ഓണത്തിനും പതിവുപോലെ ഗള്‍ഫ് ചങ്ങാതിമാര്‍ എത്തിയിട്ടുണ്ട്. ആലുവാപ്പുഴയുടെ തീരത്ത്, ഞങ്ങള്‍ക്കു വേണ്ടി മാത്രം ഒഴിഞ്ഞുകിടക്കുന്ന ആ പറമ്പില്‍ ഇത്തവണ ഓര്‍മകള്‍ നിറയും. 

എന്റെ സമപ്രായക്കാരുടെ കൗമാരത്തിനു പിന്നാലെയാണ് കടുങ്ങല്ലൂരില്‍ പുതിയ കാലത്തിന്റെ ഓണാഘോഷങ്ങള്‍ വന്നത്. കേരളീയ യൗവനം എന്താഘോഷിക്കാനും മദ്യത്തെ കുടിയിരുത്തിത്തുടങ്ങിയ അക്കാലത്തു തന്നെയാണ് ഞങ്ങളുടെ അയല്‍ദേശമായ വൈപ്പിനില്‍ ചതയദിനത്തില്‍ വിഷമദ്യദുരന്തം അരങ്ങേറിയതും. കാലം പായുന്നു. ഇടവഴിത്തഴപ്പുകളില്‍ ഞങ്ങളുടെ കൗമാരങ്ങള്‍ക്കു നേരേ ബൊക്കെ നീട്ടിനിന്ന ഈടമുക്കിച്ചെടികളുടെ ഹൃദ്യമായ സുഗന്ധത്തിനു മുകളില്‍ ഓണാഘോഷം, മദ്യത്തിന്റെ കയ്പും ലഹരിയും വിളമ്പാന്‍ തുടങ്ങുന്നു.

ജോലി കിട്ടി ഞാന്‍ കോഴിക്കോട്ടേക്കു പോന്നിട്ടും ഈ നീണ്ട പത്തു വര്‍ഷക്കാലവും മുറതെറ്റാതെ ഓണമാഘോഷിക്കാന്‍ കടുങ്ങല്ലൂരിലെ പുഴക്കടവില്‍ ഉത്രാടരാത്രിയില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തുകൂടാറുണ്ട്. ഏഴുപേര്‍ അടങ്ങുന്ന ആ സംഘത്തിലെ പകുതിയിലേറെപ്പേര്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലാണ് ജോലി നോക്കുന്നത്. എങ്കിലും മുടങ്ങാതെ എല്ലാവരും വരുന്നു. കൂട്ടത്തില്‍ ഇളയവനാണ് കിശന്‍ എന്ന കൃഷ്ണകുമാര്‍. പുഴയോരത്തു തന്നെയാണ് അവന്റെ വീട്.

നാട്ടില്‍ത്തന്നെയാണ് അവനു ജോലി. അതുകൊണ്ട് മിക്കവാറും ആതിഥേയന്റെ വേഷം അവന്‍ ഏറ്റെടുക്കുന്നു. അയല്‍ഗ്രാമമായ മുപ്പത്തടത്തെ ശ്രീനിയേയും തൊട്ടയല്‍വീട്ടിലെ സുരയേയും ഒരുപോലെ അവന്‍ ചേര്‍ത്തുപിടിച്ചു. പഠിപ്പിലും ഉദ്യോഗത്തിലും കേമന്മാരായ ഞങ്ങളെ 'പത്താം ക്ലാസും ഗുസ്തിയു'മുള്ള കിശന്‍ നേര്‍ക്കുനേര്‍ നിന്ന് പരിഹസിച്ചു. 'എന്തൂട്ടാഡോ, മനുഷ്യന് മനസ്സിലാക്കാന്‍ പറ്റുംപോലെ എഴുതടോ' എന്ന് എന്റെ കഥകളെ വിമര്‍ശിച്ചു.

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക​

ഈ ഓണത്തിനും പതിവുപോലെ ഞങ്ങള്‍ ഏഴുപേരെയും പുഴയോരത്ത് ഒന്നിപ്പിക്കാന്‍ കിശന്‍ ശ്രമം തുടങ്ങിയിരുന്നു. കോഴിക്കോട് ഞാന്‍ വച്ച വീട്ടില്‍ അപ്രതീക്ഷിതമായി അവന്‍ കഴിഞ്ഞ മാസം ഒറ്റയ്ക്കു വന്നു. 'ഇനി വരാന്‍ പറ്റിയില്ലെങ്കിലോ? അതുകൊണ്ട് ഞാനിങ്ങ് പോന്നു!' എന്ന് എന്റെ വീട്ടുകാരിയോട് പറഞ്ഞ് ചിരിച്ചു.

കോഴിക്കോട്ടു നിന്നു മടങ്ങിയതിനു തൊട്ടുപിന്നാലെ ഒരു ദിവസം എറണാകുളത്തെ ചാറ്റല്‍മഴയില്‍ ബൈക്കു തെറ്റി ഒരു രാത്രിയില്‍ കിശന്‍ വീണു. 'നമ്മുടെ കിശന്‍ പോയി' എന്ന് ഫോണില്‍ കടുങ്ങല്ലൂരില്‍നിന്നു ഗോപു വിളിച്ചു പറഞ്ഞപ്പോള്‍ നാട്ടില്‍, കൂട്ടത്തില്‍ ബാക്കിയുണ്ടായിരുന്ന അവനും ഗള്‍ഫിലേക്കു പോയി എന്നു വിശ്വസിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.

