തിരുവനന്തപുരം: കര്‍ക്കടകത്തിലെ ഇല്ലം നിറയുടെ ഭാഗമായ നിറപുത്തരി ബുധനാഴ്ച. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മറ്റ് ക്ഷേത്രങ്ങളിലും 15-ന് രാവിലെ ആറിനും 6.3-നുമിടയില്‍ നിറപുത്തരി ചടങ്ങുകള്‍ നടക്കും. ക്ഷേത്രങ്ങളില്‍ വിതരണം ചെയ്യുന്ന നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങി ഭക്തര്‍ വീടുകളിലും നിറയ്ക്കും.

 കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമാണ് നിറപുത്തരി. കര്‍ക്കടകത്തിലെ പഞ്ഞം മാറ്റി വീടുകള്‍ കതിര്‍ക്കറ്റ കൊണ്ടുവന്ന് നിറയ്ക്കുന്നതിനൊപ്പം പൊന്നിന്‍ ചിങ്ങത്തിന്റെ വരവറിയിക്കുന്നതും നിറപുത്തരിയുടെ ചടങ്ങാണ്. വയലില്‍ ആദ്യം വിളയുന്ന നെല്ല് ക്ഷേത്രങ്ങളിലും എത്തിച്ച് നിറയ്ക്കുന്നു. പുന്നെല്ലിന്റെ പായസവും ക്ഷേത്രങ്ങളില്‍ നിവേദിക്കാറുണ്ട്.

പാടവും കൃഷിയുമുണ്ടായിരുന്ന കാലത്ത് വീടുകളിലും നിറപുത്തരി നടത്തിയിരുന്നു. രാവിലെ പാടത്തു നിന്നും എത്തിക്കുന്ന കതിര്‍ക്കറ്റകള്‍ക്കൊപ്പം നായുരുവി, ഉഴിഞ്ഞ, പാല്‍വള്ളി, പ്ലാവിന്റെ ഇല എന്നിവയും വീടിന് മുന്നിലെ പീഠത്തില്‍ വയ്ക്കും. ഇവയ്ക്ക് ദീപമുഴിഞ്ഞ ശേഷം ഗൃഹനാഥനോ, കുട്ടികളോ വീടിനുള്ളിലേക്ക് കൊണ്ടുപോകും. ഇവ പൂമുഖത്തെയും പൂജാമുറിയിലെയും മച്ചില്‍ കെട്ടിത്തൂക്കുന്നതാണ് പതിവ്. ഒരുവര്‍ഷത്തെ കാര്‍ഷിക സമൃദ്ധിയാണ് നിറപുത്തരിയിലൂടെ ഉദ്ദേശിക്കുന്നത്.
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ 5.30നും 6.30നുമിടയില്‍ നിറപുത്തരി നടക്കും. ഇതിനുള്ള കതിര്‍ക്കറ്റകള്‍ കരമന നെടുങ്കാടുള്ള കൃഷിഫാമില്‍ നിന്നും തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിച്ചു. ഇവ പുറത്തുള്ള തന്ത്രിമഠത്തില്‍ സൂക്ഷിക്കും. ബുധനാഴ്ച രാവിലെ പദ്മതീര്‍ഥക്കരയിലെ മണ്ഡപത്തിലെത്തിക്കുന്ന കതിര്‍ക്കറ്റകള്‍ ആചാരപൂര്‍വം അകത്തെഴുന്നെള്ളിക്കും. മേയര്‍ വി. കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെത്തിച്ച കറ്റകള്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍ ഏറ്റുവാങ്ങി.