ണം പോലെത്തന്നെ മലയാളിക്ക് ഗൃഹാതുരത സമ്മാനിക്കുന്നവയാണ് നാട്ടുപൂക്കൾ.തൊടിയിലും വയലിറമ്പിലും മൊട്ടിട്ട് വിടർന്ന്,വാടിക്കൊഴിയുന്ന നാട്ടുപൂക്കളുടെ നിറച്ചാർത്തുകൾക്കൊപ്പം എന്നുമുണ്ട്, നാട്ടുനൻമയുടെ ഗന്ധം. കൊച്ചുവെളുപ്പാൻകാലത്ത് കുട്ടിപ്പട്ടാളത്തോടൊപ്പം പൂവിറുക്കാനായി അതിരാണിപ്പാടങ്ങൾ തേടിപ്പോയ കാലം മുതിർന്ന തലമുറയിലെ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. തലേന്ന് ശേഖരിച്ച് വാഴയിലയിൽ സൂക്ഷിച്ച ചെമ്പരത്തിമൊട്ടുകൾ അതിരാവിലെ വിടർന്നുവരുന്നതുനോക്കി ആനന്ദംപൂണ്ട ബാല്യവും കാണും പലർക്കും. മരച്ചീനിത്തണ്ട് തോട്ടിയാക്കി അയൽപക്കത്തെ പറമ്പിൽനിന്ന്‌ ചെമ്പരത്തിമൊട്ട് 'അടിച്ചുമാറ്റിയതും' ഓർമയിൽ കാണും. തുമ്പ, ചെമ്പരത്തി, കാക്കപ്പൂവ്, മുക്കുറ്റി, കോളാമ്പിപ്പൂവ്, അതിരാണി, അരിപ്പൂവ്, കൃഷ്ണകിരീടം, ശംഖുപുഷ്പം, തൊട്ടാവാടി, തെച്ചി തുടങ്ങി പൂക്കളുടെ നാട്ടുപട്ടിക നീളുന്നു.

ഇവയെല്ലാം ഒട്ടേറെ ഔഷധഗുണങ്ങളുള്ളവയുമാണ്.സമൂലവും അല്ലാതെയും നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും പഥ്യമായവ.പ്രാദേശികമായി ഇവയ്ക്കെല്ലാം ഒട്ടേറെ നാമഭേദങ്ങളുമുണ്ട്. (തെച്ചി ചെക്കിയായും ശവംനാറിപ്പൂവ് വസിപ്പൂവായും വാടാമല്ലി മല്ലികയായും മാറുന്നതുപോലെ) നാട്ടുപൂക്കളുടെ നാശം, മാറിയ ജീവിതശൈലി, പാരമ്പര്യരീതികളിലുണ്ടായ മാറ്റം തുടങ്ങിയ കാരണങ്ങളാലാണ് മറുനാടൻ പൂക്കൾ ധാരാളമായി നമ്മുടെ നാട്ടിലെത്തിത്തുടങ്ങിയത്. നിലവിൽ മംഗളുരു, മൈസൂരു, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലെ പൂ കർഷകരുടെ ഏറ്റവും മികച്ച വിപണിയാണ് കേരളവും പ്രത്യേകിച്ച് വടക്കേ മലബാറും. വയലുകളും തണ്ണീർത്തടങ്ങളും നികത്തൽ,കുന്നിടിക്കൽ, ചെങ്കൽ-കരിങ്കൽ ഖനനം, അധിനിവേശസസ്യങ്ങളുടെ വ്യാപനം തുടങ്ങി നാട്ടുപൂക്കളുടെ വേരറുത്ത പരിസ്ഥിതിപ്രശ്നങ്ങളേറെയാണ്. നമുക്കറിയാവുന്നതും എന്നാൽ ഏറെയൊന്നും അടുത്തറിയാത്തതുമായ ചില നാടൻപൂവുകളെ പരിചയപ്പെടാം.

