ലയാളികളുടെ മഹോത്സവമാണ് ഓണം. മാനുഷരെല്ലാവരും ഒന്നുപോലെയായിരുന്ന മാവേലിനാട്ടിന്റെ പ്രിയ മഹോത്സവം. ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍, വിനോദങ്ങളില്‍... മലയാളിയുടെ ഓണത്തിന് ഓരോ പ്രദേശത്തും വ്യത്യസ്തമായ വര്‍ണവും രുചിയുമുണ്ട്. എന്നാല്‍ ഓണം എന്ന വാക്കിന് മുന്നില്‍ അവയെല്ലാം  ഒത്തുചേരുന്നു... ഒന്നാകുന്നു. 

ഓണക്കാറ്റ്, ഓണവെയില്, ഓണനിലാവ്, ഓണത്തുമ്പി എന്നിങ്ങനെ ഓണത്തോടനുബന്ധിച്ച എല്ലാം മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന അനുഭൂതിയാണ്. ധര്‍മത്തില്‍ അധിഷ്ഠിതമായ, സമത്വസുന്ദരമായ ഭൂതകാലത്തിന്റെ പുനര്‍സ്മൃതി. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനങ്ങളില്ലാത്ത സുന്ദരമായ കാലത്തിന്റെ ഓര്‍മ. നാമോരോരുത്തരും മനസ്സില്‍ താലോലിക്കുന്ന സങ്കല്പം. അതൊരു സങ്കല്പമായിരുന്നില്ല യാഥാര്‍ഥ്യമായിരുന്നു എന്ന വിശ്വാസം മലയാളിയെ വീണ്ടും വീണ്ടും ഓണമാഘോഷിക്കാന്‍ പ്രേരിപ്പിക്കുന്നു. 

കേരളത്തില്‍ എന്നുമുതല്‍ക്കാണ് ഓണം ആഘോഷിച്ചു തുടങ്ങിയതെന്ന് കൃത്യമായി അറിയാന്‍ ചരിത്രരേഖകളില്ല.  പ്രാചീന ശാസനങ്ങളിലും കാവ്യങ്ങളിലും ഓണത്തെക്കുറിച്ച് സൂചനകളുണ്ടെങ്കിലും അതിന് കൃത്യമായ തെളിവുകളില്ല. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു കഥാപശ്ചാത്തലമാണ് ഓണത്തിന് പിന്നിലുള്ളത്.

മഹാബലി എന്ന അസുര ചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ വിഷ്ണുവിനെ പ്രേരിപ്പിച്ചതനുസരിച്ച് വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നുമാണ് കഥ. എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം തന്റെ പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും അനുമതി തരണമെന്ന മഹാബലിയുടെ അപേക്ഷ വിഷ്ണു ഭഗവാന്‍ അംഗീകരിക്കുന്നു. അങ്ങനെ, ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരളത്തിലെത്താന്‍ ഭഗവാന്‍ ബലിക്ക് അനുമതി നല്‍കുന്നു. 

ഇത് ഐതീഹ്യം. ചരിത്രപരമായി ഈ കഥ വിശ്വസിക്കുക പ്രയാസമെങ്കിലും മലയാളികള്‍ക്ക് സ്വപ്നതുല്യമായ ഒരു സുന്ദരസങ്കല്പമാണിത്. ''അവകള്‍ കിനാവുകളെന്നാം ശാസ്ത്രംകളവുകളെന്നാം ലോകചരിത്രം എങ്കിലുമേറെ യഥാര്‍ഥം നമ്മുടെഹൃദയനിമന്ത്രിത തത്ത്വം'' എന്നാണ് മഹാകവി വൈലോപ്പിള്ളി ഈ സുന്ദരസങ്കല്പത്തെക്കുറിച്ച് പാടിയത്.

തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടുവാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്പിച്ചു എന്നും അങ്ങനെയാണ് ഓണത്തിന് തുടക്കം കുറിച്ചതെന്നും മറ്റൊരു ഐതീഹ്യമുണ്ട്. പുരാണത്തിലെ മഹാബലിയല്ല ഈ മഹാബലിപ്പെരുമാള്‍ എന്നുമാത്രം.

