Onamആലപ്പുഴ: പൊട്ടാസ് പൊട്ടിച്ച് നാട്ടുവഴികളില്‍ കുട്ടികൂട്ടങ്ങള്‍ ഓണവരവ് അറിയിച്ചിരുന്ന ഒരുകാലം. പൂക്കളമിട്ട വീടുകളോടുചേര്‍ന്ന പാടങ്ങളില്‍ കറ്റമെതിക്കുന്നത് കാണാം. പത്തോണമുണ്ണാനെങ്കിലും എല്ലാരും കണ്ടത്തില്‍ പണിയെടുത്തിരുന്ന കാലം. കൊയ്ത്ത് മെതിക്കളങ്ങളില്‍ ആണാളും പെണ്ണാളും ഒന്നിച്ച് അധ്വാനം കൂലിയായി നെല്ല് അളന്ന് വാങ്ങും. അങ്ങനെ കിട്ടുന്ന കൂലിനെല്ലാണ് ഓണ നെല്ല്.

തവിട് അധികം നഷ്ടമാകാതെ നെല്ലുകുത്തിയെടുക്കാലാണ് പെണ്ണുങ്ങളുടെ പണി. പുഴുങ്ങിക്കുത്തും ഉണക്കിക്കുത്തും ഉണ്ട്. വലിയ അരി ചോറിനും പൊടിയരി കഞ്ഞിക്കും മാറ്റിവെയ്ക്കും. പുന്നെല്ല് കുത്തിയെടുത്ത അരി മാത്രമെ അന്ന് പത്തുനാളും വയ്ക്കൂ. തിരുവോണസദ്യയ്ക്ക് പുന്നെല്ലരി കിട്ടാത്തവര്‍ അയലത്തുനിന്ന് വാങ്ങും.

പുന്നെല്ലരി വേവുമ്പോള്‍ സുഗന്ധമാണ്. പുന്നെല്ലിന്റെ വലിയ കതിരുകള്‍ വരാന്തയിലോ ഉമ്മറത്തോ കെട്ടിത്തൂക്കും. അടുത്ത ഓണംവരെ അത് ഐശ്വര്യത്തിന്റെ അടയാളമാണ്. തിരുവോണമുണ്ണാനെങ്കിലും ആരുമന്ന് അരി കടയില്‍നിന്ന് വാങ്ങിയിരുന്നില്ല. കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല എന്ന ഓണവരികള്‍പോലും നാട്ടുനെല്ലിന്റെ മാഹാത്മ്യമാണ് വിളിച്ചോതിയിരുന്നത്.