ണമെന്നാല്‍ വാമലതാഴ്വരയുടെ മണ്ണിലുള്ളവര്‍ക്ക് പ്രധാനം ഓണത്തല്ലാണ്. ഓണനാളുകളില്‍ തല്ലിന്റെ പൊടിപൂരമൊരുക്കിയുള്ള ഓണത്തല്ലും അവിട്ടത്തല്ലും പല്ലവസേനയുടെ നാടായ പല്ലശ്ശനയുടെ ദേശപ്പെരുമ വിളിച്ചോതും.

കേരളത്തില്‍ അപൂര്‍വമായുള്ള ഈ അനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ടെന്നോ നടന്ന പോര്‍വിളിയുടെ കാലംമായ്ക്കാത്ത ഓര്‍മകളുമായിട്ടാണ് ഓണത്തല്ല്. അനുഷ്ഠാനം കാക്കാന്‍ പല്ലശ്ശനയിലെ വിവിധദേശങ്ങളില്‍ ഒരുക്കങ്ങള്‍ തകൃതി.

പല്ലശ്ശനയുടെ നാട്ടുരാജാവായിരുന്ന കുറൂര്‍ നമ്പിടിയെ അയല്‍ നാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായര്‍ യുദ്ധത്തില്‍ ചതിച്ചുകൊന്നെന്നും ഇതില്‍ രോഷംപൂണ്ട ദേശവാസികള്‍ പ്രതികാരം തീര്‍ക്കാന്‍ ശത്രുരാജാവിനെതിരെ ഒരുമയോടെ പോര്‍വിളി നടത്തിയെന്നുമാണ് വിശ്വാസം. ഈ പോര്‍വിളിയുടെ വീരസ്മരണ പുതുക്കലാണ് ഓണത്തല്ലും അവിട്ടത്തല്ലും.

തിരുവോണംനാളില്‍ ഉച്ചകഴിഞ്ഞ് തല്ലുമന്ദത്തും പഴയകാവ് മൈതാനത്തും വിധിപ്രകാരം ഈവര്‍ഷവും തല്ല് നടക്കും. അവിട്ടംനാളില്‍ ഉച്ചകഴിഞ്ഞ് വേട്ടക്കൊരുമകന്‍ ക്ഷേത്രാങ്കണത്തിലാണ് തല്ല്. തിരുവോണസദ്യ കഴിഞ്ഞ് ഓണവെയില്‍ ചാഞ്ഞുതുടങ്ങുന്നതോടെ തല്ലിന്റെ ആരവങ്ങള്‍ക്ക് തുടക്കമാകും.

ആദ്യനാളില്‍ തല്ലുമന്ദത്ത് നടക്കുന്ന ഓണത്തല്ലില്‍ ഒരുകുടി, ഏഴുകുടി സമുദായങ്ങളിലെ ആരോഗ്യവാന്മാരായ പുരുഷന്മാരാണ് ഇറങ്ങുക. പിറ്റേന്നുള്ള അവിട്ടത്തല്ലിന് കിഴക്കുമുറി, പടിഞ്ഞാറെമുറി നായര്‍ദേശക്കാര്‍ കച്ചകെട്ടി തല്ലിനിറങ്ങും.

തിരുവോണംനാളില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രാങ്കണത്തില്‍ കുട്ടികളുടെ നേര്‍ച്ചത്തല്ലും പഴയകാവ് ക്ഷേത്രാങ്കണത്തില്‍ മന്നാടിയാര്‍ സമുദായത്തിന്റെ ഓണത്തല്ലും വിധിപ്രകാരം നടക്കും. പഴയകാവില്‍ നടക്കുന്ന തല്ലില്‍ കിഴക്കുമുറി, പടിഞ്ഞാറെമുറി മന്നാടിയാര്‍ ദേശക്കാരാണ് പങ്കെടുക്കുന്നത്.

പല്ലശ്ശനദേശത്തിലെ സ്ത്രീകളുടെ ആണ്‍മക്കള്‍ക്കാണ് തല്ലിനിറങ്ങാനുള്ള അവകാശം. വിധിപ്രകാരം കച്ചകെട്ടി, ഭസ്മം ധരിച്ച്, പൊന്തിയുടെ അകമ്പടിയോടെ നിരയോട്ടം നടത്തിയശേഷമാണ് ആചാരം കാത്തുകൊണ്ടുള്ള തല്ല് നടത്തുന്നത്.