ഭക്ഷണപ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പര്‍മാര്‍ തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്

ചേരുവകള്‍

1. ഉള്ളി - 20 എണ്ണം
2. പച്ചമുളക് - 2 എണ്ണം
3. തേങ്ങ ചിരകിയത് - അരമുറി 
4. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
5. കാശ്മീരി മുളക്‌പൊടി - 2 ടീസ്പൂണ്‍
6. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
7. കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
8. വാളന്‍പുളി, ഉപ്പ്, വെളിച്ചെണ്ണ, ഉലുവ, കടുക്, കറിവേപ്പില, വറ്റല്‍മുളക് --ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

തേങ്ങ ചിരകിയത്, രണ്ട് ഉള്ളി, 2-3 കറിവേപ്പില, ഇവ ബ്രൗണ്‍ നിറമാവുന്നതു വരെ മൂപ്പിക്കുക. അതിലേക്ക് മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി ഇവ ചേര്‍ത്ത് കരിയാതെ ചൂടാക്കി, എണ്ണ തെളിയുന്ന വിധത്തില്‍ നന്നായി അരച്ചു വയ്ക്കുക.
ഉള്ളി വൃത്തിയാക്കി നീളത്തില്‍ ചെറുതായി അരിഞ്ഞു വയ്ക്കുക. വാളന്‍പുളി കുറച്ച് ചൂട് വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക. ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി അതിലേക്കു ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വാളന്‍പുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിച്ചതിലേക്ക് വറുത്തരച്ച അരപ്പിട്ട് നന്നായി തിളച്ചു കഴിഞ്ഞാല്‍ വാങ്ങാം.
ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി കടുക്, അല്പം ഉലുവ, ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില ചേര്‍ത്ത് കടുക് വറുത്തു കറിയിലേക്കു ചേര്‍ത്താല്‍ സ്വാദിഷ്ടമായ ഉള്ളിതീയല്‍ തയ്യാര്‍.

content highlights: onam special ulli theeyal  kerala food, onam food reciepe, onion curry