ഭക്ഷണപ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസിലെ അംഗങ്ങൾ തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്.

ചേരുവകള്‍

1. ഇഞ്ചി - 500 ഗ്രാം 
2. വാളന്‍പുളി - ചെറുനാരങ്ങാ വലുപ്പത്തില്‍ 
3. തേങ്ങചിരകിയത് - ഒരു കപ്പ് 
4. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ 
5. മുളകുപൊടി - ഒന്നര ടീസ്പൂണ്‍ 
6. കടുക് - ഒരു ടീസ്പൂണ്‍ 
7. വറ്റല്‍മുളക് - 5 എണ്ണം 
8. ചുവന്നുള്ളി - 8 എണ്ണം 
9. പച്ചമുളക് - 5 എണ്ണം
10. ഉലുവാപ്പൊടി - കാല്‍ ടീസ്പൂണ്‍ 
11. കായപ്പൊടി - ഒരു നുള്ള് 
12. ശര്‍ക്കര - അര കപ്പ് 
13. കറിവേപ്പില - ആവശ്യത്തിന് 
14. ഉപ്പ് - ആവശ്യത്തിന് 
15. വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ വാളന്‍പുളി ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക. ഒരു കപ്പ് തേങ്ങ ചിരകിയത് മൂന്ന് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. മൂത്തു വരുമ്പോള്‍ അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി ഒന്നര ടീസ്പൂണ്‍ മുളകുപൊടി എന്നിവ ചേര്‍ത്ത് ഒന്ന് കൂടെ മൂപ്പിച്ചു തണുക്കുമ്പോള്‍ നന്നായി അരച്ചെടുക്കുക. 500 ഗ്രാം ഇഞ്ചി വൃത്തിയാക്കി കനം കുറച്ചു അരിഞ്ഞു എണ്ണയില്‍ വറുത്തെടുത്തു ഒന്ന് പൊടിച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അഞ്ചു വറ്റല്‍മുളകും കുറച്ചു വേപ്പിലയും എട്ടു ചുവന്നുള്ളിയും അഞ്ചു പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് മൂപ്പിക്കുക. ഉള്ളി മൂത്തു വരുമ്പോള്‍ പുളിവെള്ളം, ഇഞ്ചി പൊടിച്ചത്, തേങ്ങാ അരച്ചത്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. അതിനുശേഷം കാല്‍ ടീസ്പൂണ്‍ ഉലുവാപ്പൊടി, ഒരു നുള്ളു കായപ്പൊടി, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിച്ച് കുറുകി വരുമ്പോള്‍ അരക്കപ്പ് ശര്‍ക്കര കൂടെ ചേര്‍ത്ത് യോജിപ്പിക്കുക. സ്വാദുള്ള ഇഞ്ചിക്കറി തയ്യാര്‍.

Content Highlights: onam special ginger curry inji curry