ഓണച്ചടങ്ങുകള്‍ക്ക് ചില ദേശഭേദങ്ങളുണ്ടെങ്കിലും പൊതുവായ ചില അംശങ്ങളുണ്ട്. ചിങ്ങമാസത്തില്‍ അത്തം നക്ഷത്രം മുതല്‍ ആരംഭിക്കുന്ന ഓണാഘോഷം പത്തുനാള്‍ നീണ്ടുനില്‍ക്കുന്നു. അത്തം മുതല്‍ പൂക്കളമൊരുക്കി എല്ലാവരും മാവേലിമന്നനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു. അതിനു മുമ്പുതന്നെ വീടും പരിസരവും ശുചിയാക്കുന്നു.

അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കുന്നു. പൂവിടല്‍ ചടങ്ങുകള്‍ക്കും ദേശഭേദങ്ങളുണ്ട്. അത്തച്ചമയത്തിന് ഇന്ന് മതനിരപേക്ഷമായ ഒരു സ്വഭാവം കൈവന്നിട്ടുണ്ട്. പട്ടണപ്രദേശങ്ങളില്‍ അത്തം വീട്ടുമുറ്റങ്ങളില്‍ നിന്ന് കവലകളിലേക്ക് മാറിയിട്ടുണ്ട്. കാലക്രമേണ കലാസമിതികളും മറ്റു സംഘടനകളും ഇതിനൊരു മത്സരസ്വഭാവം കൈവരുത്തിയിട്ടുമുണ്ട്.

ഓണക്കോടിയും ഓണസദ്യയും ഈ ആഘോഷത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ചടങ്ങുകളാണ്. എന്നാല്‍ വിഭവങ്ങളുടെ കാര്യത്തില്‍ പല ദേശങ്ങളിലും വ്യത്യാസങ്ങള്‍ കാണം. കറികളുടെ കാര്യത്തിലും ചിട്ടവലട്ടങ്ങളിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്‌. എങ്കിലും ഉപ്പേരിയും പായസവും പഴംനുറുക്കും പപ്പടവുമില്ലാത്ത ഓണസ്സദ്യ ഇല്ലതന്നെ.

ഓണസദ്യ വിഭവസമൃദ്ധമാക്കാന്‍ മലയാളി എന്നും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴി തന്നെ ഉദാഹരണം. വര്‍ഷം മുഴുവന്‍ പഞ്ഞമാണെങ്കിലും തിരുവോണ ദിവസം മാത്രം വീട്ടില്‍ അവനവന് ആവും വിധം ഒരു സദ്യക്കുള്ള വട്ടമൊരുക്കാന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയാവും എല്ലാ മലയാളികളുടെയും മനസില്‍.

കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് വീട്ടുകാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് ഓണക്കോടി നല്‍കിയിരുന്നു. കുട്ടികള്‍ക്ക് നല്‍കുന്ന വസ്ത്രങ്ങളില്‍ 'മഞ്ഞക്കോടി'യാണ് പ്രധാനം. അത്ര വ്യാപകമായല്ലെങ്കിലും ഇന്നും ഈ ചടങ്ങുകള്‍ ഒരനുഷ്ഠാനം പോലെ പല കുടുംബങ്ങളിലും തുടര്‍ന്നു വരുന്നു.

കാലങ്ങള്‍ കഴിയവേ ഈ ആചാരങ്ങള്‍ ലോപിച്ച് കുടുംബത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള അവസരമായി ഓണം മാറിയിരിക്കുന്നു. ഓണക്കാലത്തോടെ സജീവമാകുന്ന ഓണവിപണികളില്‍ ഇന്ന് എല്ലാം റെഡി മെയ്ഡ് ആയി ലഭ്യമാണ്. കുടുംബസമേതം ഓണ സദ്യ ഒരുക്കലും പൂക്കളമിടലും എല്ലാം ഇന്‍സ്റ്റന്റായി മാറിക്കൊണ്ടിരിക്കുന്നു.