Athamതുമ്പ
പൂക്കളത്തിലെ താരം. ഇത്തിരിക്കുഞ്ഞനായ തുമ്പ നൽകുന്ന ശുഭ്രതയും ഭംഗിയും മറ്റൊരു വെള്ളപ്പൂവിനും നൽകാനാവില്ല. ദ്രോണപുഷ്പി,കുതുംബിക എന്നും പേരുണ്ട്. കരിംതുമ്പ (leucas cephalotes),പെരുംതുമ്പ (leucas stiricta) എന്നിങ്ങനെ കേരളത്തിൽ രണ്ടുതരം തുമ്പകളാണ് കണ്ടുവരുന്നത്. വയൽവരമ്പുകളിലും മൊട്ടക്കുന്നുകളിലും അപൂർവമായി പറമ്പുകളിലും പണ്ട് സുലഭമായിരുന്നു. തുമ്പയില അരച്ച്‌ പുരട്ടുന്നത് ത്വഗ്രോഗമകറ്റാനും തലവേദനയ്ക്ക് ശമനമുണ്ടാക്കാനും നന്നെന്ന് ആയുർവേദം.

chembarathiചെമ്പരത്തി
പൂക്കളത്തിലെ പ്രധാനികളിൽ ഒരാൾ. വർണവൈവിധ്യമാണ് പ്രത്യേകത. വിവിധ രൂപങ്ങളിലും വലിപ്പത്തിലുമുള്ള ചെമ്പരത്തി (hibiscus)കളുണ്ടെങ്കിലും അഞ്ചിതളുള്ള ചുവന്ന പൂവിനാണ് പ്രാമുഖ്യം. ചെമ്പരത്തിയിലയും പൂവും ചേർത്തുള്ള താളി കേശസംരക്ഷണത്തിന് ഉത്തമമെന്ന് ആയുർവേദം.ചെമ്പരത്തിയിതൾ ചേർത്ത ചായയും പ്രചാരത്തിലുണ്ട്.മലേഷ്യയുടെ ദേശീയപുഷ്പം.

Kakkappooകാക്കപ്പൂവ്
മാടായിപ്പാറ എന്നു കേട്ടാൽ ആദ്യം മനസ്സിലേക്കോടിയെത്തുക കാക്കപ്പൂവാണ്. പൂക്കളങ്ങളിൽ നീലരാശി പരത്തുന്ന കുഞ്ഞുപൂവ്.ജലാംശമുള്ള പാറയിലും വയലുകളിലും ധാരാളമായി വളരും.നെൽവയലിൽ കാണുന്നതിനാൽ നെല്ലിപ്പൂവ് എന്നും പേരുണ്ട്. ഹോർത്തൂസ് മലബാറിക്കൂസ്‌ എന്ന ഗ്രന്ഥത്തിൽ പരാമർശം.

mukkuttiമുക്കുറ്റി
ഒരു കൊച്ചുകളം തീർക്കാൻപോലും ഏറെ വേണ്ടിവരും മുക്കുറ്റിപ്പൂവ്. നാട്ടുപൂക്കളിലെ ഇത്തിരിക്കുഞ്ഞനായ മുക്കുറ്റി ആയുർവേദവിധിപ്രകാരമുള്ള ദശപുഷ്പങ്ങളിലൊന്നാണ്. അണുനാശകസ്വഭാവമുള്ള മുക്കുറ്റി കടന്നൽ, പഴുതാര എന്നിവയുടെ വിഷമകറ്റാനും ഉത്തമം. കാഴ്ചയിൽ തെങ്ങിന്റെ 'മിനിയേച്ചർ' എന്നു വിശേഷിപ്പിക്കാം മുക്കുറ്റിച്ചെടിയെ

kolambiകോളാമ്പിപ്പൂവ്
പൂക്കളത്തിൽ മഞ്ഞയുടെ വസന്തം തീർക്കുന്ന കേളാമ്പിപ്പൂക്കൾക്ക് ആ പേര് ലഭിച്ചത് സ്വന്തം രൂപത്തിൽനിന്നുതന്നെ.അപ്പോസൈനേസി എന്ന വലിയ സസ്യകുടുംബത്തിലെ അംഗം. പല നിറങ്ങളിൽ കാണപ്പെടുന്നുവെങ്കിലും നറുമണമുള്ള മഞ്ഞതന്നെ കൂട്ടത്തിൽ കേമൻ.

