ഭക്ഷണപ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പേഴ്‌സ് തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്

ചേരുവകള്‍ 

1. നേന്ത്രക്കായ - അര കിലോ 
2. മഞ്ഞള്‍ പൊടി - ആവശ്യത്തിന് 
3. ഉപ്പ് - ആവശ്യത്തിന് 
4. വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നേന്ത്രക്കായ നന്നായി കഴുകി തൊലി കളഞ്ഞ് ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ അല്‍പ നേരം മുക്കിവെച്ചതിനു ശേഷം നന്നായി തുടച്ചെടുത്തു കനം കുറച്ചു അരിഞ്ഞു വെക്കുക. ഒരു ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞളും മൂന്നു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലക്കിവെക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന നേന്ത്രക്കായ ചേര്‍ത്ത് മീഡിയം ഫ്ലെയ്മിൽ വറുക്കുക. നേന്ത്രക്കായ നന്നായി ക്രിസ്പി ആയി വരുമ്പോള്‍ കലക്കി വെച്ചിരിക്കുന്ന ഉപ്പ്-മഞ്ഞള്‍ വെള്ളം ഒരു ടീസ്പൂണ്‍ എണ്ണയിലേക്ക് ഒഴിച്ച് ഇളക്കിക്കൊടുക്കുക. എണ്ണ പതഞ്ഞുപൊങ്ങുന്നതു അവസാനിക്കുമ്പോള്‍ നേന്ത്രക്കായ ചിപ്‌സ് കോരി മാറ്റാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപ്പ്- മഞ്ഞള്‍ വെള്ളം തിളച്ച എണ്ണയിലേക്ക് ഒഴിക്കുമ്പോള്‍ എണ്ണ തെറിച്ചു വീഴാതെ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിന് പകരം എണ്ണയിലേക്ക് ഒരു നുള്ളു മഞ്ഞള്‍ പൊടി ചേര്‍ക്കുകയോ, നേന്ത്രക്കായ അരിഞ്ഞതില്‍ മഞ്ഞള്‍പൊടി പുരട്ടിയശേഷമോ വറുത്തെടുക്കാവുന്നതാണ്. ചിപ്‌സ് കോരി മാറ്റിയ ശേഷം ഉടനെ തന്നെ അതിലേക്കു അല്പം ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കാവുന്നതാണ്.

Content Highlights: banana chips recipe Onam Dishes