തൃപ്പൂണിത്തുറ: രാവിലെ തെളിഞ്ഞുനിന്ന മാനം വൈകാതെ ഇരുണ്ടു. മഴയായി... ആ മഴയിലും ആവേശം ചോരാതെ അത്തം ഘോഷയാത്ര. ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ അത്തം നാളില്‍ നടന്ന ഘോഷയാത്ര ആനന്ദക്കാഴ്ചയായി.

രാജവീഥിയുടെ ഇരുവശങ്ങളിലുമായി രാവിലെ അത്തപ്പൊന്‍വെയിലേറ്റുനിന്ന ആയിരങ്ങള്‍ക്ക് അന്തരീക്ഷം ആഹ്ലാദം പകര്‍ന്നെങ്കിലും ഘോഷയാത്ര സ്റ്റാച്യു കവലയിലെത്തിയതോടെ മഴ തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ, കാണികളിലടക്കം നിരാശയായി. അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ അണിനിരന്ന കലാകാരന്‍മാരുടെയും കലാകാരികളുടെയും മുഖത്തുനിന്ന് മഴവെള്ളം വീണ് നിറച്ചാലുകള്‍ ഒഴുകിയിറങ്ങി.

കാവടിയൊക്കെ നനഞ്ഞുതൂങ്ങി. വാദ്യക്കാര്‍ക്ക് മേളം കൊഴുപ്പിക്കാനായില്ല. എങ്കിലും ഘോഷയാത്ര ആവേശപൂര്‍വം നീങ്ങി.

വിദ്യാര്‍ഥികളുടെ ഡിസ്പ്ലേയില്‍ മാര്‍ഗംകളിക്കാരും നാടന്‍പാട്ട് സംഘവുമൊക്കെ മഴയെ കൂസാതെ പ്രകടനം കാഴ്ചവെച്ചു. തെയ്യവും തിറയും ആദിവാസി നൃത്തവും അര്‍ജുന നൃത്തവും ദേവനൃത്തവുമൊക്കെ ആനന്ദക്കാഴ്ചയായി. 11.30-ഓടെ മഴ മാറിയപ്പോള്‍ ഘോഷയാത്ര ഭംഗിയായിത്തന്നെ നടന്നു.

അത്തം നഗറായ ഗവ. ബോയ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി എ.കെ. ബാലനാണ് അത്താഘോഷം ഉദ്ഘാടനം ചെയ്തത്.

എം. സ്വരാജ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികള്‍ 10-ന് സമാപിക്കും.

Content Highlights: Onam 2019