athiraniഅതിരാണി
സുന്ദരിപ്പൂവ്. ഒരു വ്യാഴവട്ടം മുമ്പുവരെ നമ്മുടെ കയ്പാടങ്ങളിലും ചതുപ്പുകളിലും പുൽമൈതാനങ്ങളുടെ അതിരുകളിലും സുലഭമായിരുന്നു അതിരാണി. വയലറ്റും പിങ്കും നീലയും ചേർന്ന സമ്മിശ്രവർണം പൂക്കളങ്ങൾക്ക് നൽകുന്നത് വേറിട്ട ഭംഗി. കലംപൊട്ടിയെന്നും പേരുണ്ട്. പരിസ്ഥിതിനാശത്തിന്റെ പ്രധാന ഇരകളിലൊന്ന്.

arippooഅരിപ്പൂവ്
പൂക്കളങ്ങൾക്ക് ഒരു 'മിക്സ്ചർ ലുക്ക്' നൽകും. കൊങ്ങിണിപ്പൂവെന്നും വേലിപ്പരുത്തിയെന്നും പേരുണ്ട്. മത്ത് പിടിപ്പിക്കുന്ന രൂക്ഷഗന്ധമാണ് പൂക്കൾക്ക്. ഒരു അധിനിവേശസസ്യമായി കണക്കാക്കുന്ന ഇതിന്റെ ചെടി മികച്ച പച്ചിലവളമാണ്. അരിപ്പൂക്കാടുകളിൽ പാമ്പുണ്ടാകുമെന്ന് പറഞ്ഞ് മുതിർന്നവർ കുട്ടികൾ അങ്ങോട്ടേക്ക് പോകുന്നത് വിലക്കാറുണ്ട്.

krishnakireetamകൃഷ്ണകിരീടം
ഹനുമാൻകിരീടം, പഗോഡ എന്നീ പേരുകളുമുണ്ട്. പൂക്കളങ്ങൾ നിറയ്ക്കുന്നതിനുപുറമെ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഉപയോഗിക്കുന്നു. മറ്റ് ഓണപ്പൂക്കൾ ശേഖരിക്കാൻ ഇതിന്റെ വലിപ്പംകൂടിയ ഇലകൾ ഉത്തമം. നിരവധി കുഞ്ഞുപൂക്കൾ ചേർന്ന പൂങ്കുലയായി കാണപ്പെടുന്നു.

shankupushpamശംഖുപുഷ്പം
അപരാജിതയെന്നും പേര്. മറ്റു പുഷ്പങ്ങളിൽനിന്ന്‌ ഭിന്നമായ രൂപമാണ് വ്യത്യസ്തമാക്കുന്നത്. വള്ളിച്ചെടിയാണ് ശംഖുപുഷ്പത്തിന്റേത്. നീല, വെള്ള വർണങ്ങളിൽ കാണുന്നു. 'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ...' എന്ന നിത്യഹരിതഗാനത്തിലൂടെ മലയാളിമനസ്സിൽ ചിരപ്രതിഷ്ഠ.

Thottavadiതൊട്ടാവാടി
പൂക്കളങ്ങളിൽ ഇളംവയലറ്റിന്റെ അപൂർവത സമ്മാനിക്കുന്നു. പെ​െട്ട​ന്ന് വാടിപ്പോകുമെന്നതാണ് പോരായ്മ.നാടൻപൂവ് എന്നതിലുപരിയായി മികച്ചൊരു ഔഷധം. അധിനിവേശസസ്യമെന്ന് വിശേഷണം.