ഈ ഓണത്തിനും പതിവുപോലെ ഗള്‍ഫ് ചങ്ങാതിമാര്‍ എത്തിയിട്ടുണ്ട്. ആലുവാപ്പുഴയുടെ തീരത്ത്, ഞങ്ങള്‍ക്കു വേണ്ടി മാത്രം ഒഴിഞ്ഞുകിടക്കുന്ന ആ പറമ്പില്‍ ഇത്തവണ ഓര്‍മകള്‍ നിറയും. അവിടെയാണ് ഞങ്ങളുടെ ഓണാഘോഷങ്ങള്‍ കോര്‍ക്കഴിഞ്ഞ് നുരഞ്ഞത്. വീര്യത്തിനു കൂട്ടുചേര്‍ക്കാന്‍ കരിക്കിന്‍വെള്ളം തന്നെ വേണമെന്ന് പറഞ്ഞ് അതാ കിശന്‍ തെങ്ങില്‍ കയറുന്നു. നാഥനാരെന്നറിയാത്ത ആ തെങ്ങില്‍നിന്ന് കിശന്റെ വിരലുകള്‍ കരിക്കുകള്‍ ഉതിര്‍ക്കുന്നു. സുരയുടെ വീട്ടില്‍നിന്നെടുത്ത ചില്ലു ഗ്ലാസുകളില്‍ കണ്ണിറുക്കിപ്പിടിച്ച് നിലാവില്‍ ലെവല്‍ നോക്കി നിറമുള്ള ദ്രാവകം നിറയ്ക്കുന്ന പണി എസ്.കെ. സന്തോഷിനാണ്. കരിക്കിന്റെ മൂടു ചെത്തുന്ന പണി എനിക്ക്. 

അപ്പോള്‍ പുഴയില്‍ വീണുകിടക്കുന്ന ചന്ദ്രനില്‍ മഗ്‌നരായി മിണ്ടാതിരിക്കുന്ന അനിയേയും വിക്രമനേയും നോക്കി കിശന്‍ ശകാരിക്കുന്നു: 'എന്തൂട്ടഡവേ, അടിച്ചുപൊളിക്കാനുള്ള സമയത്തും അവന്മാരുടെ നശിച്ച ഒരു മൂഡോഫ്!'

ഒരു മുഴുവന്‍രാത്രിയുടെ ഉറക്കച്ചടവും ക്ഷീണവുമായി തിരികെ കോഴിക്കോട്ടേക്ക് അടുത്ത രാത്രിയില്‍ തിരിക്കുമ്പോള്‍ യാത്രയാക്കാനും അവന്‍ കൂടെയുണ്ടാകും  ബസ്സിനോ തമിഴന്‍ ലോറിക്കോ കൈകാട്ടി എന്നെ കയറ്റിവിടാന്‍. കഴിഞ്ഞമാസം ചിതയിലേക്കെടുക്കും മുമ്പ് അവന്‍ എന്നെ കാത്തുകിടന്നു. കോഴിക്കോട്ടു നിന്ന് ഞാന്‍ എത്തുംവരെ അഴുകാതെ, സംയമനം പാലിച്ച്.

കുറ്റങ്ങളേയും കുറവുകളേയും മാറ്റിവച്ച്, എല്ലാ ദു:ഖങ്ങളേയും ആട്ടിപ്പായിച്ച് നമ്മള്‍ ആറേഴുപേര്‍ ഒത്തുകൂടാറുള്ള ഉത്രാടരാത്രിയില്‍ ഇത്തവണ നീയില്ല. നമ്മുടെ സംഘത്തിലെ എല്ലാവരും വിവാഹിതരായപ്പോള്‍ നീ മാത്രം ബാക്കിവന്നത് നിന്റെ പ്രായക്കുറവുകൊണ്ടാണെന്ന് ഞങ്ങള്‍ കരുതി. എല്ലാവരും ജോലിതേടി മറുനാടുകളില്‍ച്ചെന്നു കരപറ്റിയപ്പോള്‍ നീ മാത്രം അവശേഷിച്ചതിന് നിനക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ചെറിയൊരു മഴച്ചാറ്റലില്‍ തെറ്റി മരണത്തിനു പിടികൊടുത്തത് ഞങ്ങള്‍ക്കില്ലാത്ത എന്തോ അധികയോഗ്യത നിനക്കുള്ളതുകൊണ്ടാണെന്ന് ഞങ്ങള്‍ അറിയുന്നു.

എല്ലാവരേയും ഒന്നിപ്പിക്കുകയും എല്ലാവരിലും സന്തോഷം കണ്ടെത്തുകയും ചെയ്ത ഭംഗിയുള്ള ഒരു ചിരിയായി ഞങ്ങളില്‍ വിടര്‍ന്നവനായിരുന്നു കിശന്‍. ഈ ഓണത്തിനു കിശനില്ല. ഇനിയൊരിക്കലുമില്ല.

(മധ്യേയിങ്ങനെ എന്ന പുസ്തകത്തില്‍ നിന്ന്)