന്‍' ഒരു പാട്ടുസിനിമയാണോ...?'' എന്ന ബീനയുടെ ചോദ്യത്തിന് വിശദമായിട്ടായിരുന്നു മറുപടിയെത്തിയത്.
മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചും നായികമാരെക്കുറിച്ചുമൊക്കെ രമേഷ് പറയുമ്പോള്‍ ബീന കൗതുകത്തോടെ കേട്ടിരുന്നു.
തുമ്പപ്പൂവും പട്ടുപാവാടയും
സിനിമാ വിശേഷങ്ങളില്‍നിന്ന് ഓണവിശേഷങ്ങളുടെ ഫ്‌ളാഷ്ബാക്കിലേക്കാണ് അടുത്തരംഗം തെളിഞ്ഞത്. പുല്‍ത്തകിടിക്കപ്പുറത്ത് പൂത്തുനില്‍ക്കുന്ന ചെടികളിലെ പൂക്കള്‍ കണ്ടതുകൊണ്ടാകാം, ബീന ഓണനാളുകളിലെ പൂക്കളങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങിയത്: ''കുട്ടിക്കാലത്തെ ഓണത്തിന്റെ ഓര്‍മകളിലെ ഏറ്റവും ഭംഗിയുള്ളത് പൂക്കളങ്ങളാണ്. കുട്ടിക്കാലത്ത് പൂക്കളങ്ങളൊരുക്കാന്‍ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. പൂക്കളമിടാനുള്ള 'തുമ്പപ്പൂ' തേടി പറമ്പുകളില്‍ കുറേ അലഞ്ഞിട്ടുണ്ട്.
ഓണനാളുകളില്‍ ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊന്ന് 'പുലികളി'യാണ്. വീടിനുപുറത്ത് റോഡില്‍ പുലികളിയുടെ ആരവം കേള്‍ക്കുമ്പോഴേ മനസ്സ് സന്തോഷംകൊണ്ട് നിറയും. ഗേറ്റിനരികിലേക്ക് ഓടിയെത്തുമ്പോഴേക്കും പുലികളിസംഘം അടുത്തെത്തിയിട്ടുണ്ടാകും... പുലിയും വേട്ടക്കാരനും തുള്ളിക്കളിയും ഒക്കെയായി നല്ല രസമുള്ള കാഴ്ചയായിരുന്നു അതെല്ലാം. അതുപോലെ ഓണത്തിന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് പട്ടുപാവാടയായിരുന്നു. സാധാരണഗതിയില്‍ ഓണത്തിനാണ് അച്ഛന്‍ പട്ടുപാവാട വാങ്ങിത്തരാറുള്ളത്. അന്നൊക്കെ ഒരു വസ്ത്രം കിട്ടുന്നത് അപൂര്‍വ അവസരങ്ങളില്‍ മാത്രമായിരുന്നു...''
ബീന കുട്ടിക്കാലത്തെ ഓണവസ്ത്രങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, രമേഷിന്റെ സൂപ്പര്‍ ഡയലോഗെത്തി: ''നിങ്ങള്‍ക്ക് ഞങ്ങളെപ്പോലെ ഓണക്കോടി വാങ്ങേണ്ട കാര്യമില്ലല്ലോ... കടയിലേക്ക് ചെന്ന് ആവശ്യത്തിനുള്ളത് എടുത്ത് കൊണ്ടുപോന്നാല്‍ പോരേ...?''
നാട്ടിലേക്കുള്ള യാത്രകള്‍
ഓണക്കോടി വിശേഷങ്ങളുമായി ബീന വാചാലയാകുമ്പോള്‍ രമേഷിന്റെ ഓര്‍മകള്‍ നാട്ടിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
''കുട്ടിക്കാലത്ത് ഓണത്തിന്റെ ഏറ്റവും വലിയ കാത്തിരിപ്പുകളിലൊന്ന് നാട്ടിലേക്കുള്ള യാത്രകളായിരുന്നു. സാധാരണ ഓണാവധി സമയത്താണ് ഞങ്ങള്‍ എറണാകുളത്തുനിന്ന് പാലക്കാട്ടുള്ള അമ്മവീട്ടിലേക്കും കണ്ണൂരിലുള്ള അച്ഛന്‍വീട്ടിലേക്കും യാത്ര പോകാറുള്ളത്. പാലക്കാട്ടേക്കായാലും കണ്ണൂരിലേക്കായാലും അവധിക്കാലയാത്രകള്‍ വളരെ രസകരമായിരുന്നു. ഓണത്തിന് അവര്‍ കാത്തുവെച്ചിരിക്കുന്ന കാര്യങ്ങളെന്തൊക്കെയായിരിക്കുമെന്ന് ആലോചിച്ച് ഞാന്‍ വലിയ ത്രില്ലിലായിരിക്കും. കുട്ടിക്കാലം പിന്നിട്ട് മുതിര്‍ന്നപ്പോഴും ഓണത്തിന് ഞാന്‍ യാത്രകളില്‍ത്തന്നെയായിരുന്നു. ഓണനാളുകളിലാണ് ഞങ്ങള്‍ കലാകാരന്‍മാര്‍ക്ക് ഒരുപാട് പരിപാടികള്‍ കിട്ടാറുള്ളത്. ഓണത്തിന്റെ സീസണില്‍ ദിവസം രണ്ട് പരിപാടികള്‍വരെ നടത്തേണ്ടി വരാറുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രകളായിരുന്നു ഓരോ ഓണക്കാലവും എനിക്ക് സമ്മാനിച്ചുകൊണ്ടിരുന്നത്...''
രമേഷ് ഓണയാത്രകളുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍, പുഞ്ചിരിയോടെ കേട്ടിരിക്കുകയായിരുന്നു ബീന.
നീലാകാശവും കടത്തുവള്ളവും
രമേഷ് കുട്ടിക്കാലത്തെ ഓണയാത്രകള്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ബീന മറ്റൊരു സുന്ദരയാത്രയുടെ ഓര്‍മജാലകം തുറന്നിട്ടിരുന്നു: ''കുട്ടിക്കാലത്തെ ഓണനാളുകളില്‍ ഞങ്ങളുടെ നാടായ ആലപ്പുഴയിലേക്ക് നടത്തിയ യാത്രകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. എറണാകുളത്തുനിന്ന് ഞങ്ങളുടെ പഴയ അംബാസഡര്‍ കാറിലായിരുന്നു യാത്ര. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഞാന്‍ പുറത്തെ കാഴ്ചകള്‍ കൗതുകത്തോടെ നോക്കിയിരിക്കും. മൂന്നു കടത്തുകള്‍ കടന്നിട്ടുവേണം ഞങ്ങളുടെ വീട്ടിലെത്താന്‍. സ്പീഡില്‍ ചെന്നാലേ ഓരോ കടത്തും പിടിക്കാനാകൂ. പോകുന്നവഴിയില്‍ നിറയെ സുന്ദരമായ ഒരു പെയിന്റിങ് പോലെ കാഴ്ചകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടാകും. പുല്ലുനിറഞ്ഞ പാടത്ത് മേയുന്ന പശുക്കള്‍... തോടുകളില്‍ രസിച്ചുനീന്തുന്ന താറാവുകള്‍... പുഴയിലൂടെ തുഴഞ്ഞുപോകുന്ന കൊച്ചുവള്ളങ്ങള്‍... അതിലിരുന്ന് മീന്‍പിടിക്കുന്ന ആളുകള്‍... വള്ളം മുന്നോട്ടുപോകുമ്പോള്‍ പിന്നിലേക്ക് ഓടിപ്പോകുന്ന തെങ്ങുകള്‍... ഇതിനെല്ലാമപ്പുറത്ത് തെളിയുന്ന സുന്ദരമായ നീലാകാശം... ഒരു പെയിന്റിങ് പോലെ മനോഹരമായ ആ കാഴ്ചകള്‍ എങ്ങനെയാണ് മറക്കാന്‍ കഴിയുന്നത്...?'
ബീന കുട്ടിക്കാലത്തെ ഓണയാത്രകളെക്കുറിച്ച് വാചാലയാകുമ്പോള്‍, ഒരു കവിത കേള്‍ക്കുന്നതുപോലെ പുഞ്ചിരി തൂകിയിരിക്കുകയായിരുന്നു രമേഷ്.
ചെറുപയറും എരിശ്ശേരിയും
കുട്ടിക്കാലത്തെ ഓണവിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ് രമേഷിന്റെ മുന്നിലേക്ക് ബീന സദ്യവിശേഷങ്ങളുടെ ഇലയിട്ടത്.
ചോദ്യത്തിന്റെ ഇലയിലേക്ക് വിശേഷങ്ങള്‍ വിളമ്പാന്‍ രമേഷിന് ഒട്ടും സമയം വേണ്ടിവന്നില്ല: ''എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് വിഭവങ്ങള്‍ ചോദിച്ചാല്‍, ചെറുപയര്‍ പുഴുക്കും കായ എരിശ്ശേരിയും ആണ് ഉത്തരം. എന്നാല്‍, ഇതു രണ്ടും ഓണസദ്യയിലുണ്ടാകില്ല. സദ്യയുടെ വിഭവങ്ങളില്‍ ചോറിനൊപ്പം അവസാനം ഒഴിച്ചുകഴിക്കുന്ന 'രസം' ആണ് എനിക്കിഷ്ടം. പായസത്തില്‍ ഒന്നാം നമ്പര്‍ ഇഷ്ടം 'പാലട' തന്നെ. രണ്ടാമത്തേയും മൂന്നാമത്തേയും ഇഷ്ടം ചോദിച്ചാലും ഉത്തരം 'പാലട' തന്നെയാണ്...''
രമേഷിന്റെ സദ്യവിശേഷങ്ങള്‍ തീരുമ്പോഴേക്കും ബീന ഇഷ്ടവിഭവങ്ങള്‍ വിളമ്പിത്തുടങ്ങി: ''എനിക്ക് സദ്യയില്‍ ഏറ്റവും ഇഷ്ടം അവിയലും തോരനുമാണ്. സാമ്പാറും ഞാന്‍ നന്നായി കഴിക്കാറുണ്ട്. ഓണസദ്യയിലെ ശര്‍ക്കരവരട്ടിയും ഓണനാരങ്ങയും ഇഷ്ടപ്പെട്ട വിഭവങ്ങളാണ്. പായസത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് 'പാലട' തന്നെയാണ്. അതുകഴിഞ്ഞാല്‍ ഇഷ്ടം ഗോതമ്പുപായസമാണ്...''
ബീന പായസത്തിന്റെ കഥ പറഞ്ഞിരിക്കുമ്പോള്‍ രമേഷ് ഒരു വാചകംകൂടി പറഞ്ഞു: ''എന്തൊക്കെ പറഞ്ഞാലും ശരി, എത്ര മസില്‍മാനായാലും ശരി, ഓണസദ്യ കഴിച്ചുകഴിഞ്ഞാല്‍ ആരുമൊന്ന് മയങ്ങിപ്പോകും...''
വീണ്ടും ഒരു 'സമനില'
ഓണസദ്യയുടെ വിശേഷങ്ങളില്‍നിന്ന് ഓണനാളുകളിലെ കലാപരിപാടികളുടെ ഓര്‍മയിലേക്ക് ബീന കൂടുമാറിയപ്പോഴാണ്, രമേഷ് അടുത്ത തമാശ പൊട്ടിച്ചത്: ''ഞാനൊരു കാര്യം ചോദിക്കട്ടെ... ഞാന്‍ പലതവണ ശീമാട്ടിയില്‍ വന്ന് വസ്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ എപ്പോഴെങ്കിലും എന്റെ പരിപാടി കാണാന്‍ വന്നിട്ടുണ്ടോ...?'
രമേഷിന്റെ ചോദ്യത്തിന് അതിവേഗത്തിലായിരുന്നു ബീനയുടെ മറുപടി: ''ഞങ്ങള്‍ കലയെ സ്‌നേഹിക്കുന്ന കുടുംബം തന്നെയാണ്... ഓണനാളുകളില്‍ നാട്ടില്‍ നിറയെ കലാപരിപാടികളായിരിക്കും. ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നാടകങ്ങളും ഗാനമേളയുമൊക്കെ കാണാന്‍ സ്ഥിരമായി പോകുമായിരുന്നു. രമേഷിന്റെ പരിപാടിയും ഞാന്‍ കണ്ടിട്ടുണ്ട്...''
ബീനയുടെ മറുപടികേട്ട് രമേഷ് ചിരിയോടെ പറഞ്ഞു: ''സമ്മതിച്ചു... ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഗോളടിച്ചു... വീണ്ടും ഒന്നേ ഒന്ന് സമനിലയായി...''
ഗന്ധര്‍വസ്വപ്നങ്ങള്‍
വിശേഷങ്ങള്‍ പറഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ്, രമേഷ് ഇത്തവണത്തെ ഓണത്തെപ്പറ്റി ബീനയോട് ചോദിച്ചത്.
''ഇത്തവണ എല്ലാവരുംകൂടി വീട്ടില്‍ ഓണമാഘോഷിക്കണമെന്നാണ് കരുതുന്നത്. മുമ്പൊക്കെ തിരുവോണ ദിവസത്തില്‍പ്പോലും കൊല്‍ക്കത്തയിലും ചെന്നൈയിലുമൊക്കെ ബിസിനസ് ആവശ്യാര്‍ത്ഥം പോകേണ്ടിവന്നിട്ടുണ്ട്. കേരളീയവേഷത്തില്‍ കൊല്‍ക്കത്തയില്‍ ആഘോഷിച്ച ഓണം ഇന്നും ഓര്‍മയിലുണ്ട്. ഇത്തവണ എന്തായാലും വീട്ടില്‍ത്തന്നെയാകും എന്റെ ഓണം...''
ബീനയുടെ ഓണപദ്ധതി കേട്ടപ്പോള്‍ രമേഷും അതിനു പിന്നാലെ ഓണനയം പ്രഖ്യാപിച്ചു: ''ഇത്തവണ എന്റെ ഓണം മുഴുവന്‍ ഈ മാസാവസാനം റിലീസാകാനിരിക്കുന്ന 'ഗാനഗന്ധര്‍വന്‍' എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരിക്കും... ഒരുപാട് പ്രതീക്ഷകളോടെ ഞാന്‍ ഒരുക്കുന്ന മമ്മൂട്ടിച്ചിത്രമാണിത്. ഈ തിരക്കുകള്‍ക്കിടയിലും തിരുവോണദിനത്തില്‍ എന്റെ കുടുംബത്തോടൊപ്പം സദ്യ കഴിക്കണമെന്നാഗ്രഹമുണ്ട്...''
രമേഷ് ഓണസ്വപ്നങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ബീനയുടെ മുഖത്ത് മനോഹരമായൊരു ചിരി വിടര്‍ന്നു... കുട്ടിക്കാലത്തെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന നീലാകാശവും കടത്തുവള്ളവും പോലെ സുന്ദരമായൊരു ചിരി.
Content Highlights: Onam 2019