Athamതെച്ചി
ചെത്തി, തെറ്റി, ചെക്കി എന്നീ പേരുകളുമുണ്ട്. കരവീരകം എന്നും വിളിക്കുന്നു. പൂക്കളങ്ങളിലെ സ്ഥിരസാന്നിധ്യം. ഉദ്യാനസസ്യങ്ങളിൽ പ്രധാനി. കാട്ടുതെച്ചി വൻ വിലയുള്ള ഔഷധമാണ്. പൂജാപുഷ്പം എന്ന നിലയിൽ ശ്രേഷ്ഠപദവി. കുറ്റിച്ചെടിയായും ചെറുമരമായും വളരുന്നു. നീണ്ട തണ്ടുകൾ ഇറുത്തുമാറ്റി കളങ്ങളിൽ നിരത്തിയാൽ പൂക്കളങ്ങൾക്കുണ്ടാകുന്നത് നക്ഷത്രശോഭ.
ഇവിടെ തീരുന്നതല്ല, നാട്ടുപൂക്കളുടെ നിര. സ്ത്രീകളുടെ കമ്മലിനോട് സാമ്യമുള്ള കമ്മൽപ്പൂവ്, പശപശപ്പുള്ള അളിപ്പൂവ്,പേരിൽതന്നെ രൂപവുമുള്ള പൂച്ചവാൽ, തീനാളം കണക്കെയുള്ള മേന്തോന്നി, കനകാംബരം, കാശിത്തുമ്പ, വട്ടപ്പലം....പൂവല്ലെങ്കിലും പൂക്കളങ്ങളിൽ സ്ഥാനം പിടിച്ചിരുന്ന ഒരു ഇലച്ചെടികൂടിയുണ്ട്, കൂട്ടത്തിൽ. പണ്ട് മതിലുകളിലും തിണ്ടുകളിലും മറ്റും സുലഭമായിരുന്ന, പച്ചനിറത്തിൽ തീർത്ത ലേസ് പോലുള്ള ശീവോതി. വടക്കെ മലബാറിൽ ചിലയിടങ്ങളിൽ അത്തം നാളിൽ പൂക്കൾക്കുപകരം ശീവോതി ഉപയോഗിച്ചാണ് 'പൂക്കള'മൊരുക്കുന്നത്.

പൂക്കളം വാണ് പകരക്കാർ
നാട്ടുപൂക്കളുടെ ക്ഷാമം കാരണം പൂക്കളങ്ങളിൽ ചെപ്പടിവിദ്യകൾ പ്രയോഗിക്കുന്ന പതിവ് പണ്ടുമുതലേയുണ്ട്. പാൽ പിഴിഞ്ഞെടുത്തതിനുശേഷം ബാക്കിയാവുന്ന തേങ്ങാപ്പീരയാണ് ഇതിൽ പ്രധാനി. 'റോബിൻ നീല'മുൾപ്പെടെ വിവിധ വർണങ്ങൾ മുക്കിയ തേങ്ങാപ്പീര കളംനിറയ്ക്കാൻ പണ്ട്  ഉപയോഗിച്ചിരുന്നു.    മരച്ചീനി തണ്ടിനുള്ളിലെ തെർമോകോളിന് സമാനമായ പൾപ്പ് വട്ടത്തിൽ നേർമയായി മുറിച്ച് പല വർണങ്ങളിൽ മുക്കിയും വർണവൈവിധ്യം തീർത്തു. നെൽപ്പാടങ്ങളിൽ സമൃദ്ധമായി വളർന്നിരുന്ന 'വരി' എന്ന സസ്യം പച്ചനിറത്തിലുള്ള പൂക്കളുടെ അഭാവം 'ഭംഗിയായി' പരിഹരിച്ചുപോന്നു. തെങ്ങിന്റെയും കവുങ്ങിന്റെയും പൂക്കൾ പൂക്കളാണെന്ന ന്യായേനയും ഉപയോഗപ്പെടുത്തി. പ്ലാസ്റ്റിക് പൂക്കളും ധാരാളമായി രംഗത്തെത്തി.പല വർണങ്ങളിലുള്ള ഇലച്ചെടികളായിരുന്നു മറ്റൊരു പകരക്കാരൻ.

ചുരമിറങ്ങി മറുനാടൻ പൂക്കൾ 
ജമന്തിയും ചെണ്ടുമല്ലി(ചെട്ടിപ്പൂവ്)യുമാണ് ഓണപ്പൂക്കളമൊരുക്കാൻ ആദ്യം ചുരമിറങ്ങിവന്ന മറുനാടൻ സുന്ദരികൾ. കുറ്റം പറയരുതല്ലോ, ഇരുവരും ഭംഗിയും നറുമണവും സമാസമം ചേർന്നവർ. പിന്തുടർന്ന് പല വർണങ്ങളിലുള്ള ജമന്തിപ്പൂക്കൾ വണ്ടികയറിവന്നെങ്കിലും മഞ്ഞജമന്തിയോളം പോന്നില്ല, അവയൊന്നും.ഡാലിയ, സീനിയ, അരളി, വാടാമല്ലി, ട്യൂബ് റോസ്,താമര, വിവിധയിനം റോസാപ്പൂക്കൾ തുടങ്ങി പൂക്കളോരോന്നായി നമ്മുടെ വിപണിയിൽനിരന്നു. ഓണക്കാലത്ത് വടക്കേ മലബാറിലേക്ക് പൂക്കളെത്തുന്ന പ്രധാന കേന്ദ്രമാണ് കർണാടക ചാമരാജ് നഗറിലെ ഗുണ്ടൽപേട്ട്. വൻകിട പെയിന്റ് നിർമാണക്കമ്പനികൾക്കുവേണ്ടിയാണ് ഇവിടെ പുഷ്പകൃഷി നടത്തുന്നതെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് തദ്ദേശിയരും പൂകൃഷിചെയ്തുവരുന്നുണ്ട്

പ്രതീക്ഷയുടെ മൊട്ടുകൾ
'പാടവരമ്പുകളിലെയും ഇടവഴികളിലെയും നാട്ടുപൂക്കളെല്ലാം തൊഴിലുറപ്പിന്റെ രക്തസാക്ഷികളായി'...പരിസ്ഥിതിസംഘടനയായ 'സീക്കി'ന്റെ സെക്രട്ടറി വി.പി.ബാലകൃഷ്ണൻ പറയുന്നു. പാടം, തോട്, കുളം, ചെങ്കൽകുന്ന്, കുന്നിൻചെരിവ്... ഇവിടങ്ങളായിരുന്നു നാട്ടുപൂക്കളുടെ ഈറ്റില്ലം. ഇവ ഇല്ലാതായതോടെ പൂക്കളും ഇല്ലാതായി. തൊഴിലുറപ്പ് പദ്ധതിപ്രകാരം വെട്ടിത്തെളിച്ച് 'വൃത്തിയാക്കിയ' തൊടികളെ പൂർവസ്ഥിതിയിലാക്കിയാൽ മാത്രമേ നാട്ടുപൂക്കളെ തിരികെക്കൊണ്ടുവരാനാകൂ'-അദ്ദേഹം പറഞ്ഞു. മാടായിപ്പാറയിൽ  ഈയിടെ ശ്ര​േദ്ധയമായ ഒരു പ്രതിഷേധസമരം നടന്നു. മാടായിപ്പാറ ജനകീയജൈവവൈവിധ്യ സംരക്ഷണകൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്‌. ഇവിടെ നീലപ്പരവതാനി വിരിച്ചുകിടക്കുന്ന കാക്കപ്പൂക്കൾക്കുനേരെയുള്ള ഇടപെടലിനെതിരെയായിരുന്നു പ്രതിഷേധം.  കാക്കപ്പൂക്കൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി രസിച്ച സമൂഹവിരുദ്ധർക്കുനേരെയുള്ള ശക്തമായൊരു മുന്നറിയിപ്പ്. ഇത്തരം ചെറുവിരലനക്കങ്ങളെങ്കിലും നമ്മുടെ നാട്ടുനൻമയെ അൽപകാലമെങ്കിലും സംരക്ഷിച്ചുനിർത്തുമെന്ന് പ്രത്യാശിക്